ആലമിന്റെ മോചനം: പിഡിപി-ബിജെപി സഖ്യം ഉലയുന്നു

Posted on: March 8, 2015 4:36 pm | Last updated: March 9, 2015 at 12:30 pm
SHARE

mufti-alam

ശ്രീനഗര്‍: ക്രിമിനല്‍ കേസുകളില്ലാത്ത രാഷ്ട്രീയ തടവുകാരെ വിട്ടയക്കാനുള്ള മുഫ്തി മുഹമ്മദ് സഈദ് സര്‍ക്കാറിന്റെ നയത്തിന്റെ ഭാഗമായി ഹുര്‍റിയത്ത് തീവ്രവാദി വിഭാഗം നേതാവ് മസ്‌റത്ത് ആലം മോചിതനായതിന് പിറകേ ജമ്മു കാശ്മീരിലെ ഭരണ സഖ്യം ആടിയുലയുന്നു. ആലമിനെ മോചിപ്പിച്ചതിന്റെ സാഹചര്യം വ്യക്തമാക്കി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജമ്മു കാശ്മീര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിനെതിരെ പതിനഞ്ച് കേസുകള്‍ നിലനില്‍ക്കെയാണ് മോചിപ്പിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വിലയിരുത്തി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 (രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍), 121 (നിയമവിരുദ്ധ പ്രവൃത്തി തടയല്‍ നിയമം) വകുപ്പുകള്‍ അനുസരിച്ചുള്ള കേസുകളും ഇതില്‍ ഉള്‍പ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
അതിനിടെ, ആലമിനെ മോചിപ്പിച്ചതില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച് ബി ജെ പി രംഗത്തെത്തി. ആര്‍ എസ് എസ് നേതാക്കളുമായി പാര്‍ട്ടി പ്രസിഡന്റ് അമിത് ഷാ കാശ്മീരിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. ബി ജെ പിയുടെ സമ്മതത്തോടെയല്ല മസ്‌റത്ത് ആലമിനെ മോചിപ്പിച്ചതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജുഗല്‍ കിശോര്‍ പ്രതികരിച്ചു. ഇതില്‍ പാര്‍ട്ടിക്ക് അതൃപ്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, ബി ജെ പിയോട് ആലോചിച്ച് തന്നെയാണ് ആലമിനെ മോചിപ്പിച്ചതെന്ന് പി ഡി പി നേതൃത്വം വ്യക്തമാക്കി. സഖ്യ സര്‍ക്കാര്‍ രൂപവത്കരിക്കുമ്പോള്‍ ഉണ്ടാക്കിയ പൊതു മിനിമം പരിപാടിയില്‍ രാഷ്ട്രീയ തടവുകാരെ വിട്ടയക്കുന്ന കാര്യം പ്രതിപാദിച്ചിരുന്നുവെന്നും പി ഡി പി പറയുന്നു. അതേസമയം, മോചന വിഷയത്തില്‍ പ്രധാനമന്ത്രി നയം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
2010ല്‍ കശ്മീര്‍ താഴ്‌വരയില്‍ 112 പേരുടെ മരണത്തിനിടയാക്കിയ റാലിക്ക് നേതൃത്വം നല്‍കിയെന്ന കേസിലാണ് ആലമിനെ അറസ്റ്റ് ചെയ്തത്. പൊതുസുരക്ഷാ നിയമ പ്രകാരം നാല് വര്‍ഷമായി ബാരാമുല്ല ജയിലിലായിരുന്നു ഇയാള്‍. രാഷ്ട്രീയ തടവുകാരെ വിട്ടയക്കുന്നത് പുതിയ കാര്യമല്ലെന്ന് ന്യായീകരിച്ച പി ഡി പി നേതാവ് മെഹ്ബൂബ മുഫ്തി ഇത് വലിയ വിവാദമാക്കേണ്ടതില്ലെന്നും പ്രതികരിച്ചു.
അതിനിടെ, മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിനെതിരെ ആര്‍ എസ് എസ് രംഗത്തെത്തി. മുഫ്തി ഇന്ത്യക്കാരനാണോയെന്ന് ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ചോദിച്ചു. കാശ്മീര്‍ തിരഞ്ഞെടുപ്പ് വിജയിപ്പിച്ചതിന് പാക്കിസ്ഥാനും ഹുര്‍റിയത്തിനും മുഫ്തി മുഹമ്മദ് നന്ദി രേഖപ്പെടുത്തിയതാണ് ആര്‍ എസ് എസിനെ ചൊടിപ്പിച്ചത്.
ബുധനാഴ്ച പോലീസ് മേധാവികളുമായി നടത്തിയ ചര്‍ച്ചയിലാണ് ആലമിനെയടക്കം വിട്ടയക്കാനുള്ള നിര്‍ദേശം മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. കാശ്മീരില്‍ ബി ജെ പിയുമായുള്ള രാഷ്ട്രീയ സൗഹൃദം ഏറെക്കാലം മുന്നോട്ടു പോകില്ലെന്ന് ബോധ്യമുള്ളതിനാല്‍ ഇടക്കാല തിരഞ്ഞടുപ്പ് ലക്ഷ്യം വെച്ചാണ് മുഫ്തിയുടെ ഓരോ നടപടികളുമെന്നാണ് വിലയിരുത്തപ്പെടുന്നത്.