Connect with us

Kerala

കരിപ്പൂരില്‍ 55 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Published

|

Last Updated

കൊണ്ടോട്ടി: കരിപ്പൂരില്‍ അനധികൃതമായി കടത്തിയ 55 ലക്ഷം രൂപയുടെ രണ്ട് കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സ് വിഭാഗം പിടികൂടി. ഇന്നലെ കാലത്ത് ഷാര്‍ജയില്‍ നിന്നെത്തിയ കോഴിക്കോട് എകരൂല്‍ സ്വദേശി തെങ്ങിന്‍ കുന്നുമ്മല്‍ ആശിഖ് (25) ആണ് സ്വര്‍ണം കടത്തിയത്. എയര്‍ ഇന്ത്യയുടെ എ ഐ 998 നമ്പര്‍ വിമാനത്തിലാണ് ഇയാളെത്തിയത്. ഒരു കിലോ തൂക്കം വരുന്ന രണ്ട് സ്വര്‍ണ കട്ടികളുമായാണ് ഇയാള്‍ പിടിയിലായത്.
ആശിഖ് ഇരുന്ന സീറ്റിനടിയലെ ലൈഫ് ജാക്കറ്റ് കവറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കരിപ്പൂരില്‍ വിമാന ക്ലീനിംഗ് തൊഴിലാളികള്‍ വശം ഇത് പുറത്തെത്തിക്കാനായിരുന്നു പദ്ധതി. കൊടുവള്ളി സ്വദേശി നാദിര്‍ എന്നയാളാണ് തനിക്ക് സ്വര്‍ണം തന്നതെന്നും ഇത് കരിപ്പൂരിലെത്തിച്ചാല്‍ അരലക്ഷം രൂപ പ്രതിഫലമായി തരാമെന്ന് നാദിര്‍ പറഞ്ഞതായി ആശിഖ് പറഞ്ഞു. കസ്റ്റംസ്, എമിഗ്രേഷന്‍ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ കൊടുവള്ളി സ്വദേശിയായ ഇര്‍ശാദ് എത്തുമെന്നും പണം ഇയാള്‍ തരുമെന്നുമായിരുന്നു നാദിര്‍ പറഞ്ഞിരുന്നത്.
പ്ലസ് ടുവും കമ്പ്യൂട്ടര്‍ പഠനവും പൂര്‍ത്തിയാക്കിയ ആശിഖ് നാട്ടില്‍ യൂസ്ഡ് കാര്‍ വില്‍പ്പന നടത്തുകയായിരുന്നു. ഇത് തകര്‍ന്ന് വലിയ തുക ബാധ്യത വന്നതോടെ പത്ത് ദിവസം മുമ്പ് തൊഴിലന്വേഷിച്ച് ദുബൈയിലേക്ക് പോയതായിരുന്നു. ജോലി തരപ്പെടാതെ വന്നപ്പോള്‍ സുഹൃത്ത് മുഖേന നാദിറിനെ പരിചയപ്പെടുകയും തിരിച്ചുവരുമ്പോള്‍ നാദിര്‍ സ്വര്‍ണം ഏല്‍പിക്കുകയുമായിരുന്നു.
കസ്റ്റംസിന്റെ ത്രിതല രഹസ്യാന്വേഷണത്തെ തുടര്‍ന്നാണ് സ്വര്‍ണക്കടത്ത് വ്യക്തമായത്. ടെര്‍മിനലിന് പുറത്തേക്കുള്ള കവാടത്തില്‍ ആശിഖിനെ പിടികൂടുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് താന്‍ വിമാനത്തില്‍ സ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെയും കൂട്ടി വിമാനത്തിലേക്ക് തിരിച്ചുപോകുകയും ഇയാള്‍ ഇരുന്ന സീറ്റിനടിയില്‍ നിന്ന് സ്വര്‍ണം കണ്ടെടുക്കുകയുമായിരുന്നു.
അസിസ്റ്റന്റ്കമ്മീഷനര്‍ സി പി എം അബ്ദുര്‍റശീദ്, സൂപ്രണ്ടുമാരായ ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, യു ബാലന്‍, ടി ജി രജിത്, പി ഉണ്ണികൃഷ്ണന്‍, ഇന്റലിജന്‍സ് ഓഫീസര്‍ അശോക് കുമാര്‍, ഹെഡ് ഹവിന്‍ദാര്‍ ശിവദാസന്‍, ഹവിന്‍ദാര്‍മാരായ എ ആര്‍ പ്രദീപ്, കെ പി സിന്‍സര്‍, ഡ്രൈവര്‍ ഹരജന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്. കേസ് തുടരന്വേഷണത്തിന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറി.