Connect with us

Kerala

പിള്ള യു ഡി എഫിന് പുറത്ത്‌

Published

|

Last Updated

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയെ മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ ഇന്നലെ ചേര്‍ന്ന യു ഡി എഫ് യോഗം തീരുമാനിച്ചു. മുന്നണിക്കുള്ളില്‍ നിന്നുകൊണ്ട് തുടര്‍ച്ചയായി അച്ചടക്കലംഘനം നടത്തുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് യോഗത്തിന് ശേഷം കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു.

ബാര്‍ ഹോട്ടല്‍ ഉടമ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശുമായി ആര്‍ ബാലകൃഷ്ണപിള്ള നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് ശേഷം ചേര്‍ന്ന യു ഡി എഫ് യോഗം ആര്‍ ബാലകൃഷ്ണപിള്ളയോട് അച്ചടക്കലംഘനം അവസാനിപ്പിക്കണമെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അദ്ദേഹം ഖേദം പ്രകടിപ്പിച്ചില്ലെന്ന് മാത്രമല്ല, ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പിള്ളക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. പിള്ളയെ മുന്നണി യോഗത്തില്‍ വിളിക്കേണ്ടതില്ലെന്നും പരിപാടികളില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനിച്ചു. മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് അദ്ദേഹം നല്‍കിയ കത്തിനെക്കുറിച്ചും മറ്റും അടുത്ത യോഗത്തില്‍ തീരുമാനമെടുക്കും.
സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സഭയില്‍ ഗണേഷ്‌കുമാറിന്റെ വോട്ട് ഭരണപക്ഷത്തിന് പ്രതികൂലമായി മാറില്ലേയെന്ന ചോദ്യത്തിന്, ഒരു വോട്ടിന് വേണ്ടി യു ഡി എഫിന് നിലപാട് മാറ്റാനാകില്ലെന്നായിരുന്നു തങ്കച്ചന്റെ മറുപടി. ബജറ്റ് അവതരിപ്പിക്കുന്ന കെ എം മാണിക്കെതിരെ ഇടതു മുന്നണി ഉയര്‍ത്തിയിരിക്കുന്ന പ്രതിഷേധത്തെ നേരിടുന്നത് സംബന്ധിച്ച് യോഗം പ്രമേയം പാസാക്കി. ഭൂരിപക്ഷമുള്ള സര്‍ക്കാറിനെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രമേയത്തില്‍ കുറ്റപ്പെടുത്തി.
സര്‍ക്കാറിന് ബജറ്റ് അവതരിപ്പിച്ചേ മതിയാകൂ. ബജറ്റിനെക്കുറിച്ച് മൂന്ന് ദിവസം സഭയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ആ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന് പ്രതിഷേധം ഉന്നയിക്കാം. അതിനുമുതിരാതെ ബജറ്റ് അവതരണം തടയുമെന്നത് ധിക്കാരപരമായ നിലപാടാണ്. ഇത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
എസ് എസ് എല്‍ സി അടക്കമുള്ള പരീക്ഷ നടക്കുന്ന സമയത്താണ് ഇടതുപക്ഷം പ്രതിഷേധസമരം സംഘടിപ്പിച്ചിരിക്കുന്നത്. റോഡുകളും വാഹനഗതാഗതവും തടയാനുള്ള തീരുമാനം കുട്ടികളുടെ ഭാവിയെ ബാധിക്കും. അക്കാര്യം പരിഗണിച്ച് സമരത്തില്‍ നിന്ന് ഇടതുപക്ഷം പിന്മാറുകയാണ് വേണ്ടത്. എന്തൊക്കെയായാലും പ്രതിപക്ഷത്തി ന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നും കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു.

Latest