മദ്യനയം: സര്‍ക്കാര്‍ സംശയത്തിന്റെ നിഴലിലെന്ന് ഇടയലേഖനം

Posted on: March 9, 2015 12:50 am | Last updated: March 9, 2015 at 9:51 am
SHARE

കൊച്ചി: മദ്യനയത്തോടുള്ള സര്‍ക്കാരിന്റെ സമീപനം സംശയത്തിന്റെ നിഴലിലാണെന്ന് ഇടയ ലേഖനം. കെ സി ബി സി കേരള കത്തോലിക്കാ സഭയുടെ മദ്യവിരുദ്ധ ഞായര്‍ ആചരണത്തിന്റെ ഭാഗമായി പള്ളികളില്‍ ഞായറാഴ്ച വായിച്ച ഇടയലേഖനത്തിലാണ് സര്‍ക്കാരിന്റെ തിരുത്തിയ മദ്യനയത്തിനെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ന്നത്. മദ്യത്തിന്റെ ഉപഭോഗം കുറക്കാന്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയാതിരുന്നത് സര്‍ക്കാരിന്റെ പരാജയമാണെന്നും ഇടയലേഖനം കുറ്റപ്പെടുത്തുന്നു.
സംസ്ഥാനത്ത് മദ്യലഭ്യത കുറഞ്ഞില്ലെങ്കില്‍ അത് സര്‍ക്കാരിന്റെ പരാജയമാണ്. മദ്യനയത്തോടുള്ള ആത്മാര്‍ഥത തെളിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തെ മദ്യവിമുക്തമാക്കാനുള്ള കര്‍മപദ്ധതി ഉടന്‍ പ്രഖ്യാപിക്കണം. മദ്യവ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നടപടികളെ വിമര്‍ശ ബുദ്ധിയോടെ വിലയിരുത്തണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്യുന്നു.
പുതുതലമുറയെ ആദ്യം വീര്യം കുറഞ്ഞ മദ്യത്തിലും പിന്നീട് വീര്യം കൂടിയ ലഹരിക്കും അടിമയാക്കാനേ ബിയര്‍- വൈന്‍ പാര്‍ലറുകള്‍ ഉപകരിക്കൂ. 10 വര്‍ഷത്തിനുള്ളില്‍ കേരളത്തെ മദ്യരഹിതമാക്കുമെന്ന പ്രഖ്യാപനത്തിന്റെ പൊരുള്‍ വിശദീകരിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. സാധിക്കും വരെ സര്‍ക്കാര്‍ സംശയത്തിന്റെ മുള്‍മുനയിലായിരിക്കും.
മദ്യത്തിനെതിരായ അനൂകൂല സാഹചര്യം മനസ്സിലാക്കി അതിനെ ഫലപ്രദമായി ഉപയോഗിച്ച് ആത്മാര്‍ഥത തെളിയിക്കണം.കത്തോലിക്കരെ മാത്രം മദ്യത്തില്‍നിന്ന് മോചിപ്പിക്കുക എന്ന സങ്കുചിത ചിന്ത സഭക്ക് ഇല്ലെന്നും കെ സി ബി സി മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ ബിഷപ്പ് മാര്‍ റെജിനിയോസ് ഇഞ്ചനാനിയില്‍ തയ്യാറാക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. മദ്യവ്യാപാരികളായ കത്തോലിക്കാ വിശ്വാസികളില്‍നിന്ന് സംഭാവന സ്വീകരിക്കരുതെന്നും 13 നിര്‍ദേശങ്ങള്‍ അടിങ്ങിയ ഇടയലേഖനത്തില്‍ പറയുന്നു. വൈസ് ചെയര്‍മാന്മാരായ ബിഷപ്പ് ജോഷ്വാമാര്‍ ഇഗ്‌നാത്തിയോസ്, ബിഷപ്പ് ജോസഫ് കാരിക്കശേരി ഇടയലേഖനത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.