നാഗാലന്‍ഡിലെ കൊലപാതകം: 21 പേരെ അറസ്റ്റ് ചെയ്തു

Posted on: March 8, 2015 4:02 pm | Last updated: March 9, 2015 at 9:40 am
SHARE

nagaland-lynching-protestsഗുവാഹത്തി/ ദിമാപൂര്‍: നാഗാലാന്‍ഡിലെ ദിമാപൂരില്‍ ബലാത്സാംഗക്കേസിലെ പ്രതിയെ രോഷാകുലരായ ജനക്കൂട്ടം സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറക്കി തല്ലിക്കൊന്ന കേസില്‍ ഇരുപത്തൊന്ന് പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ പ്രതിഷേധിച്ച് അസമില്‍ പല ഭാഗങ്ങളിലും അക്രമസംഭവങ്ങള്‍ അരങ്ങേറി. ബരാക് താഴ്‌വരയില്‍ ഉള്‍പ്പെട്ട മൂന്ന് ജില്ലകളില്‍ നടന്ന ബന്ദ് ജനജീവിതത്തെ സാരമായി ബാധിച്ചു. അക്രമികള്‍ കൊലപ്പെടുത്തിയ അസം സ്വദേശിയായ സയ്യിദ് ഫരീദ് ഖാന്റെ മൃതദേഹം കനത്ത സുരക്ഷാവലയത്തില്‍ സ്വദേശത്ത് മറവ് ചെയ്തു.
ദിമാപൂരില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇരുപത്തൊന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റിലായവരില്‍ നാഗാ വിഭാഗത്തില്‍പ്പെടാത്തവരുമുണ്ട്. ഫരീദ് ഖാന്റെ മൃതദേഹം കരീംഗഞ്ച് ജില്ലയിലെ ബോസ്‌ല ഗ്രാമത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് ഖബറടക്കിയത്. മുന്‍ മന്ത്രിയും കരീംഗഞ്ച് സൗത്ത് എം എല്‍ എയുമായ സിദ്ദിഖ് അഹ്മദ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫരീദ് ഖാന്റെ മൃതദേഹം ശനിയാഴ്ച വൈകീട്ടാണ് നാഗാലാന്‍ഡ് അധികൃതര്‍ മുസ്‌ലിം കൗണ്‍സിലിന് കൈമാറിയത്.
അക്രമസംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ ഇന്റര്‍നെറ്റും എസ് എം എസ്, എം എം എസ് സര്‍വീസുകളും 48 മണിക്കൂര്‍ തടഞ്ഞിട്ടുണ്ട്. വിദ്വേഷം പരത്തുന്ന ചിത്രങ്ങളും വിഡീയോകളും പ്രചരിപ്പിക്കുന്നവര്‍ നിരീക്ഷണത്തിലാണെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ അക്രമസംഭവങ്ങളുണ്ടാകാതിരിക്കാന്‍ പോലീസിനെയും അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മുതല്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അതേസമയം, പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോയെന്ന് തെളിയിക്കുന്നതിനുള്ള പരിശോധനാ ഫലം ഇതുവരെ ലഭ്യമായിട്ടില്ല. പ്രാഥമിക പരിശോധനയില്‍ പീഡനം നടന്നിട്ടില്ലെന്നാണ് തെളിഞ്ഞതെന്ന് ഫരീദ് ഖാന്റെ സഹോദരന്‍ പറയുന്നു.
ഫരീദ് ഖാനെ കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ ആയിരത്തോളം ബംഗാളി മുസ്‌ലിം കുടുംബങ്ങള്‍ നാഗാലാന്‍ഡ് വിട്ടതായി ദിമാപൂരിലെ മുസ്‌ലിം കൗണ്‍സില്‍ പറഞ്ഞു. എന്നാല്‍, ഇവരെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് മുസ്‌ലിം കൗണ്‍സില്‍ വര്‍ക്കിംഗ് പ്രസിഡന്റ് അബീദുര്‍റഹ്മാന്‍ പറഞ്ഞു.
ഗേത്രവിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഫെബ്രുവരി 24നാണ് ഫരീദ് അറസ്റ്റിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് ദിമാപൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജനക്കൂട്ടം ജയില്‍ തകര്‍ത്ത് ഫരീദ് ഖാനെ പുറത്തിറക്കിയത്. പിന്നീട് തല്ലിക്കൊന്ന് ക്ലോക്ക്ടവറില്‍ കെട്ടിത്തൂക്കുകയായിരുന്നു.
കുടിയേറ്റത്തിനെതിരെ പ്രവര്‍ത്തിക്കുന്ന നാഗാ തീവ്രവാദികളാണ് സംഭവത്തിനു പിന്നിലെന്നും അക്രമികള്‍ക്ക് പോലീസ് കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും കൊല്ലപ്പെട്ട സയ്യിദ് ഫരീദ് ഖാന്റെ സഹോദരന്‍ ജമാലുദ്ദീന്‍ ഖാന്‍ ആരോപിച്ചിരുന്നു.