അനധികൃത വഴികള്‍ അടച്ചു

Posted on: March 9, 2015 8:52 pm | Last updated: March 9, 2015 at 8:52 pm
SHARE

അബുദാബി; നഗര പരിധിയിലെ അനധികൃത വഴികള്‍ ഗതാഗത വകുപ്പ് അടച്ചു. കഴിഞ്ഞ ദിവസമാണ് നഗരത്തിനകത്ത് ഡിവൈഡറിന് കുറുകെയുണ്ടാക്കിയ അനധികൃത വഴികള്‍ അടച്ചത്. നഗരത്തിനകത്ത് റോഡിന്റെ ഒരു ഭാഗത്ത് നിന്നും മറുഭാഗത്തേക്ക് കടന്ന് പോകുന്നതിന് സബ്‌വേയും ആവശ്യമായ സ്ഥലങ്ങളില്‍ മേല്‍പ്പാലങ്ങളും നിര്‍മിച്ചതാണ് വഴികള്‍ അടക്കുവാനുള്ള പ്രധാന കാരണം. റോഡില്‍ നിരവധി സ്ഥലങ്ങളില്‍ ഡിവൈഡറിന്റെ കുറുകെ ഇരുമ്പ് വേലിപൊളിച്ച് അനധികൃത വഴികള്‍ സ്ഥാപിച്ചിരുന്നു. ഇത്തരം വഴികളിലൂടെ മറുഭാഗത്തേക്ക് എത്തുന്നതിനായി റോഡ് മുറിച്ച് കടക്കുമ്പോഴുണ്ടായ അപകടങ്ങള്‍ നിരവധി പേരുടെ ജീവനാണ് അപഹരിച്ചത്. റോഡ് മുറിച്ച് കടന്നുണ്ടായ അപകടങ്ങള്‍ നിരവധിയാണ്. അടുത്തകാലത്തായി വാഹനമിടിച്ച് പരുക്കേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ചതാണ് ഗതാഗത വകുപ്പ് നടപടി ശക്തമാക്കുവാന്‍ കാരണം.

അല്‍ ഫലാഹ് റോഡ്, എമിഗ്രേഷന്‍ റോഡ്, നേവി ഗെയിറ്റ്, ടൂറിസ്റ്റ് ക്ലബ്ബ്, ഇലക്ട്രാ റോഡ്, എന്നീ ഭാഗങ്ങളിലെ അനധികൃത വഴികളാണ് ഗതാഗതവകുപ്പ് കഴിഞ്ഞ ദിവസം അടച്ചത്. അനധികൃത വഴികളിലൂടെ റോഡ് മുറിച്ച് കടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഗതാഗത വകുപ്പും പോലീസും പിടികൂടി കനത്ത പിഴ ശിക്ഷ നല്‍കുന്നുണ്ട്. മിനിമം 100 ദിര്‍ഹമാണ് പിഴ.
കഴിഞ്ഞ ദിവസം ഇലക്ട്രയില്‍ റോഡ് മുറിച്ച് കടക്കുകയായിരുന്ന അറബ് വംശജക്ക് വാഹനമിടിച്ച് ഗുരുതരമായി പരുക്കുപറ്റിയിരുന്നു.