Connect with us

Kerala

കാര്‍ത്തികേയന്റെ നിര്യാണത്തില്‍ പ്രമുഖര്‍ അനുസ്മരിക്കുന്നു

Published

|

Last Updated

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ വേര്‍പാട് കേരളത്തിന്റെ പൊതുജീവിതത്തിന് വലിയ നഷ്ടമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. കെ എസ് യു പ്രവര്‍ത്തകനായി പൊതുജീവിതം തുടങ്ങിയത് മുതല്‍ അദ്ദേഹത്തെ അടുത്തറിയാനും ധാരാളം സന്ദര്‍ഭങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുവാനും അവസരമുണ്ടായി. ആത്മാര്‍ഥതയുള്ള പൊതുപ്രവര്‍ത്തകനായിരുന്നു ജി കാര്‍ത്തികേയന്‍. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പല പ്രത്യേകതകളുമുണ്ടായിരുന്നു. വളരെയേറെ വായിക്കും. പൊതുപ്രവര്‍ത്തനത്തിനപ്പുറത്ത് മറ്റു മേഖലകളില്‍ അറിവും സ്വന്തമായ അഭിപ്രായങ്ങളും അദ്ദേഹം പുലര്‍ത്തിയിരുന്നു. പൊതുപ്രവര്‍ത്തകന്‍, ജനപ്രതിനിധി, മന്ത്രി, സ്പീക്കര്‍ എന്നീ നിലകളിലെല്ലാം പ്രത്യേക ശൈലികൊണ്ട് വിജയം നേടി. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ പി സദാശിവം
തിരുവനന്തപുരം സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അനുശോചിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ലിമെന്റേറിയനും ഒപ്പം വിവിധ നിലകളില്‍ മികച്ച പ്രവര്‍ത്തനവും കാഴ്ചവച്ചിട്ടുള്ള കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അഗാധമായി ദുഃഖിക്കുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് കേരളത്തിന് വലിയ നഷ്ടമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്പീക്കറുടെ കുടുംബത്തിനെ ഗവര്‍ണര്‍ അനുശോചനം അറിയിച്ചു.

വി എസ് അച്യുതാനന്ദന്‍
തിരുവനന്തപുരം: രാഷ്ട്രീയത്തിലെയും പാര്‍ലിമെന്ററി രംഗത്തെയും സൗമ്യദീപ്തമായ വ്യക്തിത്വമാണ് ജി കാര്‍ത്തികേയന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. നിയമസഭാ സ്പീക്കര്‍ എന്ന നിലയില്‍ നിഷ്പക്ഷവും നീതിപൂര്‍വകവുമായ നിലപാടുകള്‍ സ്വീകരിച്ച് അദ്ദേഹം സ്പീക്കര്‍ പദവിയുടെ അന്തസ്സും, മാന്യതയും അങ്ങേയറ്റം കാത്തുസൂക്ഷിച്ചു. രാഷ്ട്രീയ എതിരാളികളോട് പോലും സൗമ്യമധുരമായി പെരുമാറാനുള്ള അദ്ദേഹത്തിന്റെ സവിശേഷത സര്‍വരാലും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെന്നും വി എസ് അനുസ്മരിച്ചു.

എ കെ ആന്റണി
കെ എസ് യു പ്രവര്‍ത്തകനായിരുന്ന കാലംമുതല്‍ കാര്‍ത്തികേയനുമായി അടുത്ത ബന്ധമുണ്ടായിരുന്നു….മനുഷ്യസാധ്യമായതെല്ലാം ചെയ്തിട്ടും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല…എറ്റവും അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനും ആയിരുന്നു പ്രിയ ജി.കെ അദ്ദേഹത്തിന്റെ വേര്‍പാട് സംസ്ഥാനത്തിനും കോണ്‍ഗ്രസിനും കനത്ത നഷ്ടമാണ്‍…..പ്രീയപ്പെട്ട കാര്‍ത്തികേയനു ആദരാഞ്ജലികള്‍..

വി എം സുധീരന്‍
തിരുവനന്തപുരം: ജി കാര്‍ത്തികേയന്റെ അകാലത്തിലുള്ള വേര്‍പാട് കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും കേരളസമൂഹത്തിനും കനത്ത നഷ്ടമാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. കെ എസ് യു കാലം മുതല്‍ വേറിട്ട വ്യക്തിത്വം പുലര്‍ത്തിയിരുന്ന സഹപ്രവര്‍ത്തകനായിരുന്നു കാര്‍ത്തികേയന്‍.
എന്നും തന്റെ വിശ്വാസത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് സൗമ്യവും ശക്തവുമായ രീതിയില്‍ അനീതിക്കെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തിയിരുന്നു. പാവങ്ങളോടും സാധാരണക്കാരോടും എന്നും അദ്ദേഹം പ്രതിബദ്ധത പുലര്‍ത്തി. എക്കാലവും ജനങ്ങള്‍ സ്‌നേഹത്തോടെ സ്മരിക്കുന്ന ഒരു മാതൃകാനേതാവാണ് കാര്‍ത്തികേയനെന്നും സുധീരന്‍ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ചിരസ്മരണീയ രാഷ്ട്രീയ വ്യക്തിത്വമായിരുന്നു സ്പീക്കര്‍ ജി കാര്‍ത്തികേയനെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരിച്ചു. ജനാധിപത്യ ഭരണത്തില്‍ നിയമസഭ എന്നത് പ്രതിപക്ഷവും കൂടി ചേര്‍ന്നതാണെന്ന വസ്തുത അംഗീകരിച്ച് നിയമസഭയെ നയിക്കാന്‍ അദ്ദേഹത്തിനായി. സ്പീക്കര്‍ക്ക് സുരക്ഷാ ഭടന്മാരുടെ പ്രത്യേക സംരക്ഷണം എന്ന രീതിക്ക് തന്നെ അദ്ദേഹം മാറ്റം വരുത്തി. നല്ല വായനയും ചിന്തയും കാരണമാകണം കോണ്‍ഗ്രസിനുള്ളില്‍ പലപ്പോഴും മാറ്റത്തിനുവേണ്ടിയുള്ള ശബ്ദമായി കാര്‍ത്തികേയന്‍ മാറിയതെന്നും കോടിയേരി അദ്ദേഹത്തെ അനുസ്മരിച്ചു.

കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: പൊതുരംഗത്ത് മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊണ്ട ഹൃദയശുദ്ധിയുള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു ജി കാര്‍ത്തികേയനെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. നിലപാടുകളില്‍ വിട്ടുവീഴ്ചയ്ക്ക് സന്നദ്ധനാകാതിരിക്കുമ്പോള്‍ തന്നെ വിശാലമായ സൗഹൃദയവലയം സാധ്യമാണെന്ന് അദ്ദേഹം തെളിയിച്ചു.
പതിറ്റാണ്ടുകളോളം ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടും ആരോടെങ്കിലും അദ്ദേഹം പരുഷമായി പെരുമാറുന്ന ഒരു സാഹചര്യത്തിന് സാക്ഷിയാകേണ്ടി വന്നിട്ടില്ല. സംഘര്‍ഷങ്ങളെ പുഞ്ചിരിയോടെ അഭിമുഖീകരിക്കുന്ന അദ്ദേഹം വര്‍ത്തമാനകാല പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍
തിരുവനന്തപുരം: ജനാധിപത്യമൂല്യങ്ങള്‍ക്ക് വില കല്‍പിച്ച കേരള രാഷ്ട്രീയത്തിലെ സമുന്നത വ്യക്തിത്വമായിരുന്നു സ്പീക്കര്‍ ജി കാര്‍ത്തികേയനെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. കാര്‍ത്തികേയനും താനും രണ്ട് രാഷ്ട്രീയ ചേരിയിലായിരുന്നുവെങ്കിലും എപ്പോഴും നല്ല വ്യക്തിബന്ധം കാത്തു സൂക്ഷിച്ചു.
അന്തസുറ്റ രാഷ്ട്രീയ ജീവിതം നയിക്കുമ്പോള്‍തന്നെ രാഷ്ട്രീയ എതിരാളികളോട് വ്യക്തിപരമായ പക പുലര്‍ത്തിയില്ലെന്നത് കാര്‍ത്തികേയനെ വ്യത്യസ്തനാക്കുന്നു. കോണ്‍ഗ്രസിനുള്ളില്‍ നില്‍ക്കുമ്പോള്‍ തന്നെ ചില മൂല്യങ്ങള്‍ക്കുവേണ്ടി പോരാടാനുള്ള രാഷ്ട്രീയശുദ്ധിയും ധീരതയും അദ്ദേഹം പലപ്പോഴും പ്രകടിപ്പിച്ചിരുന്നെന്നും പിണറായി അനുസ്മരിച്ചു.

പിജെ ജോസഫ്
എല്ലാ വിഭാഗം ജനങ്ങളുടെയും സ്‌നേഹം പിടിച്ചുപറ്റിയ നേതാവാണ് ജി കാര്‍ത്തികേയന്‍. സ്പീക്കറായതിന് ശേഷമുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടേയും ആദരവ് പിടിച്ച പറ്റിയ നേതാവാണെന്നും പിജെ ജോസഫ് അനുസ്മരിച്ചു.

വയലാര്‍ രവി
അടുത്ത സുഹൃത്തിനെയാണ് നഷ്ടമയതെന്ന് വയലാര്‍ രവി അനുസ്മരിച്ചു.

കാനം രാജേന്ദ്രന്‍
ജീവിതത്തില്‍ല്‍ ഉന്നത മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച നേതാവായിരുന്നു കാര്‍ത്തികേയന്‍. എല്ലാവരോടും നല്ല ബന്ധം സ്ഥാപിച്ചിരുന്ന മഹാ വ്യക്തിത്വമായിരുന്നു ജി കാര്‍ത്തികേയനെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അനുസ്മരിച്ചു.

എം എ യൂസുഫലി
കൊച്ചി: സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് രാഷ്ട്രീയ കേരളത്തെ പഠിപ്പിച്ച സൗമ്യനായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ജി.കാര്‍ത്തികേയന്‍. മന്ത്രിയെന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും അദ്ദേഹം കാഴ്ചവെച്ച പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും മാതൃകയാണ്. പൊതുരംഗത്ത് ഇനിയും ഏറെക്കാലം പ്രവര്‍ത്തിക്കേണ്ടിയിരുന്ന അദ്ദേഹത്തിന്റെ നിര്യാണം മൂലം പ്രഗദ്ഭനായ ഒരു പൊതുപ്രവര്‍ത്തകനെയാണ് നമുക്ക് നഷ്ടപ്പെട്ടത്. വ്യക്തിപരമായി അടുത്ത ബന്ധമുണ്ടായിരുന്നു അദ്ദേഹത്തെ അവസാനമായി കണ്ടത് കഴിഞ്ഞ ഫെബ്രവരു ആറിന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വെച്ചാണെന്നും യൂസഫലി പറഞ്ഞു.

Latest