Connect with us

Gulf

ഇല്ലാത്ത ബാധ്യത: മലയാളി യുവാവിന് നഷ്ടപരിഹാരം നല്‍കാന്‍ വിധി

Published

|

Last Updated

ദുബൈ: ഇല്ലാത്ത ബാധ്യതയുടെ പേരില്‍ ബേങ്ക് ഫയല്‍ ചെയ്ത ചെക്ക് കേസില്‍ കുടുങ്ങിയ മലയാളി യുവാവിന് നഷ്ടപരിഹാരം നല്‍കാന്‍ ബേങ്കിനെതിരെ കോടതി വിധി.
തിരുവനന്തപുരം ബീമാപള്ളി സ്വദേശിയായ സൈഫുദ്ദീനാണ് നഷ്ടപരിഹാരം. ദുബൈയില്‍ ജോലിചെയ്യുമ്പോള്‍ 2002ല്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടു. തുടര്‍ന്ന് ദുബൈ പോലീസില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട വിവരം റിപ്പോര്‍ട്ട് ചെയ്തു. പോലീസില്‍ നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഹാജരാക്കി പുതിയ പാസ്‌പോര്‍ട്ട് ലഭ്യമാക്കി. തുടര്‍ന്ന് കുറേക്കാലം നാട്ടില്‍ നില്‍ക്കുകയും പിന്നീട് പല പ്രാവശ്യം നാട്ടില്‍ പോവുകയും വരികയും ചെയ്തിരുന്നു. എന്നാല്‍ 2010 സെപ്തംബര്‍ 10ന് നാട്ടിലേക്ക് പോകുമ്പോള്‍ ഇദ്ദേഹത്തെ വിമാനത്താവള പോലീസ് അറസ്റ്റ് ചെയ്തു. ദുബൈയിലെ ഒരു ബേങ്ക് ഫയല്‍ ചെയ്ത ചെക്ക് കേസിലാണ് അറസ്റ്റ് ചെയ്തത്.
പോലീസ് സൈഫുദ്ദീന്റെ മൊഴി എടുത്തപ്പോള്‍ ബേങ്കില്‍ തനിക്ക് അക്കൗണ്ട് ഇല്ലെന്നും, ഒരു ബേങ്കല്‍ നിന്നും ക്രെഡിറ്റ് കാര്‍ഡോ, വായ്പയോ എടുത്തിട്ടില്ലെന്നും ചെക്കില്‍ കാണുന്ന ഒപ്പ് തന്റേതല്ലെന്നും സൈഫുദ്ദീന്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് പോലീസ് ഒപ്പ് പരിശോധിക്കാനായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചു. റിപ്പോര്‍ട്ട് സൈഫുദ്ദീന് അനുകൂലമായി. തുടര്‍ന്ന് പ്രോസിക്യൂഷന്‍ കേസ് റദ്ദു ചെയ്തു. സൈഫുദ്ദീന്‍ അഡ്വ. ശംസുദ്ദീന്‍ കരുനാഗപ്പള്ളിയുടെ നിയമ ഉപദേശത്തോടെ ബേങ്കിനെതിരെ ദുബൈ കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു. 50,000 ദിര്‍ഹം നഷ്ട പരിഹാരം ആവശ്യപ്പെട്ട് ഫയല്‍ ചെയ്ത കേസില്‍ 20,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ പ്രാഥമിക കോടതി വിധിക്കുകയായിരുന്നു.