വള്ളിക്കുന്ന് മണ്ഡലം എല്‍ ഡി എഫ് യോഗത്തില്‍ നിന്ന് സി പി ഐ പ്രതിനിധികള്‍ ഇറങ്ങിപ്പോന്നു

Posted on: March 9, 2015 1:05 pm | Last updated: March 9, 2015 at 1:05 pm
SHARE

തിരൂരങ്ങാടി: വളളിക്കുന്ന് മണ്ഡലം എല്‍ ഡി എഫ് യോഗത്തില്‍ നിന്ന് സി പി ഐ പ്രതിനിധികള്‍ ഇറങ്ങിപോന്നു. മണ്ഡലത്തിലെ പളളിക്കല്‍, മുന്നിയൂര്‍ പഞ്ചായത്തുകളില്‍ സി പി എം നേതൃത്വം തുടര്‍ച്ചയായി അനുവര്‍ത്തിക്കുന്ന സി പി ഐ വിരുദ്ധ നിലപാടാണ് പ്രതിഷേധത്തിനിടയാക്കിയത്.
സിപി എം വിട്ട് സി പി ഐ യില്‍ ചേര്‍ന്ന നേതാക്കന്മാരെ അംഗീകരിക്കാന്‍ സി പി എം തയ്യാറാകാത്തതുമൂലം വള്ളിക്കുന്ന് മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും എല്‍ ഡി എഫ് സംവിധാനം പ്രവര്‍ത്തിക്കുന്നില്ല. ശനിയാഴ്ച എല്‍ ഡി എഫ് പഞ്ചായത്തുകള്‍ തോറും സംഘടിപ്പിച്ച മാണിക്കെതിരായുള്ള സമരത്തില്‍ തങ്ങള്‍ക്കിഷ്ടമല്ലാത്ത സി പി ഐ നേതാക്കള്‍ പ്രസംഗിക്കേണ്ടതില്ലെന്ന നിലാപാടാണ് സി പി എമ്മിലെ മുതിര്‍ന്ന ചില നേതാക്കള്‍ സ്വീകരിച്ചത്. തേഞ്ഞിപ്പലം പഞ്ചായത്തില്‍ സമരം ഉദ്ഘാടനം ചെയ്യേണ്ടത് സി പി ഐ നേതാവ് ഇരുമ്പന്‍സെയ്തലവിയായിരുന്നു. എന്നാല്‍ അവാസന നിമിഷത്തില്‍ ഇരുമ്പന്‍ സെയ്തലവി സമരം ഉദ്ഘാടനം ചെയ്യേണ്ടതില്ലെന്ന് സി പി എം നേതാവ് വേലായുധന്‍ വള്ളിക്കുന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് സി പി ഐ അംഗീകിരിച്ചില്ല.
മുന്നിയൂര്‍ പഞ്ചായത്തില്‍ എ ഐ ടി യുസി നേതാവ് കെ പി ബാലകൃഷ്ണനെ അംഗീകരിക്കില്ലെന്നും അദ്ദേഹം സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കേണ്ടതില്ലെന്നും സി പി എം നേതാക്കള്‍ ഏകപക്ഷീകമായി നിലപാടെടുത്തു. സി പി എം വിട്ട് സി പി ഐ യില്‍ ചേര്‍ന്ന കെ പി ബാലകൃഷ്ണനെ എല്‍ ഡി എഫ് വേദികളില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള സി പി എം നീക്കത്തോട് യോജിക്കാനാവില്ലെന്നും മുന്നിയൂരിലെ സമരവേദിയില്‍ സി പി ഐ പ്രതിനിധിയായി കെ പി ബാലകൃഷ്ണന്‍ തന്നെ പ്രസംഗിക്കണമെന്നും സി പി ഐ നേതാക്കള്‍ ആവശ്യപ്പെട്ടതോടെ ബലപ്രയോഗത്തിനുപോലും ചില സി പി എം നേതാക്കള്‍ തയ്യാറായി. ഇതേ തുടര്‍ന്ന് സമരപരിപാടിയും അലങ്കോലപ്പെടുകയായിരുന്നു. ബാലകൃഷ്ണന്‍ സംസാരിക്കാന്‍ എത്തിയപ്പോള്‍ മൈക്ക കൈയ്യേറുകയുമുണ്ടായി. ചെറിയ തോതിലുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ സി പി ഐ നേതാക്കള്‍ സമരവേദി വിടുകയായിരുന്നു. പള്ളിക്കല്‍ പഞ്ചായത്തിലും നിലവില്‍ എല്‍ ഡി എഫ് സംവിധാനം ഇല്ലാത്തസ്ഥിതിയാണ്.
ഇരുമ്പന്‍ സെയ്തലവി, വി പി സദാനന്ദന്‍, കെ എം മുഹമ്മദാലി എന്നിവരാണ് സി പി ഐ യെ പ്രതിനിധീകിരിച്ച് എല്‍ ഡി എഫ് മണ്ഡലം കമ്മറ്റിയോഗത്തില്‍ പങ്കെടുത്തത്. വള്ളിക്കുന്ന് പഞ്ചായത്തില്‍ വിവിധ സ്ഥലങ്ങളില്‍ തങ്ങളുടെ നേതാക്കളും പ്രവര്‍ത്തകരും സി പി ഐ യില്‍ ചേരുന്നതാണ് സി പി എം നേതാക്കളുടെ അസഹിഷ്ണുതക്ക് കാരണമായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here