ശിഷ്ടകാലത്തേക്ക് കരുതുന്നതില്‍ 75 ശതമാനം പ്രവാസികളും പരാജയം

Posted on: March 9, 2015 9:09 pm | Last updated: March 9, 2015 at 9:09 pm
SHARE

PRAVASIKALഅബുദാബി: വിവിധ മേഖലകളില്‍ നിന്ന് വരമിച്ച ശേഷം ശിഷ്ട ജീവിതം നയിക്കാന്‍ സമ്പാദ്യം മാറ്റിവെക്കുന്നതില്‍ 75 ശതമാനം പ്രവാസികളും പരാജയപ്പെടുന്നതായി സര്‍വെ. യു എ ഇയില്‍ താമസിക്കുന്നവരില്‍ 94 ശതമാനത്തിനും സാമ്പത്തിക പ്രശ്‌നങ്ങളുണ്ട്. ഇത് അവരെ മാനസികമായി തളര്‍ത്തുകയാണെന്നും മാധ്യമ സ്ഥാപനമായ ദ നാഷനല്‍ രാജ്യാന്തര ഗവേഷണസ്ഥാപനമായ യുഗോവുമായി സഹകരിച്ച് നടത്തിയ സര്‍വെ വെളിപ്പെടുത്തുന്നു.
സര്‍വേയില്‍ പങ്കെടുത്ത സര്‍വീസില്‍ നിന്ന് വിരമിക്കാറായവരില്‍ 69 ശതമാനവും ശിഷ്ട ജീവിതം നയിക്കാന്‍ ഒരു ദിര്‍ഹം പോലും മാറ്റിവെക്കാന്‍ സാധിച്ചിട്ടില്ലെന്നും വെളിപ്പെടുത്തുന്നു. രാജ്യത്ത് ജീവിക്കുന്ന സ്വദേശികളിലും പ്രവാസികളിലും 25 ശതമാനവും ലഭിക്കുന്ന ശമ്പളം പൂര്‍ണമായും ചെലവഴിക്കുന്നവരാണ്. ശമ്പളമായി ലഭിക്കുന്ന തുകയില്‍ നിന്ന് ഒരു ദിര്‍ഹം പോലും ഇവര്‍ക്ക് നീക്കിയിരിപ്പുണ്ടാവുന്നില്ല. ഇത്തരം നിലപാട് ഉപേക്ഷിക്കണമെന്നാണ് സാമ്പത്തിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ഈ മനോഭാവം കടുത്ത വിഷമം ഉണ്ടാക്കുന്ന കാര്യമാണെന്ന് എ ഇ എസ് ഇന്റര്‍നാഷനല്‍ ഗ്ലോബല്‍ വെല്‍ത്ത് മാനേജ്‌മെന്റിലെ ക്ലൈന്റ് അഡ്‌വൈസര്‍ ജസിക്ക കുക്ക് അഭിപ്രായപ്പെട്ടു. നേരത്തെ ഒരു നിശ്ചിത തുക നീക്കിവെക്കുന്നത് ശീലമാക്കിയാല്‍ ശിഷ്ടകാലത്തെ ജീവിതത്തില്‍ വന്നു ചേര്‍ന്നേക്കാവുന്ന രോഗം ഉള്‍പ്പെടെയുള്ള അവസ്ഥകളെ വിജയകരമായി നേരിടാന്‍ സാധിക്കും. താമസിച്ചാണ് തുക മാറ്റിവെക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ വലിയൊരു തുക ഇതിനായി വേണ്ടിവന്നേക്കും. എല്ലാവരും ലഭിക്കുന്ന ശമ്പളത്തിന്റെ ഒരു നിശ്ചിത തുക മാസാമാസം മാറ്റിവെച്ചാല്‍ ജീവിതം എക്കാലത്തും വലിയ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കും. വിരമിച്ച ശേഷവും ദീര്‍ഘകാലം ജീവിക്കണമെങ്കില്‍ പണം കൂടിയേ തീരൂ. വിരമിച്ച ശേഷം അസുഖങ്ങള്‍ വരുകയും അവയെ ഫലപ്രദമായി ചികിത്സിക്കാന്‍ പണം ഉണ്ടാവാതിരിക്കുകയും ചെയ്താല്‍ പലപ്പോഴും രോഗത്തിനും മരണത്തിനും പെട്ടെന്ന് കീഴടങ്ങേണ്ടതായി വന്നേക്കാമെന്നും ജസിക്ക മുന്നറിയിപ്പ് നല്‍കുന്നു.
1,104 ആളുകളാണ് സര്‍വേയോട് പ്രതികരിച്ചത്. സമ്പാദ്യം, തൊഴില്‍, സുരക്ഷിതത്വം എന്നിവയെ ആസ്പദമാക്കിയായിരുന്നു സര്‍വേ നടത്തിയത്. 50 ശതമാനത്തിന്റെയും സമ്പാദ്യം മാസ ശമ്പളത്തിന്റെ 20 ശതമാനത്തിനു താഴെയായിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഒഴികെ യു എ ഇയില്‍ താമസിക്കുന്ന എല്ലാ രാജ്യക്കാരുടെയും സ്ഥിതി ഇതാണ്. അമേരിക്കയും യൂറോപ്പും ഉള്‍പ്പെട്ട പടിഞ്ഞാറന്‍ നാടുകളില്‍ നിന്നുള്ളവരാണ് സമ്പാദ്യ ശീലത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
ഒട്ടുമിക്ക പ്രവാസികളും സമ്പാദ്യത്തെക്കാള്‍ ആഡംബരത്തിലാണ് ശ്രദ്ധിക്കുന്നതെന്ന് സാമ്പത്തിക ഉപദേഷ്ടാവായ ടിം ടെന്റണ്‍ പറഞ്ഞു. മിക്കവരും യു എ ഇക്ക് വരുന്നത് മെച്ചപ്പെട്ട സാമ്പത്തിക അവസ്ഥയില്‍ എത്തണമെന്ന ലക്ഷ്യത്തോടെയാണെങ്കിലും പിന്നീട് ഈ ലക്ഷ്യത്തില്‍ നിന്നു മാറി ആഡംബരങ്ങളുടെ പിന്നാലെ പോകുന്നതാണ് കാണാന്‍ സാധിക്കുന്നത്. പലരും വീട്ടില്‍ ഒരു പാചകക്കാരിയെ നിയമിക്കാന്‍ പോലും ശ്രമിക്കാതെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നത് തനിക്ക് അറിയാമെന്നും ടോം വെളിപ്പെടുത്തുന്നു. ഏറ്റവും ആധുനികമായ ആഡംബര കാര്‍ ഉള്‍പ്പെടെയുള്ളവക്കായാണ് ഈ വിഭാഗം പണം ചെലവഴിക്കുന്നത്.
ശിഷ്ടകാല ജീവിതത്തിനായി തുക മാറ്റിവെക്കാന്‍ ശ്രമിക്കാതിരുന്നാല്‍ ജീവിതം നരകമായി മാറുമെന്ന് ഇത്തരക്കാര്‍ ഓര്‍ക്കാറില്ല. വാര്‍ധക്യത്തില്‍ വീടുകാരുടെയോ ബന്ധുക്കളുടെയോ കനിവില്‍ ജീവിക്കേണ്ട ഗതികേടാവും ഇത്തരക്കാരെ കാത്തിരിക്കുകയെന്നും ഇദ്ദേഹം താക്കീത് നല്‍കുന്നു.
30 വയസിനുമുമ്പ് 10 പേരില്‍ രണ്ടുപേര്‍ മാത്രമാണ് സമ്പാദ്യത്തെക്കുറിച്ച് ആലോചിക്കുന്നത്. 40 വയസിനും 49 വയസിനും ഇടയിലുള്ളവരില്‍ 25 ശതമാനത്തോളമാണ് ശിഷ്ട ജീവിതത്തിനായി ശമ്പളത്തിന്റെ ഒരു ഭാഗം മാറ്റിവെക്കാനാണ് ആഗ്രഹിക്കുന്നത്. ഇത്തരക്കാര്‍ 50 മുതല്‍ 59 ശതമാനം വരെ മാറ്റിവെക്കാനാണ് ശ്രമിക്കുന്നതെന്നും ടോം വിശദീകരിച്ചു.