എം എച്ച് 370: തിരോധാനത്തിന് ഒരാണ്ട് തികഞ്ഞു

Posted on: March 9, 2015 10:21 am | Last updated: March 9, 2015 at 10:21 am
SHARE

malaysiaക്വലാലംപൂര്‍ : 239 യാത്രക്കാരുമായി മലേഷ്യന്‍ വിമാനം എം എച്ച് 370 കാണാതായിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ഇക്കാലയളവില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളോ മറ്റ് തെളിവുകളോ കണ്ടെത്താന്‍ കഴിയാത്തത് ലോക വ്യോമയാന ചരിത്രത്തില്‍ വലിയ ദുരൂഹതയായി തുടരുകയാണ് . വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും ബന്ധുക്കളും മറ്റുള്ളവരുമടങ്ങുന്ന 370 അംഗ സംഘം ക്വലാലംപൂരിലെ ഒരു മാളില്‍ നഷ്ടപ്പെട്ടവരുടെ ഓര്‍മകളുമായി ഒത്തുകൂടി. വിമാനം കാണാതായത് സംബന്ധിച്ച് യാതൊരു സൂചനകളുമില്ലെന്ന് അന്താരാഷ്ട്ര അന്വേഷണ സംഘം ഇന്നലെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ‘വിമാനം കണ്ടെത്തുന്നതിന് സഹായിക്കുന്ന വിമാനത്തിലെ ഡാറ്റാ റെക്കോഡറിന്റെ ബീക്കണ്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററിക്ക് 30 ദിവസത്തെ ഊര്‍ജമേ ഉണ്ടായിരിക്കൂവെന്നും അത് 2012 ഡിസംബറോടെ ഊര്‍ജം തീര്‍ന്ന് പ്രവര്‍ത്തനരഹിതമായെന്നും റിപ്പോര്‍ട്ടിലുണ്ട്.
ആസ്‌ത്രേലിയ, മലേഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ സംയുക്തമായി തിരച്ചില്‍ നടത്തിയെങ്കിലും വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്താനായില്ല. എന്നിരുന്നാലും ബീജിംഗിലേക്ക് പുറപ്പെട്ട വിമാനം ദക്ഷിണേന്ത്യന്‍ സമുദ്രത്തില്‍ തകര്‍ന്ന് വീണതായിരിക്കാമെന്ന് കരുതുന്ന തിരച്ചില്‍ സംഘം ഇപ്പോഴും ശുഭാപ്തി വിശ്വാസത്തിലാണ്.