ഭാരതപ്പുഴയില്‍ അനധികൃത മണലെടുപ്പ് തുടരുന്നു

Posted on: March 9, 2015 1:15 pm | Last updated: March 9, 2015 at 1:15 pm
SHARE

ലക്കിടി: ഭാരതപുഴയ്ക്ക് ശാപമായി മാറിയ അനധികൃത മണലെടുപ്പ് ഇപ്പോഴും നിര്‍ബാധം തുടരുന്നു. മണലെടുപ്പിനെതിരെ കര്‍ശന പരിശോധനയും നടപടിയും എടുത്ത സാഹചര്യത്തില്‍ വന്‍ മാഫിയകള്‍ പത്തിമടക്കി പിന്‍മാറിയെങ്കിലും അടുത്ത കാലത്തായി ചിലയിടങ്ങളില്‍ മണല്‍കടത്തിന്റെ രൂപവും ഭാവവും മാറ്റി ചിലര്‍ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.
ഇപ്പോള്‍ മണല്‍ ചാക്കുകളിലാക്കി തലചുമടായാണ് പരിശോധന കര്‍ശനമല്ലാത്ത പാമ്പാടി, ഐവര്‍മഠം, കടവുകളിലൂടെ കൊണ്ടുപോകുന്നത്. കരാര്‍ ലോബിയുടെ ഒത്താശയ്ക്കു വഴങ്ങി സ്ത്രീ തൊഴിലാളികളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇങ്ങനെ കടത്തുന്ന മണല്‍ ചില പ്രദേശങ്ങളില്‍ കൂട്ടിയിട്ട ശേഷം ഇവിടെ നിന്നാണ് ആവശ്യക്കാരിലേക്ക് എത്തിച്ചുവരുന്നത്. ടിപ്പറുകളില്‍ ലോഡിനടിയില്‍ മണല്‍ നിറച്ച് മേലെ ക്വാറികളില്‍ നിന്നുമുള്ള പാറമണല്‍ വിതറി കാഴ്ചയില്‍ നിയമാനുസരണം പാറമണല്‍ കടത്തുന്ന രീതിയില്‍ വരെ തലചുമടായി എത്തിക്കുന്ന മണല്‍ ആവശ്യക്കാരിലേക്ക് എത്തുന്നുണ്ട്.
പല്ലാര്‍മംഗലത്തെ ചില കടവുകളിലും മണലെടുപ്പ് തകൃതിയായാണ് നടന്നുവരുന്നത്. സുലഭമായി ലഭിച്ചിരുന്ന മണല്‍ കിട്ടാക്കനിയായതോടെ ഒരു ചാക്കിന് 160 രൂപ വരെയാണ് ആവശ്യക്കാരില്‍ നിന്ന് മണല്‍ മാഫിയ ഈടാക്കുന്നത്.
അമിത വില കൊടുത്തും മണല്‍ വാങ്ങാന്‍ ആളുകള്‍ ഉണ്ടെന്നിരിക്കേ ഇപ്പോള്‍ മണല്‍ കടത്തുന്നവര്‍ക്കും നല്ലകാലമാണ്.
അധികാരികളുടെ ഭാഗത്തു നിന്ന് കാര്യമായ പരിശോധന ഉണ്ടാകാത്തത് ഇവര്‍ക്ക് ഒരു പരിധിവരെ അനുഗ്രഹമായിട്ടുണ്ട്.—