Connect with us

Kerala

കാര്‍ത്തികേയന് അനുശോചനം രേഖപ്പെടുത്തി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

Published

|

Last Updated

തിരുവനന്തപുരം: സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. അനുശോചനം രേഖപ്പെടുത്തുന്നതിനിടെ അദ്ദേഹം വിതുമ്പി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരുള്‍പ്പെടെ വിവിധ കക്ഷി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. ഇതിന് ശേഷം മൗനം ആചരിച്ചാണ് സഭ ഇന്നത്തേക്ക്  പിരിഞ്ഞത്.

ഗവര്‍ണര്‍ അവതരിപ്പിച്ച നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്ന് തുടങ്ങാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഇത് മാറ്റിവെച്ചു ഇന്ന് മുതല്‍ മൂന്ന് ദിവസമാണ് നന്ദിപ്രമേയ ചര്‍ച്ച നിശ്ചയിച്ചിരുന്നത്. ഇതിന്റെ പുനഃക്രമീകരണം എങ്ങനെ വേണമെന്നത് ഇന്ന് കാര്യോപദേശക സമിതി ചേര്‍ന്ന് തീരുമാനിക്കും. മൂന്ന് ദിവസത്തെ ചര്‍ച്ച രണ്ട് ദിവസമാക്കി കുറക്കുമെന്നാണ് സൂചന.

നിയമസഭ പിരിഞ്ഞ ശേഷം രാവിലെ 10.30ന് വി ജെ ടി ഹാളില്‍ സര്‍വകക്ഷി അനുശോചന യോഗം നടക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എ കെ ആന്റണി, വി എസ് അച്യുതാനന്ദന്‍, വി എം സുധീരന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. വൈകുന്നേരം 3.30ന് നിയമസഭാ സെക്രട്ടേറിയറ്റിന്റെ ആഭിമുഖ്യത്തില്‍ മെംബേഴ്‌സ് ലോഞ്ചിലും അനുശോചന യോഗം നടക്കും.

Latest