കനത്ത മഴയിലും കാറ്റിലും വന്‍ നാശം

Posted on: March 9, 2015 1:00 am | Last updated: March 9, 2015 at 1:01 pm
SHARE

കൊയിലാണ്ടി: ഇന്നലെ പെയ്ത വേനല്‍ മഴയിലും ശക്തമായ കാറ്റിലും കൊയിലാണ്ടി മേഖലയില്‍ വന്‍ നാശം. തെങ്ങുകള്‍ ഉള്‍പ്പെടെ നിരവധി വൃക്ഷങ്ങള്‍ കടപുഴകി. മരങ്ങള്‍ വീണ് വീടുകള്‍ക്കും നാശം സംഭവിച്ചു.
പെരുവട്ടൂര്‍ എടവന ഗൗരി അമ്മയുടെ വീടിന് മുകളില്‍ പന വീണ് വീട് തകര്‍ന്നു. വിയ്യൂര്‍ കൈലാസില്‍ ശിവന്റെ വീട് തെങ്ങ് വീണ് തകര്‍ന്നു. കീഴരിയൂരില്‍ നൂറോളം തെങ്ങുകള്‍ നശിച്ചു. ഏതാനും വീടുകള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്. വിയ്യൂര്‍, കൊല്ലം, കോതമംഗലം, പന്തലായനി, പുളിയഞ്ചേരി, കുറുവങ്ങാട്, മൂടാടി ഭാഗങ്ങളിലും വ്യാപക നാശം സംഭവിച്ചിട്ടുണ്ട്.
മേപ്പയ്യൂര്‍ റോഡ്, കുറുവങ്ങാട്, മൂടാടി എന്നിവടങ്ങളില്‍ റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടിയില്‍ റെയില്‍ പാളത്തില്‍ മരം വീണത് ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു.
ഓഖ എക്‌സ്പ്രസ് അരമണിക്കൂറോളം വൈകി. മരം മുറിച്ച് മാറ്റിയ ശേഷം ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. മൂടാടി,മേപ്പയ്യൂര്‍ റോഡ് എന്നിവടങ്ങളില്‍ ഗതാഗത തടസം പോലീസ്, ഫയര്‍ഫോഴ്‌സ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് നീക്കുകയായിരുന്നു. മരം വീണ് വൈദ്യുതി ലൈനുകള്‍ വ്യാപകമായി നശിച്ചിട്ടുണ്ട്. അതിനാല്‍ മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടു.
വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ജീവനക്കാര്‍ രാത്രി വൈകിയും ശ്രമം തുടരുകയാണ്. ബാലുശ്ശേരി തൃക്കുറ്റിശ്ശേരിയില്‍ ശക്തമായ കാറ്റിലും മഴയിലും വാഴക്കൃഷി നശിച്ചു. തൃക്കുറ്റിശ്ശേരി വയല്‍പ്പീടികയില്‍ കുട്ടിക്കണ്ടി ഉണ്ണിക്കുറുപ്പിന്റെ നാല്‍പ്പതോളം വാഴകളാണ് നശിച്ചത്. പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.