Connect with us

Kerala

ഗോവധ നിരോധം അപലപനീയം: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: മഹാരാഷ്ട്രയില്‍ ഗോവധ നിരോധം നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അപലപനീയമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ പ്രസ്താവിച്ചു. ഇഷ്ടപ്പെട്ട ഭക്ഷണം തിരഞ്ഞെടുക്കാനുള്ള പൗരന്റെ അവകാശത്തിനും സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണിത്.
രാജ്യത്തെ ബഹുഭൂരിഭാഗം പേരും മാംസാഹാരികളാണെന്നിരിക്കെ ജനങ്ങള്‍ക്ക് ചെലവ് കുറഞ്ഞ പോഷക ഭക്ഷണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യമാണ് ഹനിക്കപ്പെടുന്നത്. ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വിദേശ നാണ്യം നേടിത്തരുന്ന മാട്ടിറച്ചി നിരോധിച്ചാല്‍ അത് സമ്പദ്ഘടനയെ മാത്രമല്ല, ലക്ഷക്കണക്കിനാളുകളുടെ തൊഴിലും നഷട്‌പ്പെടത്തും. ബഹുസ്വര സമൂഹത്തില്‍ ഒരു വിഭാഗത്തിന്റെ താത്പര്യങ്ങള്‍ക്കു വേണ്ടി ഉണ്ടാക്കേണ്ടതല്ല നിയമനിര്‍മാണം. വ്യത്യസ്ത ഭക്ഷണ രീതികളും സംസ്‌കാരവും പുലര്‍ത്തുന്ന ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് ഒരു വിഭാഗത്തിന്റെ താത്പര്യം മൊത്തം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഇതിനാല്‍ തന്നെ മഹാരാഷ്ട്രാ സര്‍ക്കാരിന്റെ തീരുമാനം ഒരു നിലക്കും രാജ്യത്തിനോ ജനങ്ങള്‍ക്കോ ഗുണപരമല്ലെന്നും കാന്തപുരം പറഞ്ഞു.
പശു ആരാധിക്കപ്പെടുന്ന മൃഗമാണെന്ന് ന്യായം കണ്ടെത്തുന്നവര്‍ യാഗങ്ങള്‍ക്കും യജ്ഞങ്ങള്‍ക്കും മൃഗങ്ങളെ ബലിയര്‍പ്പിച്ചിരുന്നുവെന്നത് വിസ്മരിക്കരുത്. രാജ്യത്ത് ഓരോ വിഭാഗക്കാരും ആരാധിക്കുകയോ പൂജിക്കുകയോ ചെയ്യുന്ന പക്ഷി മൃഗാതികളെ കൊല്ലാന്‍ പാടില്ലെന്ന് പറയുന്നതും അര്‍ഥ ശൂന്യമാണ്. മാടുകളെ അറവ് നടത്തുന്നതും മാംസം ഭക്ഷിക്കുന്നതും നിരോധിച്ചു കൊണ്ടുള്ള നിയമനിര്‍മാണം മുസ്‌ലിംകള്‍ ഉളുഹിയ്യത്ത് എന്ന പവിത്രമായ ബലികര്‍മം അനുഷ്ഠിക്കുന്നതിന് പ്രയാസം സൃഷ്ടിക്കാനുള്ള ഗൂഢ തന്ത്രമായേ കാണാനാവൂ.
ന്യൂനപക്ഷങ്ങള്‍ക്കും മാംസാഹാരികള്‍ക്കും പ്രയാസമുണ്ടാക്കുന്ന തീരുമാനം പുനപ്പരിശോധിക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഇതിനെതിരെ ജനാധിപത്യ, മത വിശ്വാസികള്‍ രംഗത്തു വരണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.