നിരന്തരം മാനസിക പീഡനം അനുഭവിക്കുന്നു: യുബര്‍ ഇര

Posted on: March 9, 2015 12:10 am | Last updated: March 9, 2015 at 10:11 am
SHARE

ന്യൂഡല്‍ഹി: താന്‍ ദിനംപ്രതി മാനസികമായി പീഡിപ്പിക്കപ്പെടുകയാണെന്ന് യുബര്‍ ടാക്‌സിയില്‍ പീഡനത്തിനിരയായ ഉദ്യോഗസ്ഥ. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുബര്‍ ടാക്‌സി എന്ന സ്ഥാപനം തന്നെ അവഹേളിക്കുകയാണ് ചെയ്തതെന്ന് 25കാരിയായ ഉദ്യോഗസ്ഥ വനിതാ ദിനത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനായി യുബറിന്റെ നയങ്ങളിലും സേവനങ്ങളിലും സമ്പൂര്‍ണ മാറ്റം വേണമെന്നാവശ്യപ്പെട്ട് താന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അധികാരികളെ സ്വാധീനിക്കുകയായിരുന്നു കമ്പനി. അവര്‍ ചില ചെപ്പടി വിദ്യകള്‍ നടത്തി ഡല്‍ഹിയിലെ പ്രവര്‍ത്തനം പുനരാരംഭിച്ചു. യുവതി ചൂണ്ടിക്കാട്ടി.
സുരക്ഷിതമാണെന്ന് സ്ത്രീകള്‍ക്ക് ബോധ്യമാകാതെ സമത്വം സാധ്യമല്ല. ആ സംഭവം മറക്കാനാണ് താന്‍ ശ്രമിക്കുന്നത്. എന്നാല്‍ നിയമനടപടികള്‍ നിരന്തരം അത് ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ പ്രതിയുടെ അഭിഭാഷകര്‍ ക്രോസ് വിസ്താരം നടത്തി. ഈ നടപടികള്‍ ഓരോ ദിവസവും തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു.
മൊബൈല്‍ ആപ്പ് വഴി വിളിക്കുന്ന യുബര്‍ ടാക്‌സിയില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ഡ്രൈവര്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതേതുടര്‍ന്ന് യുബര്‍ ടാക്‌സിയുടെ സേവനം നിരോധിച്ചിരുന്നു.