തോട്ടങ്ങളില്‍ അനിശ്ചിതത്വം: തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് കുറഞ്ഞ വേതനം

Posted on: March 9, 2015 1:11 pm | Last updated: March 9, 2015 at 1:11 pm
SHARE

tea plantationകല്‍പ്പറ്റ: തോട്ടങ്ങളില്‍ അനിശ്ചിതത്വം. നിത്യജീവിതം കഴിയാന്‍ പോലും വേതനം തികയാത്ത സാഹചര്യത്തില്‍ അവധി ദിനങ്ങളില്‍ പുറമെ പണിക്ക് പോയി പല കുടുംബങ്ങളും ജീവിതം തള്ളിനീക്കുന്നു. ഇത്തരം മൗലികമായ പ്രശ്‌നങ്ങളിലൊന്നും നിലപാട് സ്വീകരിക്കാതെ സര്‍ക്കാര്‍ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായി അര്‍ഥഗര്‍ഭമായ മൗനം പാലിക്കുന്നുവെന്നാണ് തൊഴിലാളികളുടെ പരാതി.
ജീവിതചെലവുമായി പൊരുത്തപ്പെടുന്നില്ല എന്ന് മാത്രമല്ല, ഏറ്റവും കുറഞ്ഞ കൂലിയില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്ന മേഖലയായി തോട്ടങ്ങള്‍ മാറുകയാണ്. വയനാടിനെ സംബന്ധിച്ച് ഏറ്റവും വലിയ സംഘടിത തൊഴില്‍ മേഖലയാണ് തോട്ടങ്ങള്‍. ഈ മേഖലയിലാകെ തൊഴിലാളികള്‍ തീര്‍ത്തും അസംതൃപ്തരാണ്. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ കൂലിയില്‍ ജോലി ചെയ്യുന്നവരാണ് തോട്ടം തൊഴിലാളികള്‍. തേയില എസ്റ്റേറ്റുകളിലെ ഒരു സ്ഥിരം തൊഴിലാളിയുടെ കൂലി 226 രൂപയാണ്.
നാടന്‍ പണിക്ക് പോയാലും ഏറ്റവും ചുരുങ്ങിയത് 350 മുതല്‍ 400 രൂപ വരെ കൂലി ലഭിക്കുമ്പോഴാണ് വന്‍കിട തോട്ടങ്ങളില്‍ സ്ഥിരം തൊഴിലാളികള്‍ 226 രൂപയ്ക്ക് ജോലി ചെയ്യേണ്ടിവരുന്നത്. മുന്‍കാലങ്ങളില്‍ താമസ സൗകര്യവും ചികില്‍സയും അടക്കം ആനുകൂല്യങ്ങളെല്ലാം ലഭിച്ചിരുന്നതിനാല്‍ തോട്ടങ്ങളിലെ സ്ഥിരം ജോലിക്ക് ഡിമാന്‍ഡ് ഏറെയായിരുന്നു. ഇപ്പോള്‍ തോട്ടം തൊഴിലാളി കുടുംബങ്ങളിലെ പുതുമുറക്കാരൊന്നും തോട്ടങ്ങളില്‍ നില്‍ക്കാന്‍ തയ്യാറാവുന്നുമില്ല. ഏറ്റവും കുറഞ്ഞ കൂലിയും കൂടിയ അദ്വാനഭാരവും തന്നെയാണ് ഇതിന് കാരണം. വന്‍കിട എസ്റ്റേറ്റുകളില്‍ ചിലരെല്ലാം താല്‍ക്കാലിക തൊഴിലാളികളെ എടുക്കാന്‍ പരസ്യം ചെയ്യുകയാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൂട്ടത്തോടെ തൊഴിലാളികളെ ഇറക്കി കൂലി മാത്രം കൊടുത്ത് ജോലി ചെയ്യിക്കുന്ന തോട്ടങ്ങളും കുറവല്ല. ഇത്തരം തോട്ടങ്ങളില്‍ പോലും വര്‍ഷങ്ങളായി താല്‍ക്കാലിക തൊഴിലാളികളായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാവുന്നില്ല. ഏതാണ്ടെല്ലാ മേഖലകളിലും പിടിമുറുക്കിയ കരാര്‍ സമ്പ്രദായം തോട്ടങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. സ്ഥിരം തൊഴിലാളികളുടെ താമസം, ചികില്‍സ തുടങ്ങിയ കാര്യങ്ങളില്‍ മാനേജുമെന്റുകള്‍ ഒരുതരത്തിലുള്ള താല്‍പര്യവും എടുക്കുന്നില്ല.
സ്ഥിരം തൊഴിലാളികള്‍ക്ക് വിദഗ്ധ ചികില്‍സ നല്‍കുന്നതില്‍ നിന്ന് മാനേജുമെന്റുകള്‍ ഒഴിഞ്ഞുമാറുകയാണ്. നിലവിലെ കൂലി കരാറിന്റെ കാലാവധി 2014 ഡിസംബര്‍ 31ന് അവസാനിച്ചതാണ്. പുതിയ കരാര്‍ നടപ്പാക്കുന്നതില്‍ മാനേജുമെന്റുകള്‍ കാണിക്കുന്ന വിമുഖതക്ക് സര്‍ക്കാറും കൂട്ടുനില്‍ക്കുകയാണ്. തേയിലയുടെയും റബറിന്റെയുമെല്ലാം വിലയിടിവ് ചൂണ്ടിക്കാട്ടിയാണ് കരാര്‍ പുതുക്കാന്‍ മാനേജുമെന്റുകള്‍ തയ്യാറാവാത്തത്. എന്നാല്‍ ഇവക്കെല്ലാം വലിയ വില ലഭിച്ച ഘട്ടത്തിലും തൊഴിലാളികളുടെ കൂലി പുതുക്കുന്നതിലും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിലും മാനേജുമെന്റുകള്‍ പിടിവാശിയിലായിരുന്നു. കൂടുതല്‍ ലാഭം ലഭിച്ചപ്പോള്‍ തൊഴിലാളികള്‍ക്ക് ഇതിന്റെ ആനുപാതികമായി വേതനം വര്‍ധിപ്പിക്കാന്‍ തയ്യാറാവാത്ത മാനേജുമെന്റുകള്‍ക്ക് വില കുറവിന്റെ പേരില്‍ തൊഴിലാളിയുടെ കൂലി കരാര്‍ പുതുക്കാതിരിക്കാന്‍ എന്ത് അവകാശമെന്ന ട്രേഡ് യൂണിയനുകളുടെ ചോദ്യത്തിന് മുന്നില്‍ മറുപടിയില്ല.
എന്നാല്‍ പ്ലാന്റേഷന്‍ ടാക്‌സ്, കെട്ടിട നികുതി, വൈദ്യുതി തുടങ്ങിയവയിലെ വര്‍ധനവ് ചൂണ്ടിക്കാട്ടി അവര്‍ തോട്ടങ്ങള്‍ പൂട്ടിയിടുമെന്ന ഭീഷണിയാണ് സര്‍ക്കാറിന് മുന്‍പില്‍ വെക്കുന്നത്. തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാറാവട്ടെ മാനേജുമെന്റുകള്‍ക്ക് അനുകൂലമായ മൗനം പാലിക്കുകയോ പക്ഷപാതപരമായ നിലപാട് സ്വീകരിക്കുകയോ ചെയ്യുന്നു. ഇത് തൊഴിലാളികളുടെ ആത്മവിശ്വാസം പോലും ചോര്‍ത്തുകയാണ്.