Connect with us

International

നൈജീരിയയില്‍ മൂന്നിടത്ത് ചാവേര്‍ ആക്രമണം; 42 മരണം

Published

|

Last Updated

മൈദുഗുരി: ബോകോ ഹറാം തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ നൈജീരിയയിലെ മൈദുഗുരിയില്‍ നടത്തിയ മൂന്ന് ബോംബ് ആക്രമണത്തില്‍ ചുരുങ്ങിയത് 42 പേരെങ്കിലും കൊല്ലപ്പെട്ടു. നേരത്തെ മൈദുഗുരി നഗരം പിടിച്ചെടുക്കാന്‍ തീവ്രവാദികള്‍ ശ്രമം നടത്തിയിരുന്നെങ്കിലും സൈന്യം അത് പരാജയപ്പെടുത്തുകയായിരുന്നു. ചാവേര്‍ ആക്രമണങ്ങളായിരുന്നുവെന്നും സംഭവങ്ങളില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ചാവേര്‍ ആക്രമണങ്ങള്‍ നടന്നത് മാര്‍ക്കറ്റുകള്‍ക്ക് നേരെയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പോസ്റ്റ്ഓഫീസ് എന്നറിയപ്പെടുന്ന വളരെ തിരക്കേറിയ ഷോപ്പിംഗ് കേന്ദ്രത്തിന് നേരെയാണ് ഒരു ആക്രമണം നടന്നത്. ഇവിടെ തന്നെ, കഴിഞ്ഞ ദിവസം മറ്റൊരു ചാവേര്‍ ആക്രമണം നടന്നിരുന്നു. ആദ്യത്തെ രണ്ട് സ്‌ഫോടനങ്ങള്‍ നടന്ന് അധികം വൈകാതെ മാര്‍ക്കറ്റിനോട് ചേര്‍ന്ന് മറ്റൊരു സ്‌ഫോടനശബ്ദവും കേട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവ സ്ഥലത്ത് കുതിച്ചെത്തിയ അഞ്ച് ആംബുലന്‍സുകളിലാണ് പരുക്കേറ്റവരെയും മരിച്ചവരെയും ആശുപത്രിയിലേക്ക് നീക്കം ചെയ്തത്. സൈന്യം ആകാശത്തേക്ക് വെടിവെച്ചതായും മാര്‍ക്കറ്റിലേക്ക് ജനങ്ങളെ കടക്കാന്‍ അനുവദിക്കാതെ സുരക്ഷാ വലയം തീര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. ബോകോ ഹറാം തീവ്രവാദികളാണ് പിന്നിലെന്ന് സംശയിക്കുന്നു.

Latest