Connect with us

Wayanad

വേനല്‍മഴയെത്തി; എങ്ങും ആശ്വാസം

Published

|

Last Updated

കല്‍പ്പറ്റ: കുരങ്ങുപനിയും പകര്‍ച്ച പനിയും കാട്ടുതീയും വന്യമൃഗശല്യവും ജനങ്ങളെ ഭീതിയിലാക്കിയ ജില്ലയിലെ വനാതിര്‍ത്തിഗ്രാമങ്ങള്‍ക്ക് വേനല്‍മഴ ആശങ്കകള്‍ക്കിടയിലെ ആശ്വാസമായി. വനത്തിലെ കുരങ്ങുകളുടെ ശരീരത്തില്‍ നിന്നുള്ള ചെള്ളുകളില്‍ നിന്ന് പടരുന്ന കുരങ്ങുപനി(ക്യാസിനോ ഫോറസ്റ്റ് ഡിസീസ്) പ്രതിരോധിക്കാന്‍ വേനല്‍മഴ കാരണമാവും. മഴവെള്ളത്തില്‍ പ്രധാനരോഗവാഹകരായ കുരങ്ങുകളിലെ ചെള്ളുകള്‍ക്ക് രോഗം പരത്താനുള്ള ശേഷി കുറയുമെന്ന് ആരോഗ്യം രംഗത്തെ വിദഗ്ധര്‍ പറയുന്നു. കനത്ത മഴ ലഭിക്കുകയായണെങ്കില്‍ മൃഗങ്ങളിലൂടെ രോഗം പകരാനുള്ള സാധ്യത കുറയും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കുരങ്ങുപനി കടുത്ത ഭീതി വിതക്കുന്ന മുത്തങ്ങ ഫോറസ്റ്റ് റൈഞ്ചിന് കീഴില്‍ കനത്ത മഴയാണ് ലഭിച്ചത്. ചീയമ്പം 73 കോളനികളിലുള്‍പ്പെടെ രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആരോഗ്യരംഗത്തുള്ളവര്‍ക്ക് ആശ്വാസത്തിന്റെ തെളിനീരായാണ് ജില്ലയില്‍ മിക്കയിടത്തും വേനല്‍മഴയെത്തിയത്.
കുരങ്ങുപനിക്ക് പുറമെ വനാതിര്‍ത്തിഗ്രാമങ്ങള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളിയായിരുന്നു പടര്‍ന്ന് പിടിക്കുന്ന കാട്ടുതീ. വേനല്‍കനക്കാന്‍ തുടങ്ങിയതോടെ ജില്ലയിലെ ഹെക്ടര്‍ കണക്കിന് വനം കത്തി നശിച്ചിരുന്നു. സൗത്ത് വയനാട്, നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴില്‍ വ്യാപകമായി കാട്ടുതീ പടര്‍ന്ന് പിടിച്ചേക്കുമെന്ന ആശങ്കയിലായിരുന്നു വനംവകുപ്പുദ്യോഗസ്ഥരും. എന്നാല്‍ വേലന്‍ മഴ സജീവമാകുന്നതോടെ വനത്തിലെ കാട്ടുതീക്ക് ശമനമാകുമെന്നത് ജിയ്യയിലെ ജനങ്ങള്‍ക്ക് ആശ്വാസമാണ്. മുന്‍വര്‍ഷങ്ങളില്‍ ജില്ലയിലെ ഹെക്ടര്‍ കണക്ക് വനം കാട്ടുതീ മൂലം കത്തി നശിച്ചിരുന്നു. എന്നാല്‍ ഇത്തവണത്തെ മഴ കുറച്ച് ദിവസം കൂടി നില്‍ക്കുകയാണെങ്കില്‍ കാട്ടുതീ ഭീഷണി തടയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും ഫയര്‍ വാച്ചര്‍മാരും. അതെ സമയം വേനല്‍മഴ കനക്കുന്നു; ആലിപ്പഴവര്‍ഷം ശക്തമാകുന്നത് കര്‍ഷകരെ ഏറെ നഷ്ടമുണ്ടാക്കും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലാണ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കനത്ത മഴയില്‍ വ്യാപകമായി ആലിപ്പഴവര്‍ഷമുണ്ടായത്. ചിലയിടത്ത് കനത്ത തോതിലായിരുന്നു. ചില സ്ഥലങ്ങളില്‍ അര മുതല്‍ ഒരിഞ്ച് വരെ കനത്തിലുള്ള ഐസ് കട്ടകളാണ് വര്‍ഷിച്ചത്. ആലിപ്പഴ വര്‍ഷം കര്‍ഷകര്‍ക്ക് കാര്യമായ നഷ്ടം വരുത്തും. കുലയെത്തിയ നേന്ത്രക്കായക്കുമുകളില്‍ ആലിപ്പഴം വര്‍ിക്കുന്നത് വാഴക്കുല കേട് വരാനിടയാക്കും. ചക്ക, മാങ്ങ തുടങ്ങിയ പഴവര്‍ഗങ്ങള്‍ക്കും വിളവെടുപ്പിന് പാകമായ പച്ചക്കറികള്‍ക്കും ആലിപ്പഴവര്‍ഷം ദോഷമാണ്. വിളവെടുപ്പിന് പാകമായ നെല്ല്, കുരുമുളക് കൃഷികള്‍ക്കും മഴ പ്രതികൂലമായി ബാധിക്കുമെന്നാണ് കര്‍ഷകരുടെ ആധി. കഴിഞ്ഞ ദിവസത്തെ മഴയിലും പലയിടത്തും കനത്ത ആലിപ്പഴവീഴ്ചയുണ്ടായി.

Latest