ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രം അഗ്രോ ടൂറിസം പദ്ധതി എങ്ങുമെത്തിയില്ല

Posted on: March 9, 2015 1:06 pm | Last updated: March 9, 2015 at 1:06 pm
SHARE

മഞ്ചേരി: വിനോദവും കാര്‍ഷിക പഠനവും ലക്ഷ്യമിട്ട് ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ആവിഷ്‌കരിച്ച അഗ്രോ ടൂറിസം പദ്ധതി എങ്ങുമെത്തിയില്ല. കേരളത്തിലെ പ്രമുഖ ഗവേഷണ കേന്ദ്രമായ ഇവിടെ നാല് വര്‍ഷം മുമ്പാണ് കൃഷി, ടൂറിസം വകുപ്പുകളെ ഏകോപിപ്പിച്ച് പദ്ധതിക്ക് രൂപം നല്‍കിയത്.

ആനക്കയം കേന്ദ്രത്തിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും കേന്ദ്രത്തിന്റെ കൃഷിമാതൃകകള്‍ അവതരിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു പദ്ധതി. ടൂറിസ്റ്റുകള്‍ക്കുളള താമസ സൗകര്യം, ആംഫി തിയേറ്റര്‍, വാച്ച്ടവര്‍ എന്നിവ ഒരുക്കാനായിരുന്നു തീരുമാനം.
2011ലെ സംസ്ഥാന ബഡ്ജറ്റില്‍ പദ്ധതിക്കായി 7.3 കോടി വകയിരുത്തി. ഗവേഷണകേന്ദ്രം എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നെങ്കിലും സര്‍ക്കാരില്‍ നിന്ന് മറുപടിയുണ്ടായില്ല.
വിദേശത്തുനിന്നടക്കം സന്ദര്‍ശകരെത്തുന്ന ഈ കേന്ദ്രത്തിലെ ടൂറിസം വികസനം സാധ്യത കണക്കിലെടുത്താണ്പദ്ധതി ആവിഷ്‌കരിക്കപ്പെട്ടത്.
വിദ്യാര്‍ഥികളും അന്യസംസ്ഥാനത്ത് നിന്നുളള കര്‍ഷക സംഘങ്ങളും അടക്കം നിരവധി പേരാണ് സന്ദര്‍ശനത്തിനായി ദിവസേന ഇവിടെ എത്തുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുളള ഗവേഷകരും വിദ്യാര്‍ഥികളും സന്ദര്‍ശനത്തിന് അപ്പോയ്ന്റ്‌മെന്റ് തേടി ഓണ്‍ലൈന്‍ വഴി ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ ഇത്രയും സഞ്ചാരികള്‍ക്കാവശ്യമായ സൗകര്യങ്ങളോ ഇവരെ ഉള്‍ക്കൊളളുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യവികസനമോ ഇവിടെയില്ല. അതിനാല്‍ പല അപേക്ഷകളും സ്വീകരിക്കാനാവുന്നില്ല. ഈ സാഹചര്യത്തില്‍ അഗ്രോ ടൂറിസം പദ്ധതിയെ ഏറെ പ്രതീക്ഷയോടെയാണ് കേന്ദ്രം അധികൃതര്‍ കണ്ടിരുന്നത്.
1963ല്‍ സംസ്ഥാന കൃഷിവകുപ്പിന് കീഴില്‍ കശുമാവ് ഗവേഷണ കേന്ദ്രമായാണ് കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്. 1972ല്‍ കേരള കാര്‍ഷിക സര്‍വകലാശാലക്ക് കീഴിലായി. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കര്‍ഷകര്‍ക്ക്ഏറെ പ്രയോജനപ്രദമായ കേന്ദ്രമായി സ്ഥാപനം വളര്‍ന്നു. കശുമാവ് ഗവേഷണ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കരസ്ഥമാക്കി. അത്യുത്പാദന ശേഷിയുള്ള കശുമാവിനങ്ങളായ ആനക്കയം ഒന്ന്, ധരശ്രീ, അക്ഷയ, അനഘ, ശ്രീ എന്നിവ കേന്ദ്രത്തിന്റെ സൃഷ്ടിയാണ്. ജലക്ഷാമം പരിഹരിക്കാന്‍വിശാലമായ ജലസംഭരണികള്‍ കേന്ദ്രത്തിന്റെ പ്രത്യേകതയാണ്.
ആനക്കയം. രോഹു, കട്ല, മൃഗാള്‍ ഇനങ്ങളില്‍പെട്ട അമ്പതിനായിരത്തോളം മത്സ്യങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഒരിഞ്ച് മണ്ണുപോലും പാഴാക്കാതെയുള്ള കാര്‍ഷിക പരീക്ഷണങ്ങളാണ് ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തെ ശ്രദ്ധേയമാക്കുന്നത്. വര്‍ണച്ചെടികളും പുഷ്പങ്ങളും ഫലവൃക്ഷങ്ങളുമെല്ലാമായി ഏറെ മനോഹമായ അന്തരീക്ഷമാണ് കേന്ദ്രം സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നത്.
കിഴങ്ങ് വര്‍ഗങ്ങള്‍, പഴം, പച്ചക്കറി, മാവിന്‍ തൈകള്‍, തെങ്ങ് തുടങ്ങി 250 തരം നടീല്‍ വിത്തുകളും ആറുമാസം കൊണ്ട് വിളവെടുക്കാനാവുന്ന കാവേരി എന്നീ വാഴക്കന്നുകളും ചീര, പത്തില്‍ പരം അലങ്കാര ചെടികള്‍, നാടന്‍ മത്സ്യങ്ങളുടെ വില്‍പന എന്നിവയും ഇവിടെ ഉണ്ട്. അച്ചാറുകളുടെയും, സ്‌ക്വാഷുകളുടെ വിപണനവും കേന്ദ്രത്തില്‍ അനുബന്ധമായുണ്ട്. അഞ്ച് ലക്ഷത്തിലേറെ വിത്തുകളാണ് ഓരോ വര്‍ഷവും ഇവിടെ ഉത്പാദിപ്പിക്കുന്നത്.
സംഗീതവും ഓട്ടോമാറ്റിക്ക് എയര്‍ സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന ഫാമുകളും മണ്ണില്ലാതെവിളയിറക്കുന്ന കൃഷി രീതികള്‍ എന്നിങ്ങനെ സ്വന്തമായി ആവിഷ്‌കരിച്ച ആധുനിക കൃഷി പരീക്ഷണങ്ങളും കേന്ദ്രത്തെ വ്യത്യസ്തമാക്കുന്നു. സംസ്ഥാനത്തെ 29 കാര്‍ഷിക കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി നൂതമായ വിത്തുകളും ഇക്കുറി കേന്ദ്രത്തില്‍ നിന്നും വിതരണം ചെയ്യുന്നുണ്ട്.