നെതന്യാഹുവിനെതിരെ ടെല്‍ അവീവില്‍ പതിനായിരങ്ങളുടെ റാലി

Posted on: March 9, 2015 10:25 am | Last updated: March 9, 2015 at 10:25 am
SHARE

tel avivടെല്‍ അവീവ്: ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ടെല്‍ അവീവില്‍ പതിനായിരങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. മാര്‍ച്ച് 17ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ നെതന്യാഹുവിനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നു നീക്കം ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. റാലിയില്‍ എത്ര പേര്‍ പങ്കെടുത്തെന്ന കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും മുപ്പതിനായിരത്തിലധികം ആളുകള്‍ പങ്കെടുത്തിട്ടുണ്ടാകാമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈല്‍ ഒരു മാറ്റം ആവശ്യപ്പെടുന്നു എന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ ടെല്‍അവീവില്‍ ഒത്തുകൂടിയത്. റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച മെര്‍ ദഗന്‍, നേരത്തെ തന്നെ ഇസ്‌റാഈലിന് പ്രതിരോധ മേഖലയില്‍ വരുത്തിവെച്ച നഷ്ടങ്ങളെ കുറിച്ച് എതിര്‍ത്ത് സംസാരിക്കുന്ന വ്യക്തിയായിരുന്നു. താങ്കള്‍ പരാജയപ്പെട്ടെന്നും വീട്ടില്‍പോകൂ എന്നും പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. നെതന്യാഹുവിന്റെ ലിക്വിഡ് പാര്‍ട്ടിയും പ്രതിപക്ഷമായ ഇസാക് ഹെര്‍സോഗിന്റെ പാര്‍ട്ടിയും തിരഞ്ഞെടുപ്പില്‍ ഒപ്പത്തിനൊപ്പം മുന്നേറുന്നുവെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
നാലാം തവണയാണ് നെതന്യാഹു പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് വേളയില്‍ ഇറാന്‍ ആണവകരാറിനെ കേന്ദ്രീകരിച്ചാണ് അദ്ദേഹം മുന്നേറിയിരുന്നത്. എന്നാല്‍ ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഇദ്ദേഹം ഏറ്റുവാങ്ങി. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും നെതന്യാഹുവിനെതിരെ രംഗത്തെത്തിയിരുന്നു. തന്റെ മാത്രം രാ.ഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇറാനുമായി ആണവ കരാറിലെത്തുന്നതിനെ നെതന്യാഹു വിമര്‍ശിക്കുന്നതെന്ന് വ്യാപകമായ ആരോപണം ഉയര്‍ന്നുകഴിഞ്ഞു. നല്ലൊരു ഭാവിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പോലും അദ്ദേഹത്തിനായില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.