അട്ടപ്പാടിയില്‍ മവോയിസ്റ്റുകള്‍ സജീവം: ജനങ്ങള്‍ ഭീതിയില്‍

Posted on: March 9, 2015 1:15 pm | Last updated: March 9, 2015 at 1:15 pm
SHARE

അഗളി:അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ സജീവമാകുമ്പോഴും പൊലീസും വനംവകുപ്പും പരസ്പരം പഴിചാരി ഒളിച്ചോടുന്നു. ജനങ്ങളാകട്ടെ കടുത്ത ഭീതിയില്‍. നാടിന് സംരക്ഷണം നല്‍കേണ്ട സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം കൂടുതലുള്ള പ്രദേശമായി അട്ടപ്പാടി മാറിയിരിക്കുകയാണ്. പലദിവസങ്ങളിലും അപരിചിതരുടെ സാന്നിധ്യം കണ്ടു ഞെട്ടുകയാണ് ജനങ്ങള്‍. രാത്രിയായാല്‍ പുറത്തിറങ്ങാന്‍ പോലും ഭയക്കുന്നു. കഴിഞ്ഞ ദിവസം അഗളിക്കടുത്ത ഊരില്‍ അപരിചിതരെകണ്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ സംഘടിച്ചിരുന്നു.വനംവകുപ്പിന്റെ ഒരു റെയ്ഞ്ച് ഓഫീസും ക്യാമ്പ്ഹൗസും തകര്‍ത്ത സംഭവത്തിലും ഒരു യുവാവ് ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റ് മരിച്ച സംഭവത്തിലും അന്വേഷണം എവിടെയും എത്തിയില്ല. സംഭവത്തിനുപന്നില്‍ മാവോയിസിറ്റുകളാണെന്ന് പൊലീസും വനംകുപ്പും സ്ഥിരീകരിക്കുന്നു. എന്നാല്‍ അന്വേഷണംമാത്രമില്ല. ഫെബ്രുവരി 12ന് മുക്കാലി സ്വദേശി ബെന്നിയാണ് ‘വാനിപ്പുഴയില്‍ മീന്‍പിടിക്കുന്നതിനിടെ വെടിയേറ്റു മരിച്ചത്. വെടിവെപ്പിന് പിന്നില്‍ തങ്ങളല്ലെന്ന് മാവോയിസ്റ്റുകള്‍ പറയുന്നു. എന്നാല്‍ ബെന്നിയുടെ കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണം എവിടെയുമെത്തിയില്ല. മാവോയിസ്റ്റുകളാണ്‌കൊലപാതകത്തിന് പിന്നിലെന്ന് പറഞ്ഞു കേസിന്‍മേല്‍ അടിയിരിക്കാനാണ് പൊലീസ് തയ്യാറാവുന്നത്. വെടിയേറ്റു മരിച്ച ബെന്നിയുടേത് നിര്‍ധന കുടുംബമാണ്. ഭാര്യ സുനിതയും ഒന്നരവയസ്സുള്ള മകനും അച്ഛന്‍ ദേവസ്യയും രോഗിയായ അമ്മ ലീലാമ്മയും എങ്ങനെ ജീവിക്കുമെന്നറിയാതെ വിഷമിക്കുകയാണ്. യഥാര്‍ഥപ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. സംഭവം വനംവകുപ്പിന്റെ തലയില്‍കെട്ടിവച്ച് അന്വേഷണത്തെ വഴിതിരിച്ചു വിടാനും നീക്കമുണ്ട്. മാവോയിസ്റ്റുകള്‍ താവളമാക്കുന്നത് വനമേഖലയായതുകൊണ്ട് തെരയേണ്ട ഉത്തരവാദിത്തം വനംവകുപ്പിനാണെന്നാണ് പൊലീസ് നിലപട്.ആയുധങ്ങളും സേനാബലവും പൊലീസിന്റെ സഹായവുമില്ലാതെ ഒരു ഓപ്പറേഷന്‍ സാധ്യമല്ലെന്നാണ് വനപാലകര്‍ പറയുന്നത്. മുന്‍കാലങ്ങളില്‍ വനത്തില്‍ സംയുക്ത റെയ്ഡ് നടത്തിയിരുന്നു. ഇപ്പോള്‍ സംയുക്ത റെയ്ഡിന് ആഭ്യന്തരവകുപ്പ് തയ്യാറാകുന്നില്ല. എന്നാല്‍, വനമേഖലയിലുണ്ടാകുന്ന എല്ലാ മാവോയിസ്റ്റുനീക്കങ്ങളെയും ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിക്കാറുണ്ടെന്നും വനപാലകര്‍ പറയുന്നു. മാവോയിസ്‌റ്റ്വേട്ടയുടെ പേരില്‍ വനംആഭ്യന്തര വകുപ്പുകള്‍ പരസ്പരം പഴിചാരുമ്പോഴും അട്ടപ്പാടിയിലെ മാവോയിസ്റ്റ്‌നീക്കങ്ങള്‍ക്ക് ഒരു അയവുമില്ല. വനത്തില്‍മാത്രം തമ്പടിച്ചിരുന്ന മാവോയിസ്റ്റുകള്‍ ജനവാസകേന്ദ്രങ്ങളിലെത്തി യോഗംചേരുകയും ‘ക്ഷണം ശേഖരിച്ചു മടങ്ങുകയും ചെയ്യുന്നു.