ശൈഖ് ഹംദാന്റെ പ്രാപ്പിടയന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ തരംഗമാവുന്നു

Posted on: March 9, 2015 8:55 pm | Last updated: March 9, 2015 at 8:55 pm
SHARE

Untitled-1 copyദുബൈ: ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പ്രാപ്പിടിയന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ തരംഗമാവുന്നു. ക്യാമറ ഘടിപ്പിച്ച പ്രാപ്പിടിയനെയാണ് ഡ്രോണിനകത്തെ കൂട്ടില്‍ നിന്നു താഴേക്ക് വിടുന്നത്. ബുര്‍ജ് അല്‍ അറബിന്റെ സമീപത്തു നിന്നാണ് പ്രാപ്പിടിയനെ പുറത്തുവിടുന്നത്. ബുര്‍ജ് അല്‍ അറബിന്റെ മുകള്‍പ്പരപ്പും ഹെലിപ്പാഡുമെല്ലാം കാണുന്ന വീഡിയോയില്‍ ദുബൈ നഗരത്തിന്റെ നല്ലൊരു ഭാഗവും ഉള്‍പെടുന്നുണ്ട്. താഴെയുള്ള ദുബൈ മെട്രോ സ്‌റ്റേഷന്‍ അടക്കമുള്ള കാഴ്ചകളും ഇതില്‍ പതിഞ്ഞിട്ടുണ്ട്.

അഞ്ചു ദിവസത്തിനകം ഒരു ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. പ്രാപ്പിടിയന്റെ കണ്ണിലൂടെയുള്ള ബുര്‍ജ് അല്‍ അറബ് കാഴ്ചയെന്നാണ് ഇതേക്കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ ശൈഖ് ഹംദാന്‍ നല്‍കിയ തല വാചകം. 14ന് ഇതിലും വലിയ കാഴ്ച കാണാമെന്നും ശൈഖ് ഹംദാന്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഈ വീഡിയോ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ ഫ്രീഡം കണ്‍സര്‍വേഷനും യുട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മാസം 14ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ നിന്നു ക്യാമറ ഘടിപ്പിച്ച പ്രാപ്പിടിയനെ പറത്തുന്നതിന്റെ മുന്നോടിയായാണ് ഇത്തരം ഒരു ഉദ്യമം. ലോകത്തില്‍ ആദ്യമായാണ് ക്യാമറയുമായി പ്രാപ്പിടിയന്‍ പറന്നു നഗരക്കാഴ്ച ഒപ്പിയെടുക്കുന്നത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യ നിര്‍മിതമായ വസ്തുവില്‍ നിന്നു പറന്നുയരുന്ന ആദ്യ പക്ഷിയെന്ന ഗിന്നസ് റെക്കാര്‍ഡാവും പദ്ധതി വിജയിച്ചാല്‍ ദുബൈക്ക് ലഭിക്കുകയെന്ന് യുട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോക്കൊപ്പം ഫ്രീഡം കണ്‍സര്‍വേഷന്‍ വ്യക്തമാക്കുന്നുണ്ട്. ദര്‍ശന്‍ എന്നു പേരിട്ടിരിക്കുന്ന ഈ പ്രാപ്പിടിയന്‍ വംശനാശ ഭീഷണിയെത്തുടര്‍ന്ന് റെഡ് ലിസ്റ്റില്‍ ഇടംപിടിച്ച ഇംപീരിയല്‍ ഈഗിള്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടാണ്.
ഈ വിഭാഗം പ്രാപ്പിടിയന്മാരെ വംശനാശത്തില്‍ നുന്നു രക്ഷിക്കുകയെന്ന മഹത്തായ സന്ദേശം ലോകത്തിന് നല്‍കാന്‍ ലക്ഷ്യമിട്ടാണ് 14ന് പരിപാടി സംഘടിപ്പിക്കുന്നത്. ഇത്തരം ജീവികളുടെ അംബാസഡറായും സംഭവം വിജയിക്കുന്നതോടെ ദര്‍ശന്‍ മാറുമെന്നാണ് കരുതുന്നത്.