വിടവാങ്ങിയത് പാര്‍ട്ടി അധ്യക്ഷ പദവി മോഹം സഫലമാകാതെ

Posted on: March 8, 2015 10:43 am | Last updated: March 8, 2015 at 3:37 pm
SHARE

KARTHIKEYAN WITH RAHUL AND OCതിരുവനന്തപുരം: അധികാരമോഹത്തിന്റെയും കുതികാല്‍ വെട്ടിന്റെയും പ്രായോഗിക രാഷ്ട്രീയത്തില്‍ വിട്ടുവീഴ്ചയിലൂടെയും ത്യാഗത്തിലൂടെയും തന്റെതായ ഇടം കണ്ടെത്തിയ ജി കാര്‍ത്തികേയന്‍ എന്ന രാഷ്ട്രീയ നേതാവ് വിടവാങ്ങിയത് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാകണമെന്ന അദമ്യമായ മോഹം ബാക്കി വെച്ച്.
രാഷ്ട്രീയത്തില്‍ മാന്യതക്കും സ്ഥാനമുണ്ടെന്ന് മലയാളികള്‍ക്ക് തെളിയിച്ചുകൊടുത്ത കാര്‍ത്തികേയന്‍ കെ എസ് യുവിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയത്. പാര്‍ട്ടിയില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് മുതല്‍ കെ പി സി സിയുടെ ഏക വൈസ് പ്രസിഡന്റ് വരെയും, പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ എം എല്‍ എ മുതല്‍ നിയമസഭാ സ്പീക്കര്‍ വരെ ആയെങ്കിലും പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ അധ്യക്ഷ പദം അലങ്കരിക്കുകയെന്നത് അദ്ദേഹത്തിന്റെ ഒരു വലിയ ആഗ്രഹമായിരുന്നു. തന്റെ അടുത്ത സുഹൃത്തുക്കളോട് ഇക്കാര്യം മറച്ചുവെക്കാതിരുന്ന അദ്ദേഹം ഇതിനായി മാനസികമായി തയ്യാറെടുക്കുകയും ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായായണ് സ്പീക്കര്‍ സ്ഥാനത്ത് നിന്ന് രാജി സന്നദ്ധത പാര്‍ട്ടിയേയും മാധ്യമങ്ങലേയും പരസ്യമായി അറിയിച്ചത്. എന്നാല്‍ രാഷ്ട്രീയത്തില്‍ താന്‍ കൈപിടിച്ച് വളര്‍ത്തിക്കൊണ്ടുവന്നവരും, തോളില്‍കൈയിട്ട് നടന്നവരും തന്റെ ആഗ്രഹത്തിന് തടസ്സം നില്‍ക്കുന്ന സാഹചര്യമാണുണ്ടായത്. എന്നാല്‍ വളരെ സൗമ്യമായാണ് ഇതിനെയും അദ്ദേഹം നേരിട്ടത്.
കെ പി സി സി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല സ്ഥാനമൊഴിഞ്ഞപ്പോഴാണ് തന്റെ ആഗ്രഹവുമായി പാര്‍ട്ടിയെ അദ്ദേഹം സമീപിച്ചത്. പാര്‍ട്ടി തന്റെ ആഗ്രഹത്തെ അവഗണിച്ചപ്പോള്‍ പരസ്യമായി രാജി സന്നദ്ധത അറിയിച്ച് കാര്‍ത്തികേയന്‍ നയം വ്യക്തമാക്കി.
എന്നാല്‍, കേരളത്തിലെ രണ്ട് ഗ്രൂപ്പുകളും ഒന്നിച്ച് കാര്‍ത്തികേയന് വേണ്ടി വാദിച്ചെങ്കിലും കേരളത്തിലെ ഗ്രൂപ്പ് വ്യവസ്ഥിതിക്ക് തടയിടാനെന്ന പേരില്‍ ഹൈക്കമാന്‍ഡ് വി എം സുധീരന് അവസരം നല്‍കുകയായിരുന്നു. എന്നാല്‍ കൈവെള്ളയിലെത്തിയ പദവി വഴുതിപ്പോയപ്പോഴും ജി കെ എന്ന സൗമ്യനായ രാഷ്ട്രീയക്കാരന്‍ തന്റെ ആഗ്രഹം ഉള്ളിലൊതുക്കി ഉള്‍വലിയുകയായിരുന്നു. ഇതിനിടെ പാര്‍ട്ടിയില്‍ തനിക്കൊപ്പമുള്ളവരും, തന്റെ താഴെയുള്ളവരും പാര്‍ട്ടി-പാര്‍ലിമെന്ററി രംഗങ്ങളില്‍ ഉന്നത പദവികള്‍ കൈയടക്കിയപ്പോഴെല്ലാം കലഹിക്കാതെ തന്റെ കര്‍ത്തവ്യത്തില്‍ കര്‍മ നിരതനാകുകയായിരുന്നു അദ്ദേഹം. 70 കളുടെ അവസാനത്തില്‍ ജി കാര്‍ത്തികേയന്‍ കെ എസ് യു സംസ്ഥാന അധ്യക്ഷനായിരിക്കുമ്പോള്‍ ആലപ്പുഴ ജില്ലാ ഉപാധ്യക്ഷനായിരുന്നു രമേശ് ചെന്നിത്തല. അവിടെ നിന്ന് സംസ്ഥാന നേതൃനിരയിലേക്ക് രമേശിനെ കൊണ്ടുവന്നത് ജി കാര്‍ത്തികേയനായിരുന്നു. രമേശ് ചെന്നിത്തലക്ക് മാത്രമല്ല, ഇപ്പോള്‍ മുന്‍നിരയിലുള്ള പലനേതാക്കള്‍ക്കും രാഷ്ട്രീയത്തില്‍ ഗുരുസ്ഥാനീയനാണ് കാര്‍ത്തികേയന്‍.
ഗ്രൂപ്പ് രാഷ്ട്രീയം കോണ്‍ഗ്രസിനെ കലുഷിതമാക്കിയ ഇക്കാലയളവില്‍ വിദ്യാര്‍ഥി രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തീരുമാനിച്ച കാര്‍ത്തികേയനെ ലീഡര്‍ കെ കരുണാകരനാണ് പിടിച്ചുനിറുത്തിയത്. ഇതിന് 1978ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഐ ഗ്രൂപ്പിനൊപ്പം നിന്നാണ് കാര്‍ത്തികേയന്‍ തന്റെ കൂറ് തെളിയിച്ചത്. ഇന്ദിരാഗാന്ധി ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് ക്ഷണിക്കപ്പെട്ട നാലുപേരില്‍ ഒരാള്‍ ജി കാര്‍ത്തികേയനായിരുന്നു. പിന്നീട് കെ മുരളീധരനെതിരെ കലഹിച്ച് ലീഡര്‍ക്കെതിരെ ഉയര്‍ന്ന തിരുത്തല്‍വാദപ്രസ്ഥാനത്തിനും നേതൃത്വം നല്‍കി. തുടര്‍ന്ന് വീണ്ടും കെ കരുണാകരനോടും, ഒപ്പം എ കെ ആന്റണിയോടും അടുത്ത കാര്‍ത്തികേയന്‍ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ മിതവാദിയാകുകയും പിന്നീട് ഗ്രൂപ്പില്ലാത്ത നേതാവായി മാറുകയും ചെയ്തു.
രാഷ്ട്രീയം പോലെ തന്നെ കലയെയും സിനിമയെയും സാഹിത്യത്തെയും സ്‌നേഹിച്ച പൊതുപ്രവര്‍ത്തകനായിരുന്നു. എതിരാളികളോട് പോലും ഹൃദ്യമായ പെരുമാറ്റം, ലളിതമായ ജീവിതശൈലി, ആകര്‍ഷമീയമായ പ്രസംഗപാടവം, വിഷയങ്ങളില്‍ ആഴത്തിലുള്ള അറിവ് ഇതെല്ലാം ജി കാര്‍ത്തികേയനെ മറ്റുരാഷ്ട്രീയക്കാരില്‍ നിന്ന് വ്യതിരിക്തനാക്കുന്നു.