Connect with us

Kerala

അരുവിക്കര ഉപതിരഞ്ഞെടുപ്പ് മുന്നണികള്‍ക്ക് അഗ്നിപരീക്ഷ; എന്‍ ശക്തന്‍ സ്പീക്കറായേക്കും

Published

|

Last Updated

തിരുവനന്തപുരം: ജി കാര്‍ത്തികേയന്റെ നിര്യാണത്തോടെ ഒഴിവ് വരുന്ന അരുവിക്കര നിയോജക മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും അഗ്നി പരീക്ഷയാകും. അടുത്ത വര്‍ഷം പൊതു തിരഞ്ഞെടുപ്പ് നടക്കാനാരിക്കുന്ന സാഹചര്യത്തില്‍ അതിന്റെ സെമിഫൈനലായി അരുവിക്കര തിരഞ്ഞെടുപ്പ് മാറും.
തുടര്‍ച്ചയായി നാല് തവണ ജി കാര്‍ത്തികേയനെ വിജയിപ്പിച്ച മണ്ഡലമാണ് അരുവിക്കര (നേരത്തെ ആര്യനാട്). എന്നാല്‍, കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ സി പി എമ്മിലെ എ സമ്പത്തിന് ലഭിച്ച ലീഡാണ് യു ഡി എഫിനെ ആശങ്കപ്പെടുത്തുന്നത്. മുമ്പ് ഇടത് തരംഗം ഉണ്ടായ ഘട്ടത്തില്‍ പോലും യു ഡി എഫിനൊപ്പം നിന്ന മണ്ഡലത്തിലെ വിജയം മുന്നണിക്ക് അനിവാര്യമാണ്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ തിരിച്ചുവരവ് കാത്തിരിക്കുന്ന ഇടത് മുന്നണിക്കും അരുവിക്കര ഉപതിരഞ്ഞെടുപ്പ് നിര്‍ണായകം തന്നെ.
അതേസമയം, പുതിയ സ്പീക്കര്‍ തിരഞ്ഞെടുപ്പാണ് യു ഡി എഫിന് മുന്നിലെ ആദ്യകടമ്പ. നിലവിലുള്ള ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തനെ സ്പീക്കറാക്കിയുള്ള ഫോര്‍മുലയാണ് ഉപശാലകളില്‍ കേള്‍ക്കുന്നതെങ്കിലും നടക്കാതെ പോയ മന്ത്രിസഭാ പുനഃസംഘടനക്ക് സ്പീക്കര്‍ തിരഞ്ഞെടുപ്പ് കളമൊരുക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
നാടാര്‍ വിഭാഗക്കാരനായ ശക്തനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം യു ഡി എഫ് മന്ത്രിസഭ അധികാരമേറ്റ നാള്‍ മുതല്‍ ഈ വിഭാഗം ഉന്നയിക്കുന്നതാണ്. മന്ത്രിസഭയിലേക്ക് എടുത്തില്ലെങ്കില്‍ സ്പീക്കര്‍ പദവിക്കായി അദ്ദേഹം പിടിമുറുക്കും എന്നുറപ്പാണ്. ജി കാര്‍ത്തികേയന്‍ രോഗബാധിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ സമ്മേളനം പൂര്‍ണമായി നിയന്ത്രിച്ചിരുന്നത് ശക്തനാണ്. ഈ സമ്മേളനവും ശക്തന്റെ നിയന്ത്രണത്തി ല്‍ തന്നെയാകും പുരോഗമിക്കുക.
ശക്തന്‍ സ്പീക്കറായാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് പുതിയൊരാളെ കണ്ടെത്തേണ്ടിവരും. ടി എന്‍ പ്രതാപന്‍ തയ്യാറായാല്‍ ഈ പദവിയിലേക്ക് അദ്ദേഹത്തെ പരിഗണിച്ചേക്കും. ജി കാര്‍ത്തികേയനെ മന്ത്രിസഭയിലേക്കെടുക്കുന്നത് സംബന്ധിച്ച നേരത്തെ ചര്‍ച്ചകള്‍ നടന്നപ്പോള്‍ കെ മുരളീധരന്‍, കെ ശിവദാസന്‍ നായര്‍, സി പി മുഹമ്മദ് തുടങ്ങിയ പേരുകളാണ് സ്പീക്കര്‍ പദവിയിലേക്ക് ഉയര്‍ന്ന് കേട്ടിരുന്നത്. കെ സി ജോസഫിനെ സ്പീക്കറാക്കുന്ന കാര്യവും അന്ന് ആലോചിച്ചു. ഐ ഗ്രൂപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പുനഃസംഘടന നടക്കാതെ പോയതോടെ ഈ ചര്‍ച്ചകള്‍ സ്തംഭിക്കുകയായിരുന്നു. വലിയൊരു അഴിച്ചുപണി വേണ്ടെന്നാണ് തീരുമാനിക്കുന്നതെങ്കില്‍ ശക്തനെ സ്പീക്കറാക്കി കാര്യങ്ങള്‍ എളുപ്പമാക്കും.
ഉപതിരഞ്ഞെടുപ്പില്‍ ആരെ സ്ഥാനാര്‍ഥിയാക്കുമെന്നതും കോണ്‍ഗ്രസിന് മുന്നിലെ പ്രതിസന്ധിയാണ്. എല്‍ ഡി എഫില്‍ ആര്‍ എസ് പിയാണ് ഇതുവരെ ഈ സീറ്റില്‍ മത്സരിച്ചിരുന്നത്. അവര്‍ യു ഡി എഫിലേക്ക് മാറിയ സാഹചര്യത്തില്‍ ആ സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിക്കാന്‍ ഇടയുണ്ട്.
എല്‍ ഡി എഫില്‍ സി പി എം തന്നെ സീറ്റ് ഏറ്റെടുത്ത് പ്രമുഖാനായൊരു സ്ഥാനാര്‍ഥിയെ രംഗത്തിറക്കും. കോണ്‍ഗ്രസില്‍ നിന്ന് തമ്പാനൂര്‍ രവി മുതല്‍ യൂത്ത് വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി എസ് പ്രശാന്ത് വരെ നിരവധി പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നു. സഹതാപതരംഗം വോട്ടാക്കി മാറ്റാന്‍ കാര്‍ത്തികേയന്റെ ഭാര്യ ഡോ. സുലേഖയെ മത്സരിപ്പിക്കണെമന്ന് ആഗ്രഹിക്കുന്ന നേതാക്കളും കോ ണ്‍ഗ്രസിലുണ്ട്.
1991ല്‍ 3480 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആര്‍ എസ് പി നേതാവ് കെ പങ്കജാക്ഷനെ പരാജയപ്പെടുത്തിയാണ് ആര്യനാട് കാര്‍ത്തികേയന്‍ കാലുറപ്പിച്ചത്. 1996ല്‍ വിജയം ആവര്‍ത്തിച്ചു, കെ പി ശങ്കരദാസിനെ 8617 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോ ല്‍പ്പിച്ചു.
2001 ല്‍ മണ്ഡലത്തില്‍ തന്നെയുള്ള ജി അര്‍ജുനനെ ആര്‍ എസ് പി രംഗത്തിറക്കി. വിജയം കാര്‍ത്തികേയനൊപ്പം തന്നെ നിന്നു. ഭൂരിപക്ഷം 12,071. കടുത്ത മല്‍സരം 2006ല്‍ ആയിരുന്നു. ആര്‍ എസ് പി ദേശീയ സെക്രട്ടറി പ്രഫ. ടി ജെ ചന്ദ്രചൂഡനോട് ഏറ്റുമുട്ടി.
ഭൂരിപക്ഷം കുറഞ്ഞെങ്കിലും വിജയം കൈവിട്ടില്ല- 2,198 വോട്ടിന്റെ ഭൂരിപക്ഷം. 2011ല്‍ ആര്യനാട് മണ്ഡലം അരുവിക്കരയായി. കാട്ടാക്കട പഞ്ചായത്ത് ആര്യനാടില്‍ നിന്നു പോയി. പകരം വന്നത് അരുവിക്കരയും വെള്ളനാടും. ആര്‍ എസ് പി ജില്ലാ സെക്രട്ടറി അമ്പലത്തറ ശ്രീധരന്‍ നായരായിരുന്നു എതിരാളി. 10,674 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കാര്‍ത്തികേയന്‍ തന്നെ സഭയിലെത്തി.
എന്നാല്‍, കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പിറകിലായി. എ സമ്പത്തിന് ഈ മണ്ഡലത്തില്‍ നിന്ന് 4,163 വോട്ടിന്റെ ലീഡാണ് ലഭിച്ചത്.

---- facebook comment plugin here -----

Latest