മിന്നലായി മാക്‌സ്‌വെല്‍; ലങ്ക പൊരുതി കീഴടങ്ങി; ഓസീസ് ക്വാര്‍ട്ടറില്‍

Posted on: March 9, 2015 12:13 am | Last updated: March 9, 2015 at 9:15 am
SHARE

Australia v Sri Lanka - 2015 ICC Cricket World Cupസിഡ്‌നി: കത്തിജ്ജ്വലിച്ചെങ്കിലും സിംഹളവീര്യത്തിന് കംഗാരുക്കളെ കീഴടക്കാന്‍ സാധിച്ചില്ല. ലോകകപ്പ് ക്രിക്കറ്റ് പൂള്‍ എയില്‍ ശ്രീലങ്കക്കെതിരെ ആസ്‌ത്രേലിയക്ക് 64 റണ്‍സ് ജയം. ജയത്തോടെ ഓസീസ് ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചു. ആസ്‌ത്രേലിയ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം നിര്‍ഭയം പിന്തുടര്‍ന്നെങ്കിലും 64 റണ്‍സ് അകലെവെച്ച് ലങ്കന്‍ ഇന്നിംഗ്‌സ് അവസാനിക്കുകയായിരുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ ആസ്‌ത്രേലിയ ഉയര്‍ത്തിയ 376 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 46.2 ഓവറില്‍ 312 ന് എല്ലാവരും പുറത്തായി. ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറിയോടെ കുമാര്‍ സങ്കക്കാരയും (104), അര്‍ധ സെഞ്ചുറിയുമായി തിലകരത്‌ന ദില്‍ഷന്‍ (62), ദിനേഷ് ചണ്ടിമാല്‍ (52 റിട്ടയേര്‍ഡ് ഹര്‍ട്ട്) എന്നിവരും പുറത്തെടുത്ത പോരാട്ടവീര്യത്തിന് തുടര്‍ച്ചനല്‍കാന്‍ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിയാതെ പോയത് ലങ്കക്ക് വിനയായി. ലോകകപ്പിലെ ഏറ്റവും വേഗമേറിയ രണ്ടാം സെഞ്ച്വറി നേടി ഓസീസ് വിജയത്തില്‍ നെടുംതൂണായ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് കളിയിലെ കേമന്‍. മാക്‌വെല്ലിന്റെ കന്നി ഏകദിന സെഞ്ച്വറി കൂടിയാണിത്.
കൂറ്റന്‍ സ്‌കോര്‍ മുന്നില്‍ക്കണ്ട് ബാറ്റിംഗിനിറങ്ങിയ ലങ്ക തകര്‍ച്ചയോടെയാണ് തുടങ്ങിയത്. സ്‌കോര്‍ അഞ്ചില്‍ നില്‍ക്കെ ഒരു റണ്‍സുമായി ഓപ്പണര്‍ തിരിമനൈ പുറത്തായി. മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ ഹാഡിന് ക്യാച്ച്. എന്നാല്‍ സങ്കക്കാരയും ദില്‍ഷനും ചേര്‍ന്നതോടെ റണ്‍സൊഴുകി. നന്നായി പന്തെറിഞ്ഞ മിച്ചല്‍ സ്റ്റാര്‍ക്കിനെ അര്‍ഹിക്കുന്ന ബഹുമാനം നല്‍കിയ ഇരുവരും മറ്റുള്ളവരെ നിലംതൊടാതെ പറപ്പിച്ചു. തലങ്ങും വിലങ്ങും റണ്‍സ് വാരിക്കൂട്ടിയ ഇവര്‍ റണ്‍റേറ്റ് താഴാതെ ശ്രദ്ധിച്ചു. ആദ്യ പവര്‍പ്ലേയില്‍ ഒരു വിക്കറ്റിന് 69 ആയിരുന്നു ലങ്കയുടെ സ്‌കോര്‍.
ഇതിനിടെ മിച്ചല്‍ ജോണ്‍സന്റെ ഒരു ഓവറിലെ ആറ് പന്തുകളും ദില്‍ഷന്‍ ബൗണ്ടറി പറത്തി. 135ല്‍ നില്‍ക്കെ ദില്‍ഷന്‍ വീണു. 60 പന്തില്‍ എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടെ 62 റണ്‍സെടുത്ത ദില്‍ഷനെ ഫോക്‌നര്‍ വിക്കറ്റിന് മുമ്പില്‍ കുടുക്കുകയായിരുന്നു. പിന്നീടെത്തിയ ജയവര്‍ധനെ 16 റണ്‍സുമായി റണ്ണൗട്ടായി. പിന്നാലെ സങ്കക്കാര ഈ ലോകകപ്പിലെ തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറി നേടി. നൂറ് പന്തില്‍ 11 ബൗണ്ടറികള്‍ സഹിതമാണ് സങ്കക്കാര ശതകം കുറിച്ചത്. തൊട്ടുപിന്നാലെ സങ്കക്കാരയുടെ വീരോചിത ഇന്നിംഗ്‌സ് അവസാനിച്ചു. ഫോക്‌നറിന്റെ പന്തില്‍ ഫിഞ്ചിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ലങ്കന്‍ സ്‌കോര്‍ 33.5 ഓവറില്‍ 201.
പിന്നീടെത്തിയ ചണ്ടിമാല്‍ മിന്നുന്ന ഫോമിലായിരുന്നു. ഓസീസ് ബൗളര്‍മാരെ വെള്ളം കുടിപ്പിച്ച ഇദ്ദേഹം നാലുപാടും പന്തുകള്‍ പായിച്ചു. ചണ്ടിമാല്‍ ക്രിസീല്‍ നില്‍ക്കെ ലങ്ക അനായാസം ജയിക്കുമെന്ന തോന്നലുണ്ടാക്കി. എന്നാല്‍ പേശിവലിവ് കാരണം ബുദ്ധിമുട്ടിയ ചണ്ടിമാല്‍ ഇന്നിംഗ്‌സ് അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. 24 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സുമടക്കം 52 റണ്‍സെടുത്തു നില്‍ക്കെയാണ് അദ്ദേഹം റിട്ടയേര്‍ഡ് ഹര്‍ട്ടായത്. മത്സരത്തില്‍ വഴിത്തിരിവായതും ഈ തീരുമാനമാണെന്ന് പറയാം. തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ ഏയ്ഞ്ചലോ മാത്യൂസും (35) മടങ്ങി. സമ്മര്‍ദത്തില്‍ കുടുങ്ങിയ ലങ്കയെ സ്റ്റാര്‍ക്കും ഫോക്‌നറും ചേര്‍ന്ന് വരിഞ്ഞുകെട്ടി. ഒടുവില്‍ 64 റണ്‍സ് അകലെ വെച്ച് ലങ്കന്‍ പോരാട്ടം അവസാനിച്ചു. ഓസീസിനായി ഫോക്‌നര്‍ മൂന്നും സ്റ്റാര്‍ക്ക്, ജോണ്‍സന്‍ എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ മാക്‌സ്‌വെലിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ (53 പന്തില്‍ 102) ബലത്തിലാണ് ആസ്‌ത്രേലിയ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. രണ്ട് വിക്കറ്റിനു 41 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട ഓസീസിനെ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സ്റ്റീവന്‍ സ്മിത്തും മൈക്കല്‍ ക്ലാര്‍ക്കും ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. സ്മിത്ത് (72) ഉം മൈക്കല്‍ ക്ലാര്‍ക്ക് (68) ഉം റണ്‍സെടുത്തു. എന്നാല്‍, ഇരുവരും അടുത്തടുത്ത പന്തുകളില്‍ പുറത്തായതോടെ ഓസീസ് നാലിനു 177 റണ്‍സ് എന്ന നിലയിലായി. എന്നാല്‍ പിന്നീടെത്തിയ മാക്‌സ്‌വെല്‍ വാട്‌സണെ കൂട്ടുപിടിച്ച് ഉജ്ജ്വല ബാറ്റിംഗാണ് കാഴ്ചവെച്ചത്. റിവേഴ്‌സ് സ്വീപ്പുകളും കൂറ്റനടികളുമായി മാക്‌സ്‌വെല്‍ നിറഞ്ഞാടിയപ്പോള്‍ തളയ്ക്കാന്‍ വഴി കാണാതെ ലങ്കന്‍ ബൗളര്‍മാര്‍ കുഴങ്ങി. 51 പന്തില്‍ നിന്നാണ് മാക്‌സ്‌വെല്‍ തന്റെ ആദ്യ സെഞ്ച്വറി നേടിയത്. ലോകകപ്പിലെ ഏറ്റവും വേഗമേറിയ രണ്ടാത്തെ സെഞ്ച്വറിയാണിത്. 50 പന്തില്‍ സെഞ്ച്വറി നേടിയ അയര്‍ലന്‍ഡിന്റെ കെവിന്‍ ഒബ്രയാന്‍ നേടിയ സെഞ്ച്വറിയാണ് ലോകകപ്പില്‍ വേഗമേറിയത്. ഈ ലോകകപ്പില്‍ തന്നെ 52 പന്തില്‍ സെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ ബി ഡിവില്ല്യേഴ്‌സിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മാക്‌സ്‌വെല്‍ ലോകകപ്പിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറി നേടിയത്. 45 മത്സരങ്ങളില്‍ നിന്ന് മാക്‌സ്‌വെല്ലിന്റെ ആദ്യ സെഞ്ച്വറിയായിരുന്നു ഇത്. 51 പന്തില്‍ സെഞ്ച്വറി തികച്ച മാക്‌സ്‌വെല്ലിനെ തൊട്ടടുത്ത ഓവറില്‍ പെരേരയുടെ പന്തില്‍ മലിംഗ പിടിച്ച് പുറത്താക്കുകയായിരുന്നു. 53 പന്തില്‍ പത്ത് ബൗണ്ടറികളും നാല് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ആ മനോഹര ഇന്നിംഗ്‌സ്. മാക്‌സ്‌വെല്ലും വാട്‌സനും പുറത്തായതോടെ എത്തിയ ബ്രാഡ് ഹാഡിന്‍ (ഒമ്പത് പന്തില്‍ 25) ഒഴികെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.
ലങ്കക്കായി ലസിത് മലിംഗയും തിസാര പെരേരയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. എയ്ഞ്ചലോ മാത്യൂസ്, പ്രസന്ന, ദില്‍ഷന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.