സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനം തുടരുന്നു

Posted on: March 9, 2015 9:32 pm | Last updated: March 9, 2015 at 9:32 pm
SHARE

g karthikeyanഅബുദാബി: നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ വേര്‍പാടില്‍ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അനുശോചിച്ചു. കോണ്‍ഗ്രസ്സിനകത്തെ അരുതായ്മകള്‍ക്കെതിരെ എക്കാലവും നിലകൊണ്ട ജി കാര്‍ത്തികേയന്‍ മാനുഷിക മൂല്യങ്ങള്‍ പരിരക്ഷിക്കുക്കുകയും വ്യക്തിത്വം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതിനു വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച നേതാവായിരുന്നുവെന്ന് കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം യു വാസു, ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
ദുബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേരള നിയമ സഭാ സ്പീക്കറുമായിരുന്ന ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ദുബൈയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തി. എന്‍ ആര്‍ മായിന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ എന്‍ പി രാമചന്ദ്രന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജേക്കബ് ജോര്‍ജ്, ദിലീപ് ഇബ്‌റാഹീം, ബാബു പീതാംബരന്‍, കെ പി ശിവകുമാര്‍, സി പി പത്മനാഭന്‍, ചന്ദ്രന്‍ മുല്ലപ്പള്ളി, ഉദയ വര്‍മ്മ, അഡ്വ. മുസ്തഫ, അക്ബര്‍ അലി, എം എന്‍ രവീന്ദ്രന്‍, ടോജി, ജോണ്‍ മാത്യു, ജലീല്‍ സംസാരിച്ചു.
റാസല്‍ഖൈമ: സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി കാര്‍ത്തികേയന്റെ വിയോഗം കോണ്‍ഗ്രസ് പ്രസ്താനത്തിനും കേരള രാഷ്ട്രീയത്തിനും സാഹിത്യ-സാംസ്‌കാരിക രംഗത്തും കനത്ത നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നതെന്ന് ഒ ഐ സി സി. യു എ ഇ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ബേബി തങ്കച്ചന്‍ അഭിപ്രായപ്പെട്ടു.
അബുദാബി: സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ വിയോഗത്തില്‍ മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം അനുശോചനം രേഖപ്പെടുത്തി. ഡോ. മനോജ് പുഷ്‌ക്കര്‍ ഉദ്ഘാടനം ചെയ്തു.
അബുദാബി: കേരള നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് പി ബാവ ഹാജി, ജനറല്‍ സെക്രട്ടറി അഡ്വ. കെ വി മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ ശുക്കൂറലി കല്ലുങ്ങല്‍ മാനേജിംഗ് കമ്മിറ്റിംയംഗങ്ങളും അനുശോചനം രേഖപ്പെടുത്തി.
ദുബൈ: കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തിന് കനത്ത നഷ്ടമാണ് ജി കാര്‍ത്തികേയന്റെ വിയോഗം മൂലം സംഭവിച്ചിരിക്കുന്നതെന്നു വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപറമ്പില്‍, പ്രസിഡന്റ് ജോണി കുരുവിള എന്നിവര്‍ അഭിപ്രായപ്പെട്ടു.
ഷാര്‍ജ: കേരള നിയമസഭ സ്പീകര്‍ ജി .കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി അംഗവും ദുബൈ സംസ്‌കൃതി ചെയര്‍മാനുമായ അഡ്വ. ടി കെ ഹാഷിക് അനുശോചനം രേഖപ്പെടുത്തി. ഷാര്‍ജ ഒ ഐ സി സി പ്രസിഡന്റ് മുഹമ്മദ് ജാബിര്‍ അനുശോചിച്ചു.