രാഷ്ട്രീയത്തിലെ സൗമ്യമുഖം

Posted on: March 8, 2015 11:23 am | Last updated: March 8, 2015 at 11:23 am
SHARE

വിശേഷണങ്ങള്‍ക്കെല്ലാം അപ്പുറത്തായിരുന്നു ജി കാര്‍ത്തികേയന്റെ ജീവിതം. മാന്യതയും സൗമ്യതയുമായിരുന്നു മുഖം. തെളിമയും എളിമയും മുഖമുദ്രയും. രാഷ്ട്രീയത്തിലും ജീവിതത്തിലും ഒരു ട്രേഡ് മാര്‍ക്ക് പോലെയായിരുന്നു താടി. അടുപ്പക്കാര്‍ ‘ജി കെ’ യെന്ന രണ്ടക്ഷരത്തില്‍ വിളിച്ചു. എപ്പോഴും പുഞ്ചിരിച്ച് കൊണ്ടിരിക്കും. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ മതി, പിന്നെ കണ്ടാല്‍ ചേര്‍ത്ത് നിര്‍ത്തി സംസാരിക്കും. സംഘര്‍ഷാത്മക വിദ്യാര്‍ഥി കാലവും പക്വതയാര്‍ന്ന നേതൃപദവികളും പാകപ്പെടുത്തിയതായിരുന്നു ആ ജീവിതം. ഒരു കാലത്ത് പാര്‍ട്ടിയിലെ തിരുത്തല്‍ വാദിയെങ്കിലും പിന്നീട് മിതവാദത്തിന് വഴിമാറിയത് ചരിത്രം.
2011 ലെ തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിനെങ്കിലും യു ഡി എഫ് അധികാരത്തിലെത്തിയ സമയം. പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസ് കേന്ദ്രീകരിച്ച് മന്ത്രിസഭാരൂപവത്കരണ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഗ്രൂപ്പും ജാതിയും തിരിച്ചുള്ള വീതംവെപ്പിന്റെ തിരക്ക്. ഘടകകക്ഷികള്‍ വകുപ്പുകള്‍ക്ക് വേണ്ടി പിടിവലി കൂടുന്നു. മന്ത്രിസഭയില്‍ ഇടംപ്രതീക്ഷിക്കുന്നവരെല്ലാം കന്റോണ്‍മെന്റ് ഹൗസിലുണ്ട്. കാര്‍ത്തികേയന്റെ പേരും മന്ത്രിപ്പട്ടികയില്‍ മാധ്യമങ്ങള്‍ എഴുതിയിരുന്നെങ്കിലും ആ പരിസരത്തൊന്നും പക്ഷെ, കാര്‍ത്തികേയനെ കണ്ടില്ല. അര്‍ഹതയുണ്ടെങ്കില്‍ ലഭിക്കട്ടെയെന്നായിരുന്നു നിലപാട്. സ്പീക്കര്‍ പദവിയെ ചൊല്ലി തര്‍ക്കമുണ്ടായപ്പോള്‍ ആ പദവിയുടെ മഹത്വം തിരിച്ചറിഞ്ഞത് കാര്‍ത്തികേയനായിരുന്നു. സ്പീക്കറാകാനില്ലെന്ന് പി സി ജോര്‍ജ്ജും കോണ്‍ഗ്രസിലെ രണ്ട് പ്രമുഖനേതാക്കളും നിലപാട് സ്വീകരിച്ച ഘട്ടത്തിലാണ് കാര്‍ത്തികേയനെ തേടി ഈ പദവിയെത്തുന്നത്. എന്തായാലും, നൂല്‍പ്പാലത്തിലൂടെ നാല് വര്‍ഷം കടന്നുപോയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്നതില്‍ സ്പീക്കറായ ജി കെയുടെ പങ്ക് ചെറുതായിരുന്നില്ല.
മുന്‍നിരയിലേക്ക് തള്ളിക്കയറാന്‍ ഒരിക്കലും ശ്രമിച്ചിരുന്നില്ല. താന്‍ കൈപിടിച്ച് വളര്‍ത്തിക്കൊണ്ടുവന്ന പലരും തന്നേക്കാള്‍ വലിയ സ്ഥാനങ്ങളില്‍ എത്തിയപ്പോള്‍ നിറഞ്ഞ മനസ്സോടെ കണ്ടുനിന്നു. ആരോടും പരാതിപ്പെട്ടില്ല. പരിഭവങ്ങള്‍ പറഞ്ഞില്ല. എഴുപതുകളുടെ അവസാനം കാര്‍ത്തികേയന്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോള്‍, ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു ചെന്നിത്തലക്കാരന്‍ രമേശ്, പാര്‍ട്ടിയില്‍ കാര്‍ത്തികേയനും മുന്നിലെത്തി. സംസ്ഥാന നേതൃനിരയിലേക്ക് രമേശിനെ കൊണ്ടുവന്നത് കാര്‍ത്തികേയനായിരുന്നു. രമേശ് ചെന്നിത്തലക്ക് മാത്രമല്ല ഇപ്പോള്‍ മുന്‍നിരയിലുള്ള പലനേതാക്കള്‍ക്കും രാഷ്ട്രീയത്തില്‍ ഗുരുസ്ഥാനീയനാണ് അദ്ദേഹം. പദവികള്‍ക്ക് വേണ്ടി കലഹിക്കാതെ വ്യവസ്ഥിതികളിലെ മാറ്റത്തിനാണ് കാര്‍ത്തികേയന്റെ രാഷ്ട്രീയ ജീവിതം ശബ്ദിച്ചത്. ഗ്രൂപ്പിലും ഗ്രൂപ്പില്ലാത്തവരിലും നാലാം ഗ്രൂപ്പിലുമെല്ലാം കാര്‍ത്തികേയന്റെ പേര് പലവട്ടം ഉള്‍പ്പെട്ടിട്ടുണ്ട്. ഇതൊന്നും ഒരു പദവിക്കും വേണ്ടിയും അദ്ദേഹം ഉപയോഗപ്പെടുത്തിയില്ല. വെട്ടിപ്പിടിക്കാനോ സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയോ ആയിരുന്നില്ല ഗ്രൂപ്പ്മാറ്റം. കരുണാകരപക്ഷവും ആന്റണിപക്ഷവുമായി കോണ്‍ഗ്രസ് രണ്ട് ചേരിയായപ്പോള്‍ തിരുത്തല്‍വാദത്തിന്റെ നേതൃനിരയിലായിരുന്നു കാര്‍ത്തികേയന്‍.
തിരുത്തല്‍വാദം മൂന്നാം ഗ്രൂപ്പായി പരിണമിച്ചതോടെ അടുപ്പം ആന്റണി പക്ഷത്തോടായി. പിന്നീട് പതുക്കെ, പതുക്കെ ഗ്രൂപ്പ് രഹിതനായി. മാധ്യമങ്ങള്‍ അതിനെ മൂന്നാംഗ്രൂപ്പും നാലാം ഗ്രൂപ്പുമൊക്കെയായി വിശേഷിപ്പിച്ചു. കെ എസ് യുവില്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള അവഗണനകളോട് പടവെട്ടിയാണ് കാര്‍ത്തികേയനിലെ കരുത്ത് പാകപ്പെട്ടത്. ഗ്രൂപ്പ് അതിപ്രസരത്തില്‍ മനംമടുത്ത് വിദ്യാര്‍ഥി രാഷ്ട്രീയം ഉപേക്ഷിച്ച് മറ്റ് ജോലി തേടിപ്പോകുന്നതിനെക്കുറിച്ച് വരെ അദ്ദേഹം ആലോചിച്ചിട്ടുണ്ട്. കെ കരുണാകരന്റെ പിന്തുണയാണ് തുടരാന്‍ ബലം നല്‍കിയത്. 1978 ല്‍ കോണ്‍ഗ്രസിലെ പിളര്‍പ്പ്. അടിയന്തരാവസ്ഥക്ക് പിന്നാലെ ആന്റണിയും ഉമ്മന്‍ ചാണ്ടിയുമടങ്ങുന്ന യുവനിര കൂട്ടത്തോടെ കോണ്‍ഗ്രസ് വിട്ടു. കരുണാകരനൊപ്പം ഇന്ദിരാ കോണ്‍ഗ്രസില്‍ കാര്‍ത്തികേയന്‍ ഉറച്ചുനിന്നു. അതോടെ ജി കെയുടെ വളര്‍ച്ചയുടെ വേഗം കൂടി. ദേശീയതലത്തില്‍ ഇന്ദിരക്കും രാജീവിനും നേരിട്ട് പരിചയമുള്ള അപൂര്‍വ്വം നേതാക്കളുടെ പട്ടികയില്‍ കാര്‍ത്തികേയന്‍ ഇടംപിടിച്ചു. ഇന്ദിരാ ഗാന്ധി ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത നാലുപേരില്‍ ഒരാള്‍ കാര്‍ത്തികേയനായിരുന്നു. ഐ ഗ്രൂപ്പിന്റെ വിദ്യാര്‍ഥി യുവജന വിഭാഗത്തിന്റെ അമരക്കാരനായി കാര്‍ത്തികേയന്‍ പിന്നീട് മാറി. അവിടെ നിന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി, തിരഞ്ഞെടുക്കപ്പെട്ട കെ പി സി സിയുടെ ഏക വൈസ്പ്രസിഡന്റ് പദവിയില്‍ വരെയെത്തി.