Connect with us

First Gear

സൗരോര്‍ജത്തില്‍ പറക്കുന്ന ആദ്യ വിമാനം ലോകസഞ്ചാരം ആരംഭിച്ചു

Published

|

Last Updated

അബുദാബി: സൗരോര്‍ജത്തില്‍ പറക്കുന്ന ആദ്യ വിമാനം ലോകസഞ്ചാരം ആരംഭിച്ചു. ഇന്നു രാവിലെ അബുദാബിയിലെ അല്‍ ബതീന്‍ എക്‌സിക്യുട്ടീവ് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം മസ്‌കത്തില്‍ഇറങ്ങി . സ്വിസ് കേന്ദ്രമായിക്കിയുള്ള സോളാര്‍ ഇംപള്‍സ് പദ്ധതിയുടെ ഭാഗമായാണ് വിമാനം നിര്‍മിച്ചത്. സോളാര്‍ ഇംപള്‍സ് സ്ഥാപകന്‍ ആന്ദ്രെ ബോര്‍ഷ്‌ബെര്‍ഗാണ് ഒരാള്‍ക്കു മാത്രം സഞ്ചരിക്കാവുന്ന വിമാനത്തിലുള്ളത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പസഫിക്, അറ്റ്‌ലാന്റിക് സമുദ്രങ്ങള്‍ക്കു മുകളിലൂടെ തുടര്‍ച്ചയായി അഞ്ചുദിവസത്തെ പറക്കലിനും പദ്ധതിയുണ്ട്.

മസ്‌കത്തില്‍നിന്ന് ഇന്ത്യയിലേക്കായിരിക്കും വിമാനത്തിന്റെ യാത്ര. അഹമ്മദാബാദിലും വരാണസിയിലും വിമാനം ഇറങ്ങും. ഇന്ത്യയില്‍നിന്ന് ചൈന, മ്യാന്‍മര്‍ രാജ്യങ്ങളിലും സഞ്ചരിച്ചശേഷമാണ് പസഫിക്കിനു മുകളിലേക്കു പറക്കുക. ഹവായിലും വിമാനം ഇറങ്ങും. അവിടെനിന്ന് ഫീനിക്‌സി, അരിസോണ, ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളം എന്നിവിടങ്ങളിലും വിമാനം എത്തും. കാലാവസ്ഥ അനുസരിച്ചായിരിക്കും അറ്റ്‌ലാന്റിക്കിനു മുകളിലൂടെയുള്ള സഞ്ചാരം. അബുദാബിയില്‍ മടങ്ങിയെത്തും മുമ്പ് തെക്കന്‍ യൂറോപ്പിലോ മൊറോക്കോയിലോ വിമാനം ഇറങ്ങും. ജൂലൈയിലോ ഓഗസ്റ്റിലോ വിമാനം അബുദാബിയില്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.

പരമ്പരാഗതവും മലിനീകരണമുണ്ടാക്കുന്നതുമായ സാങ്കേതികവിദ്യകള്‍ക്കു പകരം ശുദ്ധവും കാര്യക്ഷമമവുമായ സ്രോതസുകള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകത്തെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ബോര്‍ഷ്‌ബെര്‍ഗും സോളാര്‍ ഇംപള്‍സിന്റെ സഹസ്ഥാപകനുമായ ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡും പറഞ്ഞു.

വീതിയുള്ള ചിറകും വട്ടത്തിലുള്ള കോക്പിറ്റും നീണ്ട വാലും അടക്കം തുമ്പിയുടേതിന് സമാനമായ രൂപമുള്ള എസ്.ഐ. രണ്ടിന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയിലാണ് പറക്കാന്‍ സാധിക്കുക. 72 മീറ്റര്‍ വീതിയുള്ള ചിറകുകളില്‍ സൗരോര്‍ജ പാനലുകള്‍ ഘടിപ്പിച്ച ഈ ഒറ്റ സീറ്റ് . എയര്‍ബസിന്റെ എ 380 സൂപ്പര്‍ ജംബോ വിമാനത്തിന്റെ ചിറകുകള്‍ക്കൊപ്പം വീതിയുണ്ട് എസ്.ഐ. രണ്ടിന്റെ ചിറകുകള്‍ക്കും. അതേസമയം, എ 380 വിമാനത്തിന്റെ ഒരു ശതമാനം മാത്രം ഭാരമാണ് കാര്‍ബണ്‍ ഫൈബറില്‍ തീര്‍ത്ത ഈ വിമാനത്തിനുള്ളത്.

. 2300 കിലോഗ്രാമാണ് വിമാനത്തിന്റെ ഭാരം. കഴിഞ്ഞവര്‍ഷം ജൂണിലാണ് വിമാനം ആദ്യമായി പറന്നത്. അന്ന് രണ്ടു മണിക്കൂറും 17 മിനുട്ടും സ്വിറ്റ്‌സര്‍ലന്‍ഡിനു മുകളിലൂടെയാണ് വിമാനം സഞ്ചരിച്ചത്.17248 സൗരോര്‍ജ സെല്ലുകളാണ് വിമാനത്തിലേക്കുള്ള ഊര്‍ജം ശേഖരിക്കുന്നത്. ലിതീയം പോളിമര്‍ ബാറ്ററികളിലാണ് ഊര്‍ജം സൂക്ഷിച്ചുവെക്കുന്നത്. കാര്‍ബണ്‍ ഫൈബര്‍ കൊണ്ട് നിര്‍മിച്ചതിനാല്‍ വിമാനത്തിന്റെ ഭാരം കുറക്കാനും സാധിച്ചു. 3.8 മീറ്റര്‍ വിസ്തീര്‍ണമുള്ള കോക്പിറ്റില്‍ പൈലറ്റിന് ആവശ്യമായ എല്ലാ സുരക്ഷാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഓട്ടോ പൈലറ്റ് സംവിധാനത്തിനൊപ്പം വിമാനത്തിനെ നിരീക്ഷിക്കാനുള്ള ഉപഗ്രഹ സംവിധാനങ്ങളുമുണ്ട്. തുടര്‍ച്ചയായ യാത്രകളില്‍ പൈലറ്റിനെ സഹായിക്കുന്നതിനും യോഗക്കും മറ്റുമുള്ള സൗകര്യങ്ങളുമുണ്ട്. പുറത്തെ തണുപ്പ് മൈനസ് 40 ഡിഗ്രി വരെ കുറഞ്ഞാലും വിമാനത്തിന് അകത്ത് താപനില ക്രമീകരിക്കാനുള്ള സൗകര്യങ്ങളുണ്ട്. ഭക്ഷണം അടക്കമുള്ള സൂക്ഷിക്കാനും സാധിക്കും. എന്തെങ്കിലും അപകടങ്ങളുണ്ടായാല്‍ രക്ഷപ്പെടുന്നതിന് പാരച്യൂട്ടും ലൈഫ് റാഫ്റ്റും ഉണ്ട്. 8500 മീറ്റര്‍ ഉയരത്തില്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള എസ്.ഐ രണ്ടിന്റെ കുറഞ്ഞ വേഗത സമുദ്ര നിരപ്പില്‍ 36 കിലോമീറ്ററും പരമാവധി ഉയരത്തില്‍ 57 കിലോമീറ്ററുമാണ്. സമുദ്ര നിരപ്പില്‍ 90 കിലോമീറ്റര്‍ വരെയും പരമാവധി ഉയരത്തില്‍ 140 കിലോമീറ്റര്‍ വരെയും വേഗത ലഭിക്കും.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest