Connect with us

Kerala

പങ്കാളിത്ത വ്യവസ്ഥയില്‍ റയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുന്നു

Published

|

Last Updated

പാലക്കാട്: സ്വകാര്യ- പൊതുമേഖലാ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ സ്റ്റേഷനുകളില്‍ നടപ്പാലങ്ങള്‍ (എഫ് ഒ ബി), ടച്ച് സ്‌ക്രീനുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ റയില്‍വേയുടെ നീക്കം. യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ പരമാവധി സ്വകാര്യസ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പങ്കാളിത്തത്തോടെ നടപ്പാക്കണമെന്ന് റയില്‍വേ ബോര്‍ഡ് ഡിവിഷന്‍ ഓഫീസുകള്‍ക്കു നിര്‍ദേശം നല്‍കി.
പദ്ധതികള്‍ സ്വന്തമായോ റയില്‍വേയുടെ സഹായത്തോടെയോ സ്ഥാപനങ്ങള്‍ക്കു നടപ്പാക്കാം. പങ്കാളിത്തവ്യവസ്ഥയില്‍ വിഹിതം സംബന്ധിച്ചു തീരുമാനം താമസിയാതെ ഉണ്ടാകും. വന്‍കിട സ്വകാര്യ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളെ ഈ ലക്ഷ്യവുമായി സംയോജിപ്പിക്കുമെന്ന് പാലക്കാട് സീനിയര്‍ ഡിവിഷനല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ പി എ ധനഞ്ജയന്‍ പറഞ്ഞു.
ട്രെയിനുകളെക്കുറിച്ചുള്ള അനൗണ്‍സ്‌മെന്റ്, ഡിസ്‌പ്ലേ, ഇരിപ്പിടങ്ങള്‍, മാലിന്യസംഭരണ സംവിധാനം എന്നിവയാണു പ്രധാനമായും സ്വകാര്യപങ്കാളിത്തത്തോടെ ഇപ്പോള്‍ നടപ്പാക്കുന്നത്. പുതിയ തീരുമാനമനുസരിച്ചു യാത്രക്കാര്‍ക്കാവശ്യമായ 50 ഇനങ്ങളില്‍ സ്‌പോണ്‍സര്‍ഷിപ് അനുവദിക്കും. സോളാര്‍, കാറ്റാടി യന്ത്രങ്ങളില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചു റയില്‍വേ സ്‌റ്റേഷനുകളില്‍ വിളക്കുകള്‍ സ്ഥാപിക്കല്‍, സ്റ്റേഷനുകളില്‍ മേല്‍ക്കൂരകള്‍, ഇലക്‌ട്രോണിക് ചാര്‍ട്ട്, പ്ലാറ്റ്‌ഫോമുകളില്‍ ഇലക്ട്രിക്കല്‍ ഡിജിറ്റല്‍ ബോര്‍ഡുകള്‍, ട്രെയിനുകളുടെ വരവും പോക്കും പ്രദര്‍ശിപ്പിക്കുന്ന പ്ലാസ്മ സ്‌ക്രീനുകള്‍, സ്റ്റേഷനകത്തും പുറത്തും ശുചിത്വ നടപടികളുടെ ഭാഗമായുള്ള ട്രോളികള്‍, വയോധികരും അംഗവൈകല്യമുള്ളവരുമായ യാത്രക്കാര്‍ക്ക് പ്ലാറ്റ്‌ഫോമിലെത്താനും പുറത്തു കടക്കാനും ബാറ്ററി കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന കാറുകള്‍, സ്‌റ്റേഷനുകളില്‍ ജലസംഭരണം ഉറപ്പാക്കാനുള്ള മഴക്കൊയ്ത്ത് സംവിധാനം, എസ്‌കലേറ്റര്‍, എലിവേറ്ററുകള്‍, ഇന്‍വര്‍ട്ടറുകള്‍ തുടങ്ങിയ പദ്ധതികള്‍ക്കാണ് സ്‌പോണ്‍സര്‍മാരെ തേടുന്നത്.
നിര്‍മാണത്തിനും ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനും എംപിമാരില്‍ നിന്നുള്ള ധനസഹായവും തേടിയതായി ഡിവിഷനല്‍ മാനേജര്‍ പറഞ്ഞു. മംഗളൂരു, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് സ്‌റ്റേഷനുകളിലാണ് വൈകല്യമുള്ളവര്‍, പ്രായമായവര്‍ എന്നിവര്‍ക്കുള്ള ബാറ്ററി കാറുകള്‍ ആരംഭിക്കുന്നത്.

Latest