പല ഇന്ത്യക്കാര്‍ക്കും ഡല്‍ഹി കേസിലെ പ്രതിയുടെ മനോഭാവമെന്ന് അമേരിക്കന്‍ സംവിധായകന്‍

Posted on: March 9, 2015 10:10 am | Last updated: March 9, 2015 at 12:59 pm
SHARE

Ram_Devineriവാഷിംഗ്ടണ്‍: ഡല്‍ഹി ബലാത്സംഗ കേസിലെ പ്രതിയുടെ പ്രതികരണങ്ങളില്‍ തനിക്ക അത്ഭുതമില്ലെന്ന് ഇന്ത്യന്‍- അമേരിക്കന്‍ സിനിമാ സംവിധായകന്‍ രാം ദെവിനേനി. ഇന്ത്യയില്‍ കൂട്ടബലാത്സംഗത്തിന്റെ ഇര സൂപ്പര്‍ഹീറോ ആയ കഥ പറയുന്ന ‘പ്രിയാസ് ശക്തി’ എന്ന കോമിക് ബുക്കിന്റെ രചയിതാവാണ് അദ്ദേഹം. പുസ്തക രചനയുടെ അന്വേഷണത്തിന്റെ ഭാഗമായി താന്‍ നിരവധി ഇന്ത്യക്കാരെ കണ്ടെന്നും ഡല്‍ഹി കേസിലെ പ്രതി മുകേഷ് സിംഗ് ബി ബി സിയുടെ അഭിമുഖത്തില്‍ പറഞ്ഞ അഭിപ്രായമാണ് അവര്‍ പങ്കുവെച്ചതെന്നും ദെവിനേനി എന്‍ ബി സി ന്യൂസിനോട് പറഞ്ഞു.
നിര്‍ഭയ പ്രിയയെ സ്വാധീനിച്ചിരുന്നു. അത്തരമൊരു കോമിക് പുസ്തകം എഴുതാനുള്ള കാരണം നിര്‍ഭയയാണ്. പുസ്തകത്തിന്റെയും പ്രിയയുടെയും യഥാര്‍ഥ മുഖവും ശബ്ദവും ലഭിക്കാന്‍ വേണ്ടിയാണ് വീഡിയോ നിര്‍മിച്ചത്. വായനക്കാരനെ യാഥാര്‍ഥ്യത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള പ്രവണത കോമിക് പുസ്തകങ്ങള്‍ക്കുണ്ട്. എന്നാല്‍ വീഡിയോ ചേര്‍ക്കുമ്പോള്‍, കഥാപാത്രങ്ങള്‍ക്ക് പിന്നില്‍ യഥാര്‍ഥ മനുഷ്യമുഖങ്ങളും കഥയും ഉണ്ടെന്ന് വ്യക്തമാകും. ദെവിനേനി പറഞ്ഞു.
ഹിന്ദുസ്ഥാന്‍ ടൈംസുമായി ചേര്‍ന്ന് 2012ല്‍ എന്‍ ബി സി ന്യൂസ് നടത്തിയ സര്‍വേയില്‍ 18നും 25നും ഇടയിലുള്ള ഡല്‍ഹിയിലെ 100ല്‍ 92 പേരും പൊതുയിടങ്ങളില്‍ സ്ത്രീകളെ ശല്യപ്പെടുത്തിയവരായിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 78 ശതമാനം വനിതകളും പറഞ്ഞത് തങ്ങള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നാണ്. ഡല്‍ഹിയിലെ യുവാക്കളുമായി തെരുവില്‍ സംസാരിച്ചതിന്റെയും ബലാത്സംഗ ഇരയുടെയും അഭിമുഖങ്ങളടങ്ങയി ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ദക്ഷിണ ഡല്‍ഹിയിലെ മാര്‍കറ്റ് സ്ട്രീറ്റിലെ 21നും 25നും ഇടയില്‍ പ്രായമുള്ള തൊഴിലാളികളോടാണ് പ്രിയാസ് ശക്തി സംഘം സംസാരിച്ചത്. അമ്പത് ശതമാനം പുരുഷന്റെയും അമ്പത് ശതമാനം സ്ത്രീയുടെയും കുറ്റം കൊണ്ടാണ് ബലാത്സംഗം സംഭവിക്കുന്നതെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. പ്രകോപനപരമായ വസ്ത്രധാരണം പീഡനത്തിലേക്ക് നയിക്കുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.
തങ്ങളെ അക്രമിച്ചാലോ മോശമായി പെരുമാറിയാലോ പ്രശ്‌നമുണ്ടായിരുന്നില്ല. പക്ഷെ പുരുഷകേന്ദ്രീകൃത കാഴ്ചപ്പാടാണ് അവര്‍ പങ്കുവെച്ചത്. മോശം പെണ്‍കുട്ടികളാണ് ബലാത്സംഗത്തിന് ഇരകളാകുന്നുവെന്ന നിലപാടിലാണ് അവര്‍. ഡല്‍ഹിയിലെ പുരുഷന്‍മാര്‍ എല്ലാവരും മോശക്കാരാണെന്ന് ചിത്രീകരിക്കുകയല്ല. എന്നാല്‍ പകുതി പേരും അങ്ങനെയാണ്. ദെവിനേനി പറഞ്ഞു.