പി സി തോമസിനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി; സ്‌കറിയാ തോമസ് പുതിയ ചെയര്‍മാന്‍

Posted on: March 9, 2015 7:21 pm | Last updated: March 10, 2015 at 12:16 am
SHARE

pc thomasകോട്ടയം: കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പി സി തോമസിനെ നീക്കി. കോട്ടയം കെപിഎസ് മേനോന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് പാര്‍ട്ടി പുനസംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. പുതിയ ചെയര്‍മാനായി സ്‌കറിയാ തോമസിനെ തിരഞ്ഞെടുത്തു. സുരേന്ദ്രന്‍ പിള്ളയാണ് വര്‍ക്കിംഗ് കമ്മിറ്റി ചെയര്‍മാന്‍. ടിഒ എബ്രഹാമിനെ ട്രഷററായും തിരഞ്ഞെടുത്തു.

കഴിഞ്ഞ കുറേ നാളുകളായി പാര്‍ട്ടിയില്‍ രൂപപ്പെട്ട പ്രശ്‌നങ്ങള്‍ക്കൊടുവിലാണ് പി സി തോമസിനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കിയത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ചില എംഎല്‍എമാരടക്കമുള്ള നേതാക്കള്‍ തനിക്കൊപ്പം വരാന്‍ തയാറാണെന്ന് കഴിഞ്ഞദിവസം സ്‌കറിയാ തോമസ് പറഞ്ഞിരുന്നു. സ്‌കറിയാ തോമസിന്റെ നീക്കങ്ങള്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണി അടക്കമുള്ള നേതാക്കള്‍ നിരീക്ഷിച്ചുവരികയായിരുന്നു.

പാര്‍ട്ടിയില്‍ അംഗമല്ലാത്ത സ്‌കറിയാ തോമസിന് തന്നെ പാര്‍ട്ടിയില്‍നിന്ന് നീക്കാനുള്ള തീരുമാനത്തിന് നിലനില്‍പില്ലെന്ന് പി സി തോമസ് പ്രതികരിച്ചു.