Connect with us

Kerala

കാലിക്കറ്റ് സര്‍വകലാശാല: എസ് എഫ് ഐ സമരം പിന്‍വലിച്ചു

Published

|

Last Updated

തേഞ്ഞിപ്പലം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ നടത്തിവന്ന സമരം പിന്‍വലിച്ചു. വൈസ് ചാന്‍സിലറുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍വകലാശാല അധികൃതര്‍ അംഗീകരിച്ചതായി എസ് എഫ് ഐ നേതാക്കള്‍ അറിയിച്ചു. കഴിഞ്ഞ 147 ദിവസമായി നടത്തിവന്ന സമരത്തിനാണ് പരിസമാപ്തിയായത്.

തങ്ങളുടെ പ്രധാന ആവശ്യമായ സ്വാശ്രയ, കായിക വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് മാറ്റാമെന്നത് വി സി അംഗീകരിച്ചതായി എസ് എഫ് എെ നേതാക്കള്‍ അറിയിച്ചു. ഇവര്‍ക്കായി യൂണിവഴ്സിറ്റിയില്‍ പുതിയ ഹോസ്റ്റല്‍ പണിയാമെന്നും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്ക് വൈസ് ചാന്‍സലര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

അതിനിടെ, എസ് എഫ് ഐയുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് വിസിയുടെ വസതി ഉപരോധിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഉപരോധക്കാര്‍ക്കെതിരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് സംഘര്‍ഷത്തില്‍ എത്തിയത്. തുടര്‍ന്ന് എസ് എഫ് ഐ – എം എസ് എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇതേതുടര്‍ന്ന് പോലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.

സ്പീക്കറുടെ നിര്യാണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ചര്‍ച്ച ഇന്ന് നടക്കുമെന്ന് അറിയിച്ചതനുസരിച്ച് എസ് എഫ് ഐ നേതാക്കള്‍ രാവിലെ ക്യാമ്പസിലെത്തിയിരുന്നു. അപ്പോള്‍ അവിടെ വി എസിയോ മറ്റു അധികാരികളോ ഉണ്ടായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം.

Latest