ക്രമക്കേടുമായി തനിക്ക് ബന്ധമില്ലെന്ന് ജോര്‍ജിന് ഡി ജി പിയുടെ മറുപടി

Posted on: March 9, 2015 9:45 am | Last updated: March 9, 2015 at 9:45 am
SHARE

balasubraതിരുവനന്തപുരം: നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷനില്‍ നടന്ന ക്രമക്കേടുമായി തനിക്ക് ബന്ധമില്ലെന്ന് ഡി ജി പി ബാലസുബ്രഹ്മണ്യം. സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ക്കാണ് ഡി ജി പിയുടെ മറുപടി. വിഷയവുമായി ബന്ധപ്പെട്ട് തന്നെ താക്കീത് ചെയ്യേണ്ട കാര്യമില്ല. ക്രമക്കേടുമായി ബന്ധപ്പെട്ട സംഭവം നടക്കുന്നത് 2005ല്‍ ആണ്. എന്നാല്‍ താന്‍ അവിടെ ചീഫ് വിജിലന്‍സ് ഓഫീസറായി സ്ഥാനമേല്‍ക്കുന്നത് 2009 ലാണ്.
നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷനില്‍ 26.68 കോടി രൂപ മതിപ്പുവില കണക്കാക്കിയ സ്‌ക്രാപ്പ് ഏറ്റവും കൂടിയ തുകയായ 132 കോടി രൂപ ക്വോട്ട് ചെയ്ത കമ്പനിക്കാണ് നല്‍കിയത്. മതിപ്പു വിലയേക്കാള്‍ കൂടിയ വിലക്കാണ് വില്‍പന നടന്നത്. 2005 ഏപ്രില്‍ ഒന്നിനാണ് ഇതു സംബന്ധിച്ച വില്‍പന ഉത്തരവ് വന്നത്. അതേതുടര്‍ന്ന് ചില പരാതികള്‍ ഉണ്ടാകുകയും ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥര്‍ 2005 ഒക്‌ടോബറില്‍ തന്നെ പരിശോധിച്ച് തീര്‍പാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രശ്‌നം കോടതിയില്‍ എത്തി. കോടതി ആര്‍ബിട്രേഷന് വിട്ടു. ആര്‍ബിട്രേഷന്‍ നടപടികള്‍ ഇപ്പോഴും തുടരുകയാണ്. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട് ആരെയും താക്കീത് ചെയ്യുന്ന പ്രശ്‌നമുദിക്കുന്നില്ലെന്നും ഡി ജി പി. കെ എസ് ബാലസുബ്രഹ്മണ്യം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ആരോപണങ്ങള്‍
അന്വേഷിക്കാന്‍ ഇന്റലിന്‍സിന് ഡി ജി പിയുടെ നിര്‍ദേശം
തന്റെ പേരില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്ന് ഡി ജി പി. കെ എസ് ബാലസുബ്രഹ്മണ്യം ഇന്റലിജന്‍സിന് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് വിഭാഗത്തിന് ഡി ജി പി കത്ത് നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും ഇക്കാര്യം കെ എസ് ബാലസുബ്രഹ്മണ്യം അറിയിച്ചിട്ടുണ്ട്. ഡി ജി പിക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്താനാണ് നിര്‍ദേശം. ആരോപണങ്ങള്‍ക്ക് വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെടുന്നത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇത് കണ്ടെത്തണമെന്നുമാണ് ഡി ജി പിയുടെ ആവശ്യം.
നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷനിലിരിക്കെ തനിക്കെതിരെ ആരോപണമുയര്‍ന്നിരുന്നില്ല. സ്‌ക്രാപ് വില്‍പന സംബന്ധിച്ച് ആരോപണം ഉയര്‍ന്നത് താന്‍ ചുമതലയേല്‍ക്കുന്നതിന് മുമ്പാണ്. 2005ല്‍ ആണ് സ്‌ക്രാപ് വില്‍പന നടന്നത്. താന്‍ വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റത് 2009ല്‍ ആണ്. ഈ കേസില്‍ തനിക്കൊരു ബന്ധവുമില്ല. നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ ക്രമക്കേടില്‍ തന്നെ താക്കീത് ചെയ്തിട്ടില്ല. തന്നെ താക്കീത് ചെയ്‌തെന്ന ജോര്‍ജിന്റെ വാദം ശരിയല്ലെന്നുമാണ് ഡി ജി പി. കെ എസ് ബാലസുബ്രഹ്മണ്യം ചീഫ്‌വിപ്പിന്റെ ആരോപണത്തിന് നല്‍കിയ മറുപടി. കോടതിയുടെ പ്രതികൂല പരാമര്‍ശമുണ്ടായി എന്നായിരുന്നു ജോര്‍ജിന്റെ ആരോപണം. തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെ രക്ഷിക്കാന്‍ ഡി ജി പി ശ്രമിച്ചുവെന്ന് പി സി ജോര്‍ജ് പരാമര്‍ശത്തോടെയാണ് ഡി ജി പിക്കെതിരായ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നത്.