പന്നിപ്പനി സംശയം: മുലായം സിംഗ് ആശുപത്രിയില്‍

Posted on: March 8, 2015 9:58 am | Last updated: March 8, 2015 at 11:59 am
SHARE

MULAYAM SINGHഗുഡ്ഗാവ്: സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവിനെ പന്നിപ്പനി സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഴുപത്തിയഞ്ചുകാരനായ മുലായത്തിന് കടുത്ത ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കഴിഞ്ഞ രാത്രി ഗുഡ്ഗാവിലെ ഹോസ്പിറ്റലിലെത്തിച്ചത്.
പന്നിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനാല്‍ സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ വന്നതിനു ശേഷമേ രോഗം സ്ഥിരീകരിക്കാനാവൂ എന്ന് മുതിര്‍ന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ഡോ. നരേഷ് ട്രെഹാന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് ചികിത്സ. മുലായത്തിന് വിശ്രമം ആവശ്യമാണെന്നും പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നും പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി ലക്‌നോയില്‍ അറിയിച്ചു. ഈ ആഴ്ച ആദ്യം മുലായം സിംഗ് യാദവിനെ ലക്‌നോ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരുന്നു. ഏതാനും പരിശോധനകള്‍ക്കു ശേഷം അടുത്ത ദിവസം ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ഹോളി ആഘോഷങ്ങള്‍ക്കായുള്ള ഇറ്റാവ സന്ദര്‍ശനം അദ്ദേഹം ഉപേക്ഷിച്ചിരുന്നു. മുലായത്തിന്റെ ജന്മദേശമാണ് ഇറ്റാവയിലെ സൈഫൈ.