Connect with us

Gulf

പെയിന്റ് ഉപയോഗിക്കുമ്പോള്‍ ഓര്‍ക്കേണ്ടത് വിജയ് എസ് നായരെ

Published

|

Last Updated

ഷാര്‍ജ: ലോകത്തിന്റെ ഏത് ഭാഗത്തായാലും നിങ്ങള്‍ പെയിന്റ് ഉപയോഗിക്കുമ്പോഴും പുസ്തകം വായിക്കുമ്പോഴും തീപ്പെട്ടി ഉരക്കുമ്പോഴും മറ്റും മലയാളിയായ വിജയ് എസ് നായരെ ഓര്‍ക്കേണ്ടിവരും. പെയിന്റിനടക്കം ഉപയോഗിക്കുന്ന പോളിമര്‍ നിര്‍മിക്കുന്ന, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാക്ടറികളിലൊന്ന് റാന്നി സ്വദേശിയായ വിജയ് നായര്‍ ഷാര്‍ജ ഹംരിയ ഫ്രീസോണില്‍ സ്ഥാപിച്ചു. വീസെന്‍ പോളിമെര്‍സ് എന്ന പേരിലുള്ള ഫാക്ടറി ഏപ്രില്‍ ആദ്യവാരത്തില്‍ ഉല്‍പാദനം തുടങ്ങും.
18.7 കോടി ദിര്‍ഹം ചിലവ് ചെയ്ത് 78,000 ചതുരശ്ര മീറ്ററില്‍ നിര്‍മിച്ച ഫാക്ടറി മധ്യപൗരസ്ത്യ ദേശത്തെയും ആഫ്രിക്കയിലെയും ഏറ്റവും വലുതാണെന്ന് വിജയ് നായര്‍ പറഞ്ഞു. ഇതിന്റെ ഉദ്ഘാടനം ഹംരിയ ഫ്രീസോണ്‍ അതോറിറ്റി സീപോര്‍ട്ട്‌സ് ആന്‍ഡ് കസ്റ്റംസ് ഡിപ്പാര്‍ടുമെന്റ് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.
താരാപൂര്‍, സില്‍വാസ, ജമ്മു എന്നിവിടങ്ങളില്‍ വീസെന്‍സിന് ഫാക്ടറികളുണ്ട്. ഇന്ത്യയിലെ ഏറ്റവും വലുത് ചെന്നൈയില്‍ ഏതാനും മാസങ്ങള്‍ക്കകം ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ പെയിന്റിംഗ് ഫാക്ടറികളിലേക്കും ശിവകാശി അടക്കമുള്ള അച്ചടി ശാലകളിലേക്കും തുണി ഫാക്ടറികളിലേക്കും പോളിമര്‍ വിതരണം ചെയ്യുന്നത് വീസെന്‍സാണ്. മധ്യപൗരസ്ത്യദേശങ്ങളിലെ പല ഫാക്ടറികളില്‍ നിന്നും ആവശ്യം വന്നപ്പോഴാണ് ചെയര്‍മാന്‍ വിജയ് നായര്‍ ഷാര്‍ജയില്‍ ഒരു ഫാക്ടറിയെക്കുറിച്ച് ആലോചിച്ചത്. 1995ലാണിത്. അതിനുവേണ്ടി അദ്ദേഹം ഷാര്‍ജ ഫ്രീസോണ്‍ സന്ദര്‍ശിച്ചത്. അതേ ദിവസം തന്നെ നാലുമണിക്കൂറിനകം സ്ഥലവും പാരിസ്ഥിതികാനുമതിയും ലഭ്യമായി.
തുറമുഖത്തിനു സമീപം തന്നെ ഫാക്ടറിക്കു സ്ഥലം ലഭിച്ചത് അസംസ്‌കൃത വസ്തുക്കള്‍ കൊണ്ടുവരല്‍ എളുപ്പമാക്കി. തുറമുഖത്തു നിന്ന് ഫാക്ടറിയിലേക്ക് നേരിട്ട് പൈപ്പ് സ്ഥാപിച്ചു. ഇതിനിടയില്‍ ആഗോള സാമ്പത്തിക മാന്ദ്യം വന്നത് ഫാക്ടറി നിര്‍മാണത്തിന്റെ ഗതിവേഗം കുറച്ചു. എന്നാല്‍, ഹംരിയ ഫ്രീസോണ്‍ അധികൃതരുടെ പ്രോത്സാഹനം കാരണം ഈ വര്‍ഷം പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.
പ്രതിവര്‍ഷം 1.2 ലക്ഷം മെട്രിക് ടണ്‍ പോളിമര്‍ ഇവിടെ ഉല്‍പാദിപ്പിക്കും. മേഖലയിലെ ഏറ്റവും വലുതാണിത്. പ്രതിവര്‍ഷം മൂന്നുലക്ഷം മെട്രിക് ടണ്‍വരെ ഉല്‍പാദിപ്പിക്കാനുള്ള സ്ഥല സൗകര്യം കമ്പനിക്കുണ്ടെന്ന് വിജയ് എസ് നായര്‍ പറഞ്ഞു.
1985ല്‍ മുംബൈയിലാണ് ആദ്യമായി വിസെന്‍ പോളിമെഴ്‌സ് സ്ഥാപിച്ചത്. ഏഷ്യന്‍ പെയിന്റ്‌സ്, ബെര്‍ഗെര്‍, നെരോലാക്, ജോതന്‍ തുടങ്ങിയ കമ്പനികള്‍ക്ക് പോളിമര്‍ നല്‍കുന്നു. കേരളത്തിലെ മിക്ക പെയിന്റിംഗ് കമ്പനികളും വീസെന്റെ ഉപഭോക്താക്കളാണ്- അദ്ദേഹം അറിയിച്ചു.
ഷാര്‍ജ ഫ്രീസോണ്‍ ഡയറക്ടര്‍ സഊദ് സാലിം അല്‍ മസ്‌റൂയി, സീ പോര്‍ട്ട്‌സ് ആന്‍ഡ് കസ്റ്റംസ് ഡയറക്ടര്‍ മുഹമ്മദ് മീര്‍ അല്‍സറ തുടങ്ങിയവര്‍ ഫാക്ടറി സന്ദര്‍ശിച്ചു.