Connect with us

Articles

പരീക്ഷക്കാലം വരവായി

Published

|

Last Updated

ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി നിര്‍ണയിക്കുന്ന എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കുകയാണ്. സംസ്ഥാനത്ത് 2,964 സ്‌കൂളുകളിലായി 4,68,495 കുട്ടികളാണ് ഇക്കുറി എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നത്. കൂടാതെ ഗള്‍ഫിലെ ഒമ്പത് സ്‌കൂളുകളില്‍ നിന്ന് 465 പേരും ലക്ഷദ്വീപിലെ ഒമ്പത് സ്‌കൂളില്‍ നിന്ന് 1,128 പേരും പരീക്ഷ എഴുതുന്നു. കേരളം, ഗള്‍ഫ്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ 2008 പരീക്ഷാ കേന്ദ്രങ്ങളിലായി 9,04,382 വിദ്യാര്‍ഥികളാണ് ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ എഴുതുന്നത്.
വിദ്യാര്‍ഥികള്‍ക്കിത് വേനല്‍ ചൂടിനൊപ്പം പരീക്ഷാ ചൂടിന്റെ കാലം. പുസ്തകത്തിന് മുമ്പില്‍ തപസ്സിരിക്കുന്ന വിദ്യാര്‍ഥികള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരിക്കും ഈ ദിനങ്ങളില്‍. പഠിക്കാന്‍ വിഷയങ്ങളേറെ. സമയമോ പരിമിതവും. എല്ലാറ്റിലുമുപരി, പരീക്ഷയില്‍ ഉന്നത വിജയം നേടാനാകുമോ, അതോ തോല്‍വിക്ക് കീഴടങ്ങേണ്ടി വരുമോ എന്ന ശങ്ക. സമയബന്ധിതമായി കാര്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നതിലുള്ള വീഴ്ച മൂലമാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. അതാതു ദിനങ്ങളിലെടുക്കുന്ന പാഠഭാഗങ്ങള്‍ അപ്പപ്പോള്‍ പഠിച്ചിരുന്നെങ്കില്‍ വിദ്യാര്‍ഥികള്‍ക്കിത്ര മാനസിക പിരിമുറുക്കം അനുഭവപ്പെടില്ലായിരുന്നു. എന്നു മാത്രമല്ല, പഠിച്ച കാര്യങ്ങള്‍ മനസ്സിരുത്തി ഒരാവര്‍ത്തി കൂടി വായിക്കുമ്പോള്‍ സധൈര്യം പരീക്ഷയെ നേരിടാനും വിജയം സുനിശ്ചിതമാക്കാനും കഴിയുമായിരുന്നു. എന്നാല്‍ പല വിദ്യാര്‍ഥികളും ഇക്കാര്യത്തില്‍ ശ്രദ്ധാലുക്കളല്ല. അവര്‍ പഠനം പരീക്ഷാ തലേന്നേക്കോ, അതല്ലെങ്കില്‍ അതിന്റെ രണ്ടുമൂന്ന് ദിവസം മുമ്പേക്കോ നീട്ടിവെക്കുന്നു. ഒടുവില്‍ സ്വയം കുഴിച്ച അലസതയുടെ കുഴിയില്‍ അവര്‍ വീഴുന്നു.
നമ്മുടെ വിദ്യാര്‍ഥികള്‍ പുതിയ അധ്യായന വര്‍ഷാരംഭത്തില്‍ ഏറെ പ്രതീക്ഷകളോടെ കലാലയങ്ങളിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ അവരെ വരവേല്‍ക്കുന്നത് പ്രവേശന കവാടങ്ങളില്‍ കെട്ടിയുയര്‍ത്തിയ ബാനറുകളും വിവിധ വര്‍ണങ്ങളിലുള്ള പതാകകളുമാണ്. ഓരോ വിദ്യാര്‍ഥിയും ഓരോരോ കൊടിക്കീഴില്‍ അണിനിരക്കുന്നു. പിന്നീടങ്ങോട്ട് പഠിക്കാന്‍ തീരെ സമയമില്ല.
മക്കള്‍ വിദ്യാഭ്യാസം നേടണമെന്ന അതിയായ ആഗ്രഹം ഓരോ രക്ഷിതാവിനുമുണ്ടാകും. അതിനായി എത്ര പണം മുടക്കാനും അവര്‍ തയാറാണ്. പേരും പെരുമയുള്ള, ഉയര്‍ന്ന ഫീസ് ഈടാക്കുന്ന വിദ്യാലയങ്ങള്‍ തന്നെ തേടിപ്പിടിച്ച് അഡ്മിഷന്‍ നേടും. എന്നാല്‍ കുട്ടികളുടെ പഠനകാര്യത്തില്‍ ഇവരില്‍ പലരും തീരെ ശ്രദ്ധാലുക്കളല്ലെന്നതാണ് യാഥാര്‍ഥ്യം. പഠന ചുമതല വിദ്യാലയാധികൃതര്‍ക്ക് തീറെഴുതി നല്‍കി വെറും കാഴ്ചക്കാരായി നോക്കിനില്‍ക്കാനാണ് പലര്‍ക്കും താത്പര്യം. പരീക്ഷയല്ലാത്ത കാലങ്ങളില്‍ മക്കളെ വായിക്കാന്‍ ഉപദേശിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്യാതെ, ടെലിവിഷന്‍ സ്‌ക്രീനിന് മുമ്പിലും ഫേസ് ബുക്കിലും വാര്‍ട്‌സ് അപ്പിലും സമയം കൊല്ലുന്ന മക്കള്‍ക്കു നേരെ കണ്ണടക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. പരീക്ഷാ ഫലം പുറത്തുവരുമ്പോള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് കിട്ടാതിരിക്കുകയോ കുട്ടി തോല്‍ക്കുകയോ ചെയ്താല്‍ അവര്‍ക്കെതിരെ വാളോങ്ങാന്‍ ഇവര്‍ക്ക് ധാര്‍മികമായി എന്തവകാശമാണുള്ളത്?
വര്‍ഷം തോറും വിജയ ശതമാനം കൂടുകയാണല്ലോ, പിന്നെ ഇപ്പറയുന്നതിലൊക്കെ എന്തര്‍ഥം എന്ന് ചിന്തിക്കുന്നവരുണ്ടാകും. കോപ്പിയടി ഇതിലൊരു നിര്‍ണായക ഘടകമാണ്. എല്ലാവരേയും അടച്ചാക്ഷേപിക്കുകയല്ല, പരീക്ഷാ ഡ്യൂട്ടിയിലുള്ള അധ്യാപകന്റെ കണ്ണുവെട്ടിച്ച് ഒരു ചെറിയ വിഭാഗം സമര്‍ഥമായി കോപ്പിയടിച്ച് വിജയം വരിക്കുന്നുണ്ട്. പക്ഷേ അത്, വി എസ് അച്യുതാന്ദന്‍ പറഞ്ഞപോലെ, മലപ്പുറത്തോ, മുസ്‌ലിംകളിലോ മാത്രമൊതുങ്ങുന്നതല്ല.
വിദ്യാഭ്യാസ രംഗത്തെ കിടമത്സരം മൂലം വിജയശതമാനം ഉയര്‍ത്താന്‍ ഓരോ വിദ്യാലയവും പരസ്പരം മത്സരിച്ചു കൊണ്ടിരിക്കുകയാണ്. തങ്ങളുടെ കലാലയത്തിന്റെ ഖ്യാതി നിലനിര്‍ത്തുകയും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ അഡ്മിഷന്‍ നേടിയെടുക്കുകയുമാണ് ഇതുവഴി അവര്‍ ലക്ഷ്യമിടുന്നത്. അതിനായി ഏതറ്റം വരെ പോകാനും അവര്‍ തയാറാണ്. സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന 5,707 വിദ്യാര്‍ഥികളെ ഏതെങ്കിലും വിധേനയുള്ള വൈകല്യമുള്ളവരായി ചിത്രീകരിച്ച് പകരക്കാരെ വെച്ച് എസ് എസ് എല്‍ സി പരീക്ഷ എഴുതിക്കുന്നതായ വാര്‍ത്ത അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
നൂറു ശതമാനം വിജയം നേടാന്‍ സ്‌കൂള്‍ അധികൃതര്‍ കാട്ടുന്ന ചെപ്പടി വിദ്യകള്‍ നമ്മുടെ വിദ്യാഭ്യാസ രംഗത്തെ എവിടെ കൊണ്ടുചെന്നെത്തിക്കുമെന്ന് കണ്ടറിയണം. അവര്‍ കാണിക്കുന്ന ആക്രാന്തം മൂലം വിദ്യാര്‍ഥികള്‍ ഏറെ മനഃസംഘര്‍ഷം അനുഭവിക്കേണ്ടി വരുന്നു. പത്തില്‍ നൂറുമേനി കൊയ്യാന്‍ ഒമ്പതില്‍ രണ്ടു തവണ അന്യായമായി തോല്‍പ്പിക്കപ്പെട്ട അരീക്കോട്ടെ ഓറിയന്റല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി നിസ്‌ല ആത്മഹത്യ ചെയ്തിട്ട് കാലമേറെയായിട്ടില്ല. ഇത്തരം സംഭവങ്ങള്‍ ഇനിയും ഇവിടെ ആവര്‍ത്തിക്കപ്പെടരുത്. കുട്ടികള്‍ക്ക് പഠനത്തോട് ആഭിമുഖ്യമുണ്ടാവാന്‍ സ്‌നേഹോഷ്മളമായ പെരുമാറ്റങ്ങളാണ് വിദ്യാലയാന്തരീക്ഷത്തില്‍ നിന്നും ഗൃഹാന്തരീക്ഷത്തില്‍ നിന്നും ഉണ്ടാവേണ്ടത്. കുറ്റപ്പെടുത്തല്‍ കൊണ്ടോ വിരട്ടല്‍ കൊണ്ടോ കാര്യം നേടാനാവില്ല. അത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുകയേയുള്ളൂ.
മറ്റാര്‍ക്കോ വേണ്ടിയല്ല, തങ്ങള്‍ക്കുവേണ്ടി തന്നെയാണ് തങ്ങള്‍ പഠിക്കുന്നതെന്ന ബോധം വിദ്യാര്‍ഥികളില്‍ ജനിപ്പിക്കണം. കൂട്ടിലടച്ച കിളി പറന്നുപോയാല്‍ അതിനെ തിരികെ പിടിക്കാന്‍ ഒരു പക്ഷേ, കഴിഞ്ഞെന്നിരിക്കും. എന്നാല്‍ നഷ്ടപ്പെട്ട സമയത്തെ ഒരിക്കലും വീണ്ടെടുക്കാന്‍ കഴിയില്ല. വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ഇനിയുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണ്. നമ്മുടെ സ്‌കൂള്‍- കോളജ് കാമ്പസുകളില്‍ ഈ പരീക്ഷാ നാളിലും പഠനത്തില്‍ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാതെ സുവര്‍ണ നിമിഷങ്ങള്‍ ഓരോന്നും പാഴാക്കി പൊയ്‌വര്‍ത്തമാനം പറഞ്ഞ് സമയം കൊല്ലുന്ന വിദ്യാര്‍ഥികളെ ധാരാളം കാണാം. വാസ്തവത്തില്‍ പരാജയം ഇവര്‍ വിലകൊടുത്ത് വാങ്ങുകയാണ് ചെയ്യുന്നത്. കലാലയങ്ങളുടെ വിജയ ശതമാനം ഗണ്യമായി കുറക്കുന്നതും ഇവര്‍ തന്നെ. ഇവരെ ബോധവത്കരിക്കാന്‍ രക്ഷാകര്‍ത്താക്കളും അധ്യാപകരും സഹപാഠികളും ഈ വൈകിയ വേളയിലെങ്കിലും തയാറാവേണ്ടതുണ്ട്. കുറുക്കു വഴികള്‍ തേടാതെ നൂറുമേനി വിളയിച്ചെടുക്കാന്‍ അതാണ് ഏറ്റവും നല്ല മാര്‍ഗം.