45 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തു

Posted on: March 8, 2015 10:05 am | Last updated: March 8, 2015 at 11:05 am
SHARE

കറാച്ചി: അതിര്‍ത്തിലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് പാക് നാവിക സേന 45 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു. പാക്കിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി(എം എസ് എ) ആണ് കഴിഞ്ഞ ദിവസം ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. കറാച്ചി നഗരത്തിനടുത്ത് ഇന്ത്യന്‍ തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുകയായിരുന്നുവെന്നാണ് പാക്കിസ്ഥാന്‍ അധികൃതരുടെ വിശദീകരണം. എം എസ് എ ഇവരെ പോലീസിന് കൈമാറി. ഇവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ അറസ്റ്റ് വാര്‍ത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇവരെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്. കൃത്യമായി നിര്‍ണയിക്കാത്ത അറേബ്യന്‍ കടലിലെ അതിര്‍ത്തി ലംഘിക്കുന്നത് മൂലം ഇന്ത്യയും പാക്കിസ്ഥാനും നിരവധി തവണ മറുരാജ്യത്തെ മത്സ്യബന്ധന തൊഴിലാളികളെ അറസ്റ്റ് ചെയ്യാറുണ്ട്. ഇങ്ങനെ അറസ്റ്റിലാകുന്ന തൊഴിലാളികള്‍ മാസങ്ങളോളം ജയിലില്‍ കിടക്കുകയും ചില പ്രത്യേക സാഹചര്യങ്ങളില്‍ മോചിതരാകുകയുമാണ് ചെയ്യുക. പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ന്യൂഡല്‍ഹി സന്ദര്‍ശിച്ച വേളയില്‍ പാക്കിസ്ഥാനില്‍ തടവില്‍ കഴിഞ്ഞിരുന്ന 151 ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ വിട്ടയച്ചിരുന്നു.