ആഭ്യന്തരമന്ത്രിക്ക് വി എസിന്റെ കത്ത്; നിസാമിനെതിരെ കാപ്പ ചുമത്തണമെന്ന്

Posted on: March 9, 2015 9:42 am | Last updated: March 9, 2015 at 9:42 am
SHARE

vs achuthanandanതിരുവനന്തപുരം: തൃശൂര്‍ മണലൂരില്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ കാപ്പ നിയമം അടക്കം ചുമത്തി അന്വേഷണം ത്വരിതപ്പെടുത്താന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതനന്ദന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് കത്തയച്ചു. ചന്ദ്രബോസിന്റെ വീട് സന്ദര്‍ശിച്ചതിനുശേഷമാണ് വി എസ് കത്തയച്ചത്.
മുഖ്യമന്ത്രിയും, ആഭ്യന്തരമന്ത്രിയും സ്ഥലം സന്ദര്‍ശിച്ച് ചന്ദ്രബോസിന്റെ വീട്ടുകാര്‍ക്ക് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലുള്ള നടപടികളെടുക്കണം. രണ്ട് ദിവസത്തിനകം നിസാമിന്റെ പേരില്‍ കാപ്പ നിയമപ്രകാരം കേസെടുക്കുമെന്നും 90 ദിവസത്തിനകം കുറ്റപത്രം കോടതിയില്‍ ഹാജരാക്കി അതിവേഗ കോടതിയില്‍ വിചാരണ നടത്തി പ്രതിക്ക് ശിക്ഷ ഉറപ്പാക്കുമെന്നും ചന്ദ്രബോസിന്റെ വീട്ടുകാര്‍ക്ക് താത്പര്യമുള്ള അഭിഭാഷകനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കുമെന്നുമാണ് മുഖ്യമന്ത്രിയും, ആഭ്യന്തരമന്ത്രിയും ഉറപ്പുനല്‍കിയിരുന്നത്.
നിസാമിന്റെ പേരിലുള്ള മറ്റ് നിരവധി ക്രിമിനല്‍ കേസുകള്‍ ഒത്തുതീര്‍പ്പാക്കിയതിനെപ്പറ്റി സമഗ്രമായ വിജിലന്‍സ് അന്വേഷണം നടത്തുമെന്നും, നിസാമിനെ രക്ഷിക്കാന്‍ ശ്രമിച്ച പോലീസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്നും ഇരുവരും ചന്ദ്രബോസിന്റെ വീട്ടുകാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.
എന്നാല്‍ ഒരുമാസത്തിലേറെ കഴിഞ്ഞിട്ടും ഇവയൊന്നും നടപ്പാക്കാന്‍ ഇരുവരും തയ്യാറായിട്ടില്ല. കേസിലെ തെളിവുകള്‍ നശിപ്പിക്കാനും നിസാമിനെ ഏതുവിധേനയും രക്ഷിക്കാനുമുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ചന്ദ്രബോസിന്റെ ബന്ധുക്കള്‍ പരാതിപ്പെടുന്നു. ചന്ദ്രബോസിന്റെ മരണമൊഴി രേഖപ്പെടുത്താതിരുന്നതും കൊലപാതകത്തിനാധാരമായ ആക്രമണം നടന്ന സമയത്ത് ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രം നശിപ്പിച്ചു കളഞ്ഞതും കേസ് തേച്ചുമായ്ച്ചുകളയാനും പ്രതി നിസാമിനെ രക്ഷിക്കാനുമുള്ള പോലീസിന്റെയും സര്‍ക്കാരിന്റെയും ആസൂത്രിത നീക്കമാണെന്നും പരാതിയുണ്ട്.
ഈ സാഹചര്യത്തില്‍ എത്രയും വേഗത്തില്‍ ചന്ദ്രബോസിന്റെ കൊലയാളികള്‍ക്കെതിരെ കുറ്റമറ്റ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് വി എസ് കത്തില്‍ ആവശ്യപ്പെട്ടു.