പ്രധാനമന്ത്രി നയം വ്യക്തമാക്കണം: കോണ്‍ഗ്രസ്

Posted on: March 9, 2015 1:05 am | Last updated: March 9, 2015 at 10:05 am
SHARE

aicc-headquartersന്യൂഡല്‍ഹി: ഹുര്‍റിയത്ത് തീവ്രവാദി വിഭാഗത്തിന്റെ നേതാവ് മസ്‌റത് ആലത്തെ വിട്ടയക്കാനുള്ള കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നയം വ്യക്തമാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. ജമ്മു കാശ്മീരില്‍ പി ഡി പിയും ബി ജെ പിയും തമ്മിലുള്ള സഖ്യം തുടരുന്നതിന്റെ നയം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണം. ഈ സഖ്യം കാശ്മീര്‍ താഴ്‌വരയുടെ സമാധാനം തകര്‍ക്കുന്നുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
മസ്‌റത് ആലമിന്റെ മോചനം കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുന്നു. എകപക്ഷീയമായ തീരുമാനങ്ങളിലൂടെ കാശ്മീരിലെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നതിന് ബി ജെ പി ഉത്തരം നല്‍കണമെന്ന് എ ഐ സി ആശയവിനിമയ വിഭാഗം ചുമതലയുള്ള റണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
മറ്റൊരു നേതാവ് മനീഷ് തിവാരിയും വിഷയത്തില്‍ മോദിയെ ശക്തമായി വിമര്‍ശിച്ചു. ആലമിനെ വിട്ടയച്ചതില്‍ ബി ജെ പി ജമ്മുവില്‍ പ്രതിഷേധിക്കുന്നു. പക്ഷേ ഡല്‍ഹിയില്‍ ഒഴിഞ്ഞു മാറുകയാണ.് ആരാണ് രാഷ്ട്രീയ തടവുകാരനെന്നും ആരാണ് തീവ്രവാദിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് തിവാരി ട്വിറ്ററില്‍ കുറിച്ചു.
മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും എം പിയുമായ രാജീവ് സാദവും ബി ജെ പിയെ കുറ്റപ്പെടുത്തി രംഗത്തെത്തി. ബി ജെ പി ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ക്രിമിനല്‍ കേസില്ലാത്ത രാഷ്ട്രീയ തടവുകരെ വിട്ടയക്കുന്നതിനുള്ള ഉത്തരവില്‍ ഉള്‍പ്പെടുത്തിയാണ് മുഫ്തി മുഹമ്മദ് സഈദ് സര്‍ക്കാര്‍ ആലമിനെ വിട്ടയക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത്. 2008ലും 2010ലും കാശ്മീരില്‍ നടന്ന ഇന്ത്യാവിരുദ്ധ കല്ലേറ് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മസ്‌റത് ആലമായിരുന്നു.