എ എ പിയെ തകര്‍ക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ ഭീഷണിപ്പെടുത്തി: അശുതോഷ്

Posted on: March 9, 2015 7:56 am | Last updated: March 9, 2015 at 9:57 am
SHARE

ASHUTOSHന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയിലെ വിഭാഗീയത രൂക്ഷമാക്കി അശുതോഷിന്റെ വെളിപ്പെടുത്തല്‍. പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ സ്ഥാനം അരവിന്ദ് കെജ്‌രിവാള്‍ ഒഴിയണമെന്ന് കലാപമുണ്ടാക്കുന്ന പ്രശാന്ത് ഭൂഷണ്‍ പാര്‍ട്ടിയെ തകര്‍ക്കുമെന്ന് ഒരിക്കല്‍ ഭീഷണിപ്പെടുത്തിയതായി മുതിര്‍ന്ന നേതാവ് അശുതോഷ് വെളിപ്പെടുത്തി.
നേരത്തെ ഒരു പാര്‍ട്ടി യോഗത്തിനിടെ അരവിന്ദ് കെജ്‌രിവാളിനെതിരെ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു. മറുപടി പറയാന്‍ എഴുന്നേറ്റ അദ്ദേഹം, പക്ഷെ ഒന്നും പറയാതെ പൊട്ടിക്കരയുകയായിരുന്നു. റോബര്‍ട്ട് വദ്ര, അംബാനി, നരേന്ദ്ര മോദി തുടങ്ങിയവര്‍ക്കെതിരെ പോരാടിയിട്ടുണ്ട്. എന്നാല്‍ തന്റെ സ്വന്തം ആളുകള്‍ക്കെതിരെ പോരാടാനാകില്ല. അന്ന് കെജ്‌രിവാള്‍ പറഞ്ഞു. പാര്‍ട്ടി വിമതര്‍ കെജ്‌രിവാളിനെതിരെ ഗൂഢാലോചന നടത്തുകയാണ്. ഈ വിഷയം പൊതുജനമധ്യത്തില്‍ എത്തരുതെന്നാണ് തങ്ങളുടെ ആഗ്രഹം. പക്ഷെ കെജ്‌രിവാളിനെ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമം നടന്നു. സ്ഥാനം രാജിവെച്ച് യോഗേന്ദ്ര യാദവിനെ കണ്‍വീനര്‍ ആക്കിയില്ലെങ്കില്‍, പത്ര സമ്മേളനം വിളിച്ച് പാര്‍ട്ടിയെ തകര്‍ക്കുമെന്ന് കഴിഞ്ഞ ആഗസ്റ്റ്- സെപ്തംബര്‍ മാസങ്ങളില്‍ പ്രശാന്ത് ഭൂഷണ്‍ കെജ്‌രിവാളിന് കത്തെഴുതി. അശുതോഷ് പറഞ്ഞു.
അന്ന് പാര്‍ട്ടി യോഗത്തില്‍ പൊട്ടിക്കരഞ്ഞ കെജ്‌രിവാള്‍, വീട്ടിലെത്തി രാഷ്ട്രീയം വിടുന്നതിനെ സംബന്ധിച്ച് കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തി. അധികം വൈകാതെ പ്രശാന്ത് ഭൂഷണും യോഗേന്ദ്രയും കെജ്‌രിവാളിന്റെ വീട്ടിലെത്തി, ഡല്‍ഹി തിരഞ്ഞെടുപ്പില്‍ എന്ത് തീരുമാനം കൈക്കൊള്ളാനും ദേശീയ നിര്‍വാഹക സമിതി യോഗം കെജ്‌രിവാളിനെ ഏല്‍പ്പിച്ചിരിക്കുയാണെന്ന് അറിയിച്ചു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടി വിജയിക്കില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ പരസ്യമായി പറഞ്ഞെന്ന് ആശിഷ് ഖേതനും മറ്റ് ചില നേതാക്കളും തന്നോട് പറഞ്ഞിട്ടുണ്ടെന്നും അശുതോഷ് അറിയിച്ചു.
പാര്‍ട്ടിയില്‍ കലഹമില്ലെന്ന് ദേശീയ നിര്‍വാഹക സമിതിയില്‍ തീരുമാനമെടുത്തതായി എ എ പി നേതാവ് മനീഷ് സിസോദിയ പറഞ്ഞു. നീ, ഞാന്‍ എന്ന നിലക്ക് പ്രചാരണം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.