ക്രമക്കേടില്‍ മുങ്ങി കാര്‍ഷിക വകുപ്പിന്റെ ഗ്രോബാഗ് പദ്ധതി

Posted on: March 9, 2015 7:46 am | Last updated: March 9, 2015 at 9:46 am
SHARE

കോട്ടക്കല്‍: കൃഷി വകുപ്പിന്റെ ഗ്രോബാഗ് പദ്ധതിയില്‍ വന്‍ക്രമക്കേടെന്ന് ആക്ഷേപം. പച്ചക്കറി വികസനത്തിനായി സംസ്ഥാന കാര്‍ഷിക വകുപ്പ് നടപ്പാക്കുന്നതാണ് പദ്ധതി.
500 രൂപ നല്‍കി അംഗമാകുന്ന കര്‍ഷകന് 1500രൂപ സബ്‌സിഡി അടക്കം 2000രൂപയുടെ ഗ്രോബാഗുകള്‍ ലഭിക്കുമെന്നാണ് അറിയിപ്പുണ്ടായിരുന്നത്. രണ്ട് വര്‍ഷത്തേക്ക് കൃഷിചെയ്യാന്‍ പാകത്തില്‍ വളംനിറച്ച് മെച്ചപ്പെട്ട ഇനം പച്ചക്കറികള്‍ നട്ടുപിടിപ്പിച്ച 25 ഗ്രോബാഗുകളാണ് കര്‍ഷകന് നല്‍കുക. ഇത് വീട്ടില്‍ എത്തിച്ചു നല്‍കുമെന്നാണ് വാഗ്ദാനം. പണമടച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പലകര്‍ഷകര്‍ക്കും ഗ്രോബാഗുകള്‍ ലഭിച്ചിരുന്നില്ല. നിരന്തരം ബന്ധപ്പെട്ടതിനെ തുടര്‍ന്ന് കിട്ടിയവര്‍ക്കാകട്ടെ ലഭിച്ചത് ചെങ്കല്‍ ക്വാറിയിലെ മണ്ണ്‌നിറച്ച് പേരിന്മാത്രം വളം നിറച്ചവയാണ്.
മലപ്പുറം ജില്ലയില്‍ ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നാണ് ഗ്രോബാഗുകള്‍ അതത് കൃഷി ഓഫീസുകളില്‍ എത്തിച്ചത്. ഇവ ഒന്നിന്ന് 13രൂപയാണ് വില. ഇതനുസരിച്ച് 325 രൂപമാത്രമാണ് വിലവരിക. മണ്ണ് നിറക്കുന്നതിനും മറ്റുമുള്ള വില കൂട്ടിയാല്‍ ആകെ 450രൂപ മാത്രമാണ് വരിക. സബ്‌സിഡി തുകയാകട്ടെ പലര്‍ക്കും ലഭിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.
ഓരോ കൃഷി ഓഫീസുകളിലും നൂറിലേറെ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. വിവിധ ഓഫീസുകളിലെ അപേക്ഷ അനുസരിച്ച് ലക്ഷക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവിലെത്തിയിട്ടുണ്ട്. അപേക്ഷ നല്‍കിയ പലര്‍ക്കും ഗ്രോബാഗുകള്‍ കിട്ടാതിരുന്നതിനെ തുടര്‍ന്ന് ജില്ല ഓഫീസുകളുമായി ബന്ധപ്പെടുമ്പോള്‍ അവര്‍ കൈമലര്‍ത്തുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷവും ഈ പദ്ധതിയുടെ പേരില്‍ തിരമറി നടന്നിട്ടുണ്ടെന്നാണ് കര്‍ഷകരുടെ ആരോപണം. കൃഷി വകുപ്പിലെ അനാസ്ഥയാണ് ഇത്തരം കാര്യങ്ങള്‍ക്ക് പിന്നിലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. അതേ സമയം ഇത് സംമ്പന്ധിച്ച് കര്‍ഷകര്‍ രേഖാമൂലമുള്ള പരാതി നല്‍കാത്തത് പദ്ധതി താളം തെറ്റിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് തുണയാകുകയാണ്.