Connect with us

Wayanad

കുഞ്ഞോം വനമേഖലയില്‍ വീണ്ടും മാവോയിസ്റ്റുകള്‍; തിരച്ചില്‍ വ്യാപകം

Published

|

Last Updated

മാനന്തവാടി: കുഞ്ഞോം വനമേഖലയില്‍ വീണ്ടും മാവോയിസ്റ്റുകള്‍ എത്തിയെന്ന് സൂചനയെത്തുടര്‍ന്ന് പോലീസും ആന്റി നക്‌സല്‍ സ്‌ക്വാഡും വനമേഖലയില്‍ വ്യാപക തെരച്ചില്‍ നടത്തി. ഇന്നലെ രാവിലെ കുങ്കിച്ചിറയില്‍ നിന്നും രണ്ട് കിലോമീറ്ററോളം ദൂരെയുള്ള മോതിരക്കല്ല് എന്ന സ്ഥലത്ത് വച്ച് മാവോയിസ്റ്റ് സംഘത്തെ ആദിവാസികള്‍ കണ്ടതായാണ് പോലീസിന് ലഭിച്ച വിവരം.
സംഘത്തില്‍ മാവോയിസ്റ്റ് നേതാവ് രൂപേഷും ഉണ്ടെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് വൈകുന്നേരത്തോടെ വിലങ്ങാട് നിന്നും കുങ്കിച്ചിറയില്‍ നിന്നും രണ്ട് സംഘങ്ങളായ തിരിഞ്ഞാണ് വനത്തില്‍ തെരച്ചില്‍ ആരംഭിച്ചത്. തണ്ടര്‍ബോള്‍ട്ട്, പോലീസ്, വനംവകുപ്പ് എന്നിവര്‍ സംയുക്തമാണ് തെരച്ചില്‍ നടത്തുന്നത്.
മാനന്തവാടി സിഐ പി.എല്‍. ഷൈജു, വെള്ളമുണ്ട എസ്‌ഐ സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചില്‍ നടത്തുന്നത്. നാദാപുരം സിഐയുടെ നേതൃത്വത്തിലുള്ള സംഘം വിലങ്ങാട് നിന്നും വനത്തിനുള്ളില്‍ തെരച്ചില്‍ നടത്തി. രണ്ടാഴ്ചക്ക് മുന്‍പ് കുഞ്ഞോം ചുരുളി കോളനിയില്‍ മാവോയിസ്റ്റ് സംഘം എത്തിയതായി പോലീസിന് സൂചന ലഭിച്ചതിനെത്തുടര്‍ന്ന് കോളനിയില്‍ പോലീസെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഈ കോളനിയിലെ ഗോപി എന്നയാളുടെ വീട്ടില്‍ മാവോയിസ്റ്റ് സംഘത്തെ കണ്ടുവെന്ന് അന്ന് കോളനിയിലെ ആളുകള്‍ പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ ഗോപി ഇത് നിഷേധിച്ചിരുന്നെങ്കിലും പോലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.

---- facebook comment plugin here -----

Latest