നെതന്യാഹുവിന്റെ കവല പ്രസംഗം; ഇറാനിലെ പൊട്ടാത്ത ബോംബ്

Posted on: March 9, 2015 10:15 am | Last updated: March 9, 2015 at 11:00 am
SHARE

OBAMA WITH NETHANYAHUജൂത രാഷ്ട്രത്തിന്റെ പിറവി തന്നെ ലോബീംഗിന്റെ മിടുക്കില്‍ നിന്നാണ് സാധ്യമായത്. 1897ലെ ലോക ജൂത മഹാ സമ്മേളനത്തില്‍ പ്രത്യേക രാഷ്ട്ര സംസ്ഥാപനം ലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അത് വെറുമൊരു സ്വപ്നമായിരുന്നു. വിദൂരമായ സാധ്യത പോലുമില്ലാത്ത സ്വപ്‌നം. എന്നാല്‍ അന്നത്തെ ഭൗമ രാഷ്ട്രീയത്തിലെ എല്ലാ കളിക്കാരെയും ഒരുപോലെ സ്വാധീനിച്ച് ജൂതരാഷ്ട്രം പിടിച്ചു വാങ്ങിയതില്‍ മിക്ക രാജ്യങ്ങളിലും നിര്‍ണായകമായ ഇടങ്ങളില്‍ ജോലി ചെയ്തിരുന്ന ജൂത പൗരന്‍മാര്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. പ്രത്യക്ഷത്തില്‍ കണ്ട നയതന്ത്രങ്ങളെക്കാള്‍ എത്രയോ ആഴത്തിലുള്ളതും ഗോപ്യവും നിരന്തരവുമായിരുന്നു അത്. ചില രാജ്യങ്ങളുടെ ചാര സംഘടനകളുടെ തലപ്പത്ത് ജൂതന്‍മാര്‍ ഉണ്ടായിരുന്നു. അവര്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് സമാന്തരമായി വംശീയമായ കൃത്യനിര്‍വഹണവും, മാരകമായ പ്രഹര ശേഷിയോടെ നിര്‍വഹിച്ചു. വിവിധ രാജ്യങ്ങളുടെ ഉദ്യോഗതലങ്ങളിലും നയരൂപവത്കരണ സമിതികളിലും ഉണ്ടായിരുന്ന ജൂതന്‍മാര്‍ അവരുടെ അധികാരമണ്ഡലത്തില്‍ രാഷ്ട്ര സംസ്ഥാപനത്തിന്റെ സന്ദേശങ്ങള്‍ പ്രസരിപ്പിച്ചു കൊണ്ടിരുന്നു. അങ്ങേയറ്റം സൂക്ഷ്മമായ മണ്ണൊരുക്കലായിരുന്നു അത്. ഇരട്ട പൗരത്വം സൂക്ഷിച്ചു ഇത്തരക്കാര്‍. തങ്ങളുടെ യഥാര്‍ഥ പൗരത്വം അവര്‍ക്ക് അധമമായിരുന്നു. വരാനിരിക്കുന്ന രാഷ്ട്രത്തിലെ, യാഥാര്‍ഥ്യമാകാനിടയുള്ള പൗരത്വത്തിലാണ് അവര്‍ ആത്മരതിയോടെ അഭിരമിച്ചത്.
ഇന്നും ലോകത്താകെയുള്ള ജൂതവംശജര്‍ ഈ ‘ഇരട്ട പൗരത്വം’ തുടരുന്നു. അവരില്‍ ചിലര്‍ വിവിധ രാജ്യങ്ങളുടെ മണ്ണില്‍ വേരാഴ്ത്തി നിന്ന് ഇസ്‌റാഈലിനായുള്ള കുത്തിത്തിരിപ്പുകളില്‍ ഏര്‍പ്പെടുന്നു. ഇസ്‌റാഈല്‍ തങ്ങളുടെ സ്വാഭാവിക പങ്കാളിയാണെന്നാണ് അമേരിക്കന്‍ ഭരണാധികാരികള്‍ എക്കാലത്തും പ്രഖ്യാപിച്ചിട്ടുള്ളത്. മാറ്റങ്ങള്‍ക്കായി പ്രസിഡന്റായ ബരാക് ഒബാമ രണ്ടാമൂഴം പൂര്‍ത്തിയാക്കാന്‍ പോകുമ്പോഴും ഈ സ്ഥിതിക്ക് ഒരു മാറ്റവുമില്ല. ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തുന്ന നിരന്തര അധിനിവേശത്തെ ബരാക് ഒബാമ പ്രസംഗത്തില്‍ വിമര്‍ശിച്ചേക്കും. ഗാസയില്‍ നൂറുകണക്കിന് കുട്ടികള്‍ മരിച്ചുവീഴുമ്പോള്‍, ലോകത്താകെ പ്രതിഷേധം കത്തുമ്പോള്‍ അദ്ദേഹം തൂക്കമൊപ്പിച്ച വാക്കുകളില്‍ ഇസ്‌റാഈലിനെ തള്ളിപ്പറഞ്ഞേക്കും. എന്നാല്‍ ഔദ്യോഗികമായി എഴുതിത്തയ്യാറാക്കിയ പ്രസ്താവന വരുമ്പോള്‍ അതില്‍ മുന്നിട്ട് നില്‍ക്കുക ഇസ്‌റാഈലിന്റെ സുരക്ഷയും അതിന്റെ സ്വസ്ഥമായ നിലനില്‍പ്പും തന്നെയായിരുക്കും. ജൂത ലോബീംഗ് ഏറ്റവും മാരകമായി നിലനില്‍ക്കുന്ന രാജ്യമേത് എന്ന ചോദ്യത്തിന് അമേരിക്കയെന്ന സുനിശ്ചിതമായ ഉത്തരമേയുള്ളൂ. പോയ വാരത്തെ ലോകം മുഴുവന്‍ ഈ ഉത്തരത്തിന് ചുറ്റും കറങ്ങുകയായിരുന്നു.
ബെഞ്ചമിന്‍ നെതന്യാഹുവിനെ അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ സ്പീക്കറാണ്. സ്വതവേ ദുര്‍ബലമായിക്കഴിഞ്ഞ ഡെമോക്രാറ്റുകള്‍ക്ക് ഒരു അടി കൊടുക്കാന്‍ വേണ്ടി തന്നെയായിരുന്നു അത്. അഥവാ പ്രസിഡന്റ് ബരാക് ഒബാമക്കുള്ള സന്ദേശം. നെതന്യാഹുവിന്റെ പ്രസംഗത്തിന്റെ ഉള്ളടക്കവും അത് തന്നെയായിരുന്നു. അദ്ദേഹം ഒബാമയെ രൂക്ഷമായി വിമര്‍ശിച്ചു. നാല്‍പ്പത് മിനുട്ട് പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ, ഇറാനുമായി സമീപഭാവിയില്‍ സാധ്യമാകാനിടയുള്ള ആണവ കരാറിനെ ‘ബാഡ് ഡീല്‍’ എന്ന് വിളിച്ചു. അത് പോരെന്ന് തോന്നിയതിനാല്‍ ‘വെരി ബാഡ് ഡീല്‍’ എന്നാക്കി പ്രയോഗം. മെച്ചപ്പെട്ട കരാര്‍ വേണമെന്നായിരുന്നു ആദ്യ വാദം. പ്രസംഗം അവസാനിച്ചതാകട്ടെ കരാര്‍ സാധ്യമാകാതിരിക്കുന്നതാണ് സുരക്ഷിതമായ ഇസ്‌റാഈലിന് നല്ലതെന്ന ഉപസംഹാരത്തോടെയും.
തീര്‍ത്തും സംഹാരാത്മകമാണ് ഈ നിലപാട്. സ്വയം ആണവ ശക്തിയായിരിക്കുകയും ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കാതിരിക്കുകയും ചെയ്യുന്ന ഇസ്‌റാഈലാണ്, ആണവ പരീക്ഷണത്തില്‍ ഇന്നും പിച്ചവെക്കുന്ന ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെച്ച ഇറാനെ പഠിപ്പിക്കുന്നത്. ഇറാനെന്ന പരമാധികാര രാഷ്ട്രത്തിന് അതിന്റെ ഊര്‍ജ പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗങ്ങള്‍ ആരായേണ്ടതുണ്ട്. ചുറ്റും ആണവ ശക്തികള്‍ നില്‍ക്കുമ്പോള്‍ ആണവ ആയുധങ്ങള്‍ വികസിപ്പിക്കാനുള്ള അവകാശം പോലും ആ രാജ്യത്തിനുണ്ട്. എന്നാല്‍ ആണവ പരീക്ഷണത്തിന്റെ പേരില്‍ ഇറാന്‍ ക്രൂരമായ ഉപരോധം അനുഭവിക്കുകയാണ് വര്‍ഷങ്ങളോളം. ഡോളറിലും യൂറോയിലുമുള്ള അതിന്റെ നീക്കിയിരിപ്പ് പണം മരവിപ്പിച്ചിരിക്കുകയാണ്. എണ്ണ സമ്പത്ത് വില്‍ക്കാനാകുന്നില്ല. ഉപരോധത്തിന്റെ ആഘാതം രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് വലിയ തടസ്സം സൃഷ്ടിക്കുന്നു. പൗരന്‍മാര്‍ അതൃപ്തരാണ്. ഈ വിഷമവൃത്തത്തില്‍ നിന്ന് എങ്ങനെയെങ്കിലും പുറത്ത് കടക്കണമെന്ന് ഇറാന്‍ ആഗ്രഹിക്കുന്നുണ്ട്. പ്രത്യേകിച്ച് ഇപ്പോഴത്തെ പ്രസിഡന്റ് ഹസന്‍ റൂഹാനി. വിട്ടുവീഴ്ചകള്‍ക്ക് അദ്ദേഹം ഒരുക്കമാണ്. പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ പിന്തുണയും ഇപ്പോള്‍ ഈ നീക്കത്തിനുണ്ട്. (ഭാവിയില്‍ അത് ഉണ്ടാകുമെന്ന് പറയാനാകില്ല).
ഇനി ഉപരോധത്തിനും ഞെട്ടിക്കലിനും നേതൃത്വം നല്‍കുന്ന അമേരിക്കയുടെ കാര്യമോ? അവര്‍ക്കും ഇതൊന്ന് അവസാനിപ്പിക്കണം. ഇറാനുമായി നല്ല ബന്ധത്തിന് ഒബാമ ഭരണകൂടം പച്ചക്കൊടി കാണിച്ചു കഴിഞ്ഞിരിക്കുന്നു. പുതിയ സാഹചര്യത്തില്‍ ഇസില്‍വിരുദ്ധ യുദ്ധമടക്കമുള്ള താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ഇറാന്‍ വേണമെന്ന് അമേരിക്കക്ക് നിര്‍ബന്ധമുണ്ട്. 1979ലെ വിപ്ലവത്തിന് ശേഷം ഇറാനും അമേരിക്കയും ഇത്രക്ക് അടുത്ത ഒരു കാലം ഉണ്ടായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ജനീവയില്‍ നടക്കുന്ന ആറ് രാഷ്ട്ര ചര്‍ച്ച വലിയ പ്രാധാന്യം കൈവരിച്ചത്. ആണവ കരാറിലേക്ക് ഒരു വാരത്തിന്റെ അകലമേയുള്ളൂവെന്ന് വാര്‍ത്ത വന്നു. ഈ ചരിത്ര സന്ധിയിലാണ് നെതന്യാഹു ഇസ്‌റാഈലിന്റെ നിലനില്‍പ്പ്, മേഖലയുടെ സുരക്ഷ തുടങ്ങിയ പതിവ് ആക്രോശങ്ങളുമായി ചാടിവീണത്.
സത്യത്തില്‍ നെതന്യാഹു സംസാരിച്ചത് അമേരിക്കന്‍ കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്താനോ ഒബാമയെ ഉപദേശിക്കാനോ വേണ്ടിയായിരുന്നില്ല. രണ്ടാഴ്ച കഴിഞ്ഞ് നടക്കാനിരിക്കുന്ന ഇസ്‌റാഈല്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച് കയറാനുള്ള കവല പ്രസംഗം മാത്രമായിരുന്നു അത്. അമേരിക്കന്‍ കോണ്‍ഗ്രസില്‍ നടത്തിയ കവല പ്രസംഗം. ഇന്ത്യയില്‍ പാക്‌വിരുദ്ധത പോലെ ജൂതരാഷ്ട്രത്തില്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇറാന്‍ വിരുദ്ധതക്ക് നല്ല മാര്‍ക്കറ്റാണ്. എല്ലാവരും ലീബര്‍മാന്‍മാരാകുന്ന കാലം. നെതന്യാഹുവിന്റെ ആഭ്യന്തര പ്രതിച്ഛായ അത്ര നന്നല്ല ഇപ്പോള്‍. ഭരണപരാജയത്തിനും അതിവൈകാരിക തീരുമാനങ്ങളിലും അദ്ദേഹം പഴി കേട്ടുകൊണ്ടിരിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ‘ഇറാന്‍ ബോംബ്’ മാത്രമേ രക്ഷയുള്ളൂ. 2010ലും ഇത് തന്നെയാണ് അദ്ദേഹം പറഞ്ഞതെന്നോര്‍ക്കണം. അന്ന് പറഞ്ഞത് ഒരു മാസം കഴിഞ്ഞാല്‍ ഇറാന്‍ ആണവ രാജ്യമാകുമെന്നാണ്. മാസങ്ങള്‍ എത്ര കഴിഞ്ഞു, വല്ലതും സംഭവിച്ചോ?
ഇറാനിലെ ആഭ്യന്തര രാഷ്ട്രീയം കൂടി ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട്. മിതവാദികളെന്നും തീവ്രവാദികളെന്നുമുള്ള വിഭജനം മുമ്പത്തേക്കാളേറെ ശക്തമാണ് അവിടെ. പ്രസിഡന്റ് റൂഹാനി ആണവ കരാറിനായി മുട്ടിലിഴയുന്നുവെന്നാണ് സ്പീക്കര്‍ അലി ലറിജാനിയെപ്പോലുള്ള തീവ്ര ഗ്രൂപ്പുകാര്‍ പറയുന്നത്. ചര്‍ച്ച പൊളിയണമെന്നാണ് ഇക്കൂട്ടരുടെ ആഗ്രഹം. യുറേനിയം സമ്പുഷ്ടീകരണം 60 ശതമാനമാക്കാനുള്ള ബില്ലും പോക്കറ്റിലിട്ടാണ് അവര്‍ നടക്കുന്നത്. ജനീവയിലെ വെളിച്ചം അണഞ്ഞു കിട്ടിയാല്‍ അവര്‍ അത് പുറത്തെടുക്കും. ആയത്തുല്ല ഖാംനഈ അതിനെ പിന്തുണക്കുകയും ചെയ്യും. അറബ് രാഷ്ട്രങ്ങളിലൊന്നാകെയുള്ള ഇറാന്‍ പേടി കൂടുതല്‍ രൂക്ഷമാകും. അവരെല്ലാം കരഞ്ഞ് വിളിച്ച് അമേരിക്കയുടെ കാല്‍ക്കല്‍ വീഴും. കൂടുതല്‍ ഉപരോധങ്ങള്‍, കൂടുതല്‍ ഒറ്റപ്പെടുത്തലുകള്‍. അതാകും ആത്യന്തികമായി ഉണ്ടാകുക. കരാര്‍ സാധ്യമാക്കാതിരിക്കാന്‍ ഒച്ചയുണ്ടാക്കുന്ന നെതന്യാഹു ഈ രാഷ്ട്രീയം കൂടി കാണുന്നുണ്ടാകാം.
എല്ലാ പ്രതിബന്ധങ്ങളെയും ലോബീംഗിനെയും തരണം ചെയ്ത് യു എസ്, ഇറാന്‍ ആണവ കരാര്‍ പ്രാബല്യത്തിലായാല്‍ എന്താകും സ്ഥിതി? ഒരു കാര്യം ഉറപ്പാണ്. അത് ഇറാന്റ ആണവ അവകാശം ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാകില്ല. ചര്‍ച്ചാ മേശയിലെ അധികാരത്തെയാകും അത് പ്രതിഫലിപ്പിക്കുക. ഇസ്‌റാഈല്‍ അടക്കമുള്ളവരുടെ കൃത്രിമ ആശങ്കകളെ അഭിസംബോധന ചെയ്യാനുള്ള നിബന്ധനകളാകും അതില്‍ നിറയെ. കരാറിലില്ലാത്ത ഉപാധികള്‍ വേറെയും. ഇസില്‍ ദൗത്യത്തില്‍ ഇറാന്റെ പ്രത്യക്ഷ പങ്കാളിത്തമായിരിക്കും അതില്‍ ഏറ്റവും മാരകം. ഇറാനെ കളത്തിലിറക്കി ഇസില്‍ പ്രശ്‌നത്തെ സുന്നി- ശിയാ സംഘര്‍ഷമാക്കി മാറ്റാനുള്ള യു എസ് തന്ത്രം ഇതോടെ വിജയിക്കും. മേഖലയില്‍ ഈ കൂട്ടുകെട്ട് ഏല്‍പ്പിക്കുന്ന ആഘാതം അത്യന്തം ഭീകരമായിരിക്കും.