Connect with us

National

രണ്ട് പ്രമുഖ പദ്ധതികളില്‍ എഫ് ഡി ഐക്ക് പച്ചക്കൊടി

Published

|

Last Updated

ന്യൂഡല്‍ഹി: നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ് ഡി ഐ) സ്വീകരിച്ച് രണ്ട് വന്‍കിട പദ്ധതികള്‍ക്ക് റെയില്‍വേയുടെ പച്ചക്കൊടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ “മേക്ക് ഇന്‍ ഇന്ത്യ” പ്രചാരണത്തെ പിന്തുടര്‍ന്ന് ഡീസല്‍, ഇലക്ട്രിക് ലോക്കോമോട്ടീവ് പ്ലാന്റുകള്‍ ബീഹാറില്‍ സ്ഥാപിക്കുന്നതിനാണ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അനുമതി നല്‍കിയത്. 2,400 കോടിയുടേതാണ് പദ്ധതി. ബീഹാറിലെ മധേപ്പുരയില്‍ ഇലക്ട്രിക് ലോക്കോമോട്ടീവ് പ്ലാന്റും മര്‍ഹോറയില്‍ ഡീസല്‍ ലോക്കോമോട്ടീവ് പ്ലാന്റും സ്ഥാപിക്കുന്നതിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചത്. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ക്കും വിദേശ മൂലധനത്തിനും കൂടുതല്‍ പ്രധാന്യം നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് പിറകേയാണ് ആശയക്കുഴപ്പങ്ങള്‍ക്കിടയിലായിരുന്ന പദ്ധതിക്ക് പച്ചക്കൊടി വീശുന്നത്.

ആഗോള കമ്പനികളായ അല്‍സ്റ്റോം, സിമെന്‍സ്, ജി ഇ, ബൊംബാര്‍ഡിയര്‍ ഇന്നീ കമ്പനികളാണ് നിര്‍ദിഷ്ട ഇലക്ട്രിക് ലോക്കോമോട്ടീവ് പ്ലാന്റ് നിര്‍മാണ പദ്ധതിയില്‍ ചുരുക്കപ്പട്ടികയില്‍ ഉള്ളത്. ബഹുരാഷ്ട്ര കമ്പനികളായ ജി ഇ, ഇ എം ഡി എന്നിവയാണ് ഡീസല്‍ ലോക്കോമോട്ടീവ് പ്ലാന്റ് നിര്‍മാണത്തിനായി മത്സരരംഗത്തുള്ളത്. പ്ലാന്റ് നിര്‍മാണത്തിന് 1,200 കോടി രൂപ വീതമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആഗസ്റ്റ് 31ന് ടെന്‍ഡറുകള്‍ തുറക്കുമെന്നാണ് കരുതുന്നത്.
പതിനൊന്ന് വര്‍ഷത്തിനുള്ളില്‍ പന്ത്രണ്ടായിരം കുതിരശക്തിയുള്ള എണ്ണൂറ് ഇലക്ട്രിക് ലോക്കോമോട്ടീവുകള്‍ മധേപ്പുര പ്ലാന്റില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. തദ്ദേശീയമായ സാങ്കേതികവിദ്യ ഉപയോഗിച്ച് 4,500 മുതല്‍ ആറായിരം വരെ കുതിരശക്തിയുള്ള ഡീസല്‍ ലോക്കോമോട്ടീവുകളാണ് മര്‍ഹോറ പ്ലാന്റില്‍ നിര്‍മിക്കുക. പ്രതിവര്‍ഷം നൂറ് ലോക്കോമോട്ടീവുകള്‍ എന്ന കണക്കില്‍ പത്ത് വര്‍ഷം കൊണ്ട് ആയിരം ലോക്കോമോട്ടീവുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്.
വിവിധ കോണുകളില്‍ നിന്ന് വിമര്‍ശമുയരുമ്പോഴും റെയില്‍വേയില്‍ നൂറ് ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുമെന്ന് നയവുമായി മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. വിദേശ നിക്ഷേപത്തിനായി ഇപ്പോള്‍ തുറന്നുവെച്ചിട്ടുള്ള എട്ട് പദ്ധതികളില്‍ രണ്ടെണ്ണമാണ് ബീഹാറില്‍ തുടക്കമാകുന്നത്.

Latest