തിക്‌രീത്തില്‍ ഇറാഖ് മുന്നേറ്റം; രണ്ട് നഗരങ്ങള്‍ തിരിച്ചുപടിച്ചു

Posted on: March 9, 2015 10:23 am | Last updated: March 9, 2015 at 10:23 am
SHARE

iraqueബഗ്ദാദ്: ഇസില്‍ തീവ്രവാദികളുമായി ശക്തമായ ഏറ്റമുട്ടല്‍ നടത്തിയ ഇറാഖ് സൈന്യം തിക്രിത്തിനോട് ചേര്‍ന്നുള്ള ഒരു നഗരം കൂടി പിടിച്ചെടെത്തു. സദ്ദാം ഹുസൈന്റെ ജന്മനഗരമായ തിക്‌രീത്തിന് വടക്കുള്ള അല്‍ദൗര്‍ ടൗണ്‍ പിടിച്ചതിനു പിറകെയാണ്, ശനിയാഴ്ച നടന്ന തുടര്‍ച്ചയായ ഏറ്റുമുട്ടലിനൊടുവില്‍ താല്‍ കസൈബ നഗരവും ഇസിലില്‍ നിന്ന് തിരിച്ചുപിടിച്ചത്. ഇസില്‍ പിടിച്ച തിക്‌രീത്തില്‍ നിന്ന് പന്‍മാറാന്‍ ഇവര്‍ക്കുമേല്‍ ഇറാഖ് സൈന്യവും പിന്തുണയുള്ള പോരാളികളും ചേര്‍ന്ന് ശക്തമായ സമ്മര്‍ദമാണ് ചെലുത്തുന്നത്.
‘ഞങ്ങള്‍ ആഞ്ഞടിക്കുകയും തിരിച്ചെത്തുന്ന നാട്ടുകാരുടെ സുരക്ഷക്കായി വീടുകള്‍ പരിശോധിക്കുകയും ചെയ്തു. സൈനിക മുന്നേറ്റം നിലനിര്‍ത്തുകയുമാണ്.’ -ശിയാ ബദ്ര്‍ സംഘടനയുടെ വക്താവ് പറഞ്ഞു.
അല്‍ ആലം നഗരത്തിന്റെ കിഴക്ക് തിക്‌രീത്തിന് പത്ത് കിലോമീറ്റര്‍ അകലെയാണ് താല്‍ കസൈബ. തിക്‌രീത്തിന് വടക്കുള്ള അല്‍ദൗര്‍ ടൗണ്‍ വെള്ളിയാഴ്ച ഇറാഖി സൈന്യവും ശിയാ പോരാളികളും ചേര്‍ന്ന് തിരിച്ചുപിടിച്ചിരുന്നു. അമേരിക്കന്‍ സൈനികരുടെ പിടിയിലാകുമ്പോള്‍ സദ്ദാം ഹുസൈന്‍ ഒളിച്ചുകഴിഞ്ഞ സ്ഥലമാണിത്.
ഇവിടങ്ങളിലെ കുടുംബങ്ങളുടെ വീട്ടിലേക്കുള്ള തിരിച്ചുവരവ് എളുപ്പമാക്കാനും സഹായങ്ങള്‍ എത്തിക്കാനും ഇടപെടാനുള്ള പദ്ധതി തയ്യാറാകുന്നുണ്ടെന്ന് പോലീസ് കമ്മീഷനര്‍ മേജര്‍ ജനറല്‍ റാഇദ് ശാകിര്‍ പറഞ്ഞു. ‘സുരക്ഷാ സൈന്യം 2003 മുതല്‍ ഈ ഭാഗങ്ങളില്‍ ചവിട്ടിയിരുന്നില്ല. ഇപ്പോള്‍ ഞങ്ങള്‍ സുരക്ഷാ സംവിധാനങ്ങളും ഭരണ കാര്യങ്ങളും ഏറ്റെടുത്തിട്ടുണ്ട്. തിരിച്ചുവരുന്നവര്‍ക്ക് അവരുടെ വീടുകളിലേക്ക് എത്തല്‍ എളുപ്പമാക്കാനും ഭക്ഷണം ശേഖരിക്കാനും മരുന്നുകളും സന്നദ്ധ സഹായവും നല്‍കാനും പദ്ധതികള്‍ തയ്യാറായിട്ടുണ്ട്.’ അദ്ദേഹം അറിയിച്ചു.
ശനിയാഴ്ച താല്‍ കസൈബ, അല്‍ ദൗര്‍ നഗരങ്ങളിലേക്ക് മുന്നേറാന്‍ ഇറാഖ് സൈന്യവും ശിയാ പോരാളികളും ശ്രമം നടത്തിയപ്പോള്‍ ഇസില്‍ തീവ്രവാദികളുടെ ചെറുത്തുനില്‍പ്പുണ്ടായി. ‘ഞങ്ങള്‍ തീവ്രവാദികളില്‍ നിന്ന് ശക്തമായ ചെറുത്തുനില്‍പ്പ് അഭിമുഖീകരിക്കുന്നു. ഞങ്ങള്‍ അവരെ താല്‍ കസൈബ, അല്‍ദൗര്‍ നഗരങ്ങള്‍ക്കുള്ളില്‍ വലയം ചെയ്യാന്‍ ശ്രമിക്കുകയാണ്. അവര്‍ക്കുള്ള എല്ലാ വിതരണ വഴികളും തടഞ്ഞിട്ടുമുണ്ട്.’- അല്‍ ആലം മേയര്‍ ലൈത്വ അല്‍ ജുബൂരി പറഞ്ഞു.