Connect with us

Articles

തിരുത്തല്‍ വാദത്തിന്റെ അമരത്ത്

Published

|

Last Updated

രാഷ്ട്രീയത്തിന്റെ ചരിത്രപുസ്തകത്തില്‍ നിര്‍ണായക സ്ഥാനമുണ്ട് കോണ്‍ഗ്രസില്‍ രൂപം കൊണ്ട തിരുത്തല്‍ വാദത്തിന്. തിരുത്തല്‍ വാദത്തിന്റെ കഥ പറയുമ്പോള്‍ ജി കാര്‍ത്തികേയന്‍ അതിലെ പ്രധാന കഥാപാത്രമാകും. തിരുത്തല്‍വാദികള്‍ എന്ന പേരു ചാര്‍ത്തപ്പെട്ട നേതാക്കളില്‍ രമേശ് ചെന്നിത്തലക്കും എം ഐ ഷാനവാസിനൊപ്പം മുഖ്യസ്ഥാനം തന്നെയായിരുന്നു കാര്‍ത്തികേയനും. കോണ്‍ഗ്രസില്‍ കരുണാകരന്റെ അപ്രമാദിത്വം നിറഞ്ഞുനിന്ന ഘട്ടത്തിലാണ് കരുണാകരന്റെ തണലില്‍ വളര്‍ന്ന ചെറുപ്പക്കാര്‍ തന്നെ തിരുത്തല്‍ വാദം ഉയര്‍ത്തുന്നത്. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കരുണാകരന്‍ തിരിച്ചു വരുമോയെന്ന് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന സമയം. കരുണാകരന്റെ തണലില്‍ വളര്‍ന്ന ചെറുപ്പക്കാരുടെ നിര തന്നെ കരുണാകര പക്ഷത്തെ ചില തല്‍പരനീക്കങ്ങള്‍ക്കെതിരെ പ്രസ്താവനകളുമായി രംഗത്തുവന്നു. മുഖ്യമന്ത്രി കെ കരുണാകരന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ അനന്തരാവകാശിയെ പ്രതിഷ്ഠിക്കാന്‍ പാര്‍ട്ടിയിലെ ചിലര്‍ ശ്രമം നടത്തിയത് സംഘടനയിലെ ആഭ്യന്തര സമാധാനം തകര്‍ത്തെന്ന് തിരുത്തല്‍വാദികള്‍ ആരോപിച്ചു. അനന്തരാവകാശിയുമായി ബന്ധമില്ലാത്തവര്‍ക്ക് പാര്‍ട്ടിയില്‍ രക്ഷയില്ലെന്ന സ്ഥിതി വന്നുവെന്നായിരുന്നു ഇവരുടെ പരാതി. സംഘടനക്കായി ചോര നീരാക്കിയവര്‍ക്ക് പാര്‍ട്ടിയില്‍ ഒരു പങ്കുമില്ലെന്നുവന്ന സാഹചര്യം തിരുത്തപ്പെടണമെന്നും ആവശ്യപ്പെട്ടു.
അനന്തരാവകാശി ആരെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ വാക്കുകളില്‍ മിതത്വം പാലിച്ച് സാഹചര്യം അനുകൂലമാക്കി. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും തെറ്റുതിരുത്താന്‍ മാത്രമെ ശ്രമിക്കുന്നുളളുവെന്ന നിലപാടിലേക്ക് പതുക്കെ നീങ്ങി. ജനാധിപത്യ വ്യവസ്ഥിതിയില്‍ അഭിപ്രായം പറയുന്നത് തെറ്റായി കാണരുതെന്നും നേതൃപദവികളിലുള്ളവര്‍ അവര്‍ക്ക് ഇഷ്ടമുള്ളതു മാത്രമേ മറ്റുള്ളവര്‍ പറയാവൂ എന്നു നിര്‍ബന്ധിക്കുകയുമരുതെന്നും ഇവര്‍ നിലപാടെടുത്തു. എന്നാല്‍ കരുണാകരന്‍ തിരിച്ചെത്തിയപ്പോള്‍ കാര്‍ത്തികേയനും ചെന്നിത്തലയും കെ സി വേണുഗോപാലും അടങ്ങുന്ന നേതാക്കള്‍ക്കെതിരെ ലീഡര്‍ക്ക് ഫീഡിംഗ് കിട്ടി. അതോടെ ലീഡര്‍ക്ക് അവര്‍ അനഭിമതരായി. ഐയിലും എയിലുമില്ലാത്ത സ്ഥിതി. അങ്ങനെ അവര്‍ തിരുത്തല്‍വാദികളായി.
പാര്‍ട്ടിയുടെ മുഖ്യധാരയില്‍ നിന്നുകൊണ്ടു തന്നെ സംഘടനയെ ശക്തിപ്പെടുത്തുക എന്ന നിലപാടില്‍ ഉറച്ചുനിന്ന് തിരുത്തേണ്ട മേഖലകള്‍ ചൂണ്ടിക്കാട്ടി തിരുത്തല്‍വാദികള്‍ മുന്നോട്ടു പോയി. ഐ ഗ്രൂപ്പെന്ന് പ്രഖ്യാപിതമായ കരുണാകര പക്ഷത്ത് നിന്ന് എ കെ ആന്റണിയുടെ നേതൃത്വത്തിലുളള പക്ഷത്തിലേക്കുള്ള കൂറുമാറ്റമായി പോലും തിരുത്തല്‍വാദം ആരോപിക്കപ്പെട്ടെങ്കിലും അഭിപ്രായസ്വാതന്ത്ര്യത്തിലൂന്നിയ നിലപാടും വ്യത്യസ്തതയും കൊണ്ട് തിരുത്തല്‍വാദം ശ്രദ്ധ നേടി. തിരുത്തല്‍വാദമുയര്‍ത്തിയ കാര്‍ത്തികേയനും ചെന്നിത്തലയുമെല്ലാം സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എന്നും പ്രാമുഖ്യമുള്ള നേതാക്കളാകുന്നതിനും കാലം സാക്ഷിയായി.

Latest