സി പി എം ബഹുജന സര്‍വേ പൂര്‍ത്തിയായി

Posted on: March 9, 2015 11:01 am | Last updated: March 9, 2015 at 2:14 pm
SHARE

cpi-m-logo_1കോഴിക്കോട്: തദ്ദേശഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജാതിയും മതവും ചോദിച്ച് സി പി എം നടത്തിയ വിവാദ ബഹുജന സര്‍വേ പൂര്‍ത്തിയായി. ജാതി സര്‍വേക്കെതിരെ നേരത്തെ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. ചിലയിടങ്ങളില്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നു പോലും വിമര്‍ശം നേരിട്ടു. യു ഡി എഫും ബി ജെ പിയും സര്‍വേക്കെതിരെ രംഗത്തെത്തിയതോടെയാണ് വിവാദമായത്. എന്നാല്‍, വിവാദം കാര്യമാക്കാതെ പാര്‍ട്ടി നിര്‍ദേശം കീഴ്ഘടകങ്ങള്‍ നടപ്പിലാക്കുകയായിരുന്നു.
ജാതി, വരുമാനം, രാഷ്ട്രീയം, ജോലി എന്നിവ തിരിച്ചുള്ള സര്‍വേ വ്യക്തികളുടെ സ്വകാര്യതക്ക് നേരെയുളള കടന്നാക്രമണമാണെന്ന വിമര്‍ശമാണ് ഉയര്‍ന്നത്. സര്‍വേ പൂര്‍ത്തിയാക്കി 14 ജില്ലാ കമ്മിറ്റികളും റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിക് കൈമാറി. വിവരം ലഭ്യമല്ലാത്തവരുടെയും നല്‍കാത്തവരുടെയും അതാത് ഘടകത്തിലെ നേതാക്കള്‍ തന്നെ പൂരിപ്പിച്ചും പൂര്‍ണമായി ഉറപ്പില്ലാത്ത ചോദ്യങ്ങളുടെ ഉത്തരം വിട്ടുകൊണ്ടുമാണ് സര്‍വേ പൂര്‍ത്തിയാക്കിയിട്ടുള്ളത്.
വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കുടുംബ സര്‍വേ മുന്‍നിര്‍ത്തിയാകും സി പി എം തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക. സര്‍വേയില്‍ ലഭ്യമായ വിവരങ്ങളും സ്ഥിതിവിവര കണക്കുകളും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതില്‍ പോലും മുഖ്യഘടകമാകും.
സര്‍വേയിലൂടെ പാര്‍ട്ടി ലക്ഷ്യമിട്ടതും ഇത്തരത്തിലുള്ള നിര്‍ണായക വിവരങ്ങളാണ്. സാമൂഹിക, സാമ്പത്തിക സര്‍വേയുടെ രൂപത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങളുടെയും വിവരങ്ങള്‍ ശേഖരിച്ച് ഡാറ്റാ ബേങ്കുണ്ടാക്കുകയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം അതനുസരിച്ച് ക്രമീകരിച്ച് ആസൂത്രണം ചെയ്യുകയുമാണ് സര്‍വേയുടെ ലക്ഷ്യം. രാജ്യത്ത് തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടി നടത്തുന്ന ആദ്യ സമഗ്ര കുടുംബ ബഹുജന സര്‍വേയാണ് സി പി എം നടപ്പിലാക്കിയത്.
സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും കയറിയിറങ്ങി വിശദാംശങ്ങള്‍ രേഖപ്പെടുത്തണമെന്നായിരുന്നു പാര്‍ട്ടി നേതൃത്വം നല്‍കിയ നിര്‍ദേശം. പരീശിലനം നല്‍കിയ സ്‌ക്വാഡംഗങ്ങളാണ് സര്‍വേ നടത്തിയിരുന്നത്.
മൂപ്പത് ചോദ്യങ്ങളുള്ള ഫോറമാണ് സര്‍വേക്കായി തയ്യാറാക്കിയത്. കുടുംബത്തിന്റെ വരുമാനം, വരുമാന ഉറവിടം, ഉപയോഗിക്കുന്ന വാഹനം, മൊബൈല്‍ ഫോണ്‍, മുമ്പ് രാഷ്ട്രിയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവരാണെങ്കില്‍ അക്കാര്യം, ഇപ്പോഴുളള ബന്ധം, ക്ഷേമനിധി അംഗത്വമുണ്ടോ, വീട്ടില്‍ വരുത്തുന്ന പ്രസിദ്ധീകരണങ്ങള്‍, വായിക്കുന്ന പത്രം, വിദ്യാഭ്യാസം, ജോലി, വരുമാനം, ജാതി, മതം, മിശ്രവിവാഹിതരാണോ, എ പി എല്‍, ബി പി എല്‍, ഫോണ്‍ കണക്ഷനുണ്ടോ, പാചകവാതക കണക്ഷനുണ്ടോ, സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടോ, വര്‍ഗബഹുജന സംഘടനകളില്‍ അംഗത്വമുണ്ടോ, മറ്റു പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍, സജീവമോ നിര്‍ജീവമോ പാര്‍ട്ടികളില്‍ നിന്നുളള മാറ്റം, നിക്ഷ്പക്ഷം, തൊഴിലുളളവര്‍, ഇല്ലാത്തവര്‍, വിദേശത്ത് ജോലി ചെയ്യുന്നവര്‍, തിരിച്ചുവന്നവര്‍ എന്നിങ്ങനെയുളള ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് സി പി എം ശേഖരിച്ചത്.