Connect with us

Kerala

സംഘര്‍ഷാത്മക യൗവ്വനം

Published

|

Last Updated

 

 

 

 

 

 

 

 

 

നായനാര്‍ മന്ത്രിസഭക്കെതിരെ 1987 യു ഡി ഫ്
സംഘടിപ്പിച്ച സമരത്തില്‍ അന്നത്തെ യു ഡി എഫ് കണ്‍വീനര്‍ ശങ്കരനാരായണനോടപ്പം ജി കാര്‍ത്തികേയന്‍ (ചിത്രം ഫയല്‍)

 

തിരുവനന്തപുരം: വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ആകര്‍ഷിക്കുന്നതില്‍ കാര്‍ത്തികേയന്റെ മിടുക്ക് പ്രസിദ്ധമാണ്. രാഷ്ട്രീയത്തില്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും ചെറുപ്പകാലം ഐ എ എസിനോടായിരുന്നു കമ്പം. എസ് എസ് എല്‍ സി പഠനം കഴിഞ്ഞ് ഈ ആഗ്രഹവും മനസ്സില്‍ വെച്ചാണ് കൊല്ലം എസ് എന്‍ കോളജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നത്. എന്നാല്‍, ഒരു നിയോഗം പോലെ ചില സ്‌നേഹ നിര്‍ബന്ധങ്ങളുടെ ഭാഗമായി പ്രീഡിഗ്രി വിഭാഗത്തിന്റെ ചെയര്‍മാനായി മത്സരിച്ചു, ജയിച്ചു. അതോടെ ഐ എസ് എസ് മോഹത്തിന് മേല്‍ രാഷ്ട്രീയം വിജയിച്ചു. ബിരുദ പഠനകാലത്തോടെ രാഷ്ട്രീയത്തില്‍ വേരുറച്ചു. മൂന്നു തവണയും എസ് എന്‍ കോളജില്‍ ചെയര്‍മാനായി. കെ എസ് യുവിന്റെ സംസ്ഥാന നേതൃനിരയിലേക്ക് വളര്‍ന്നു. തിരുവഞ്ചൂര്‍, എം എം ഹസ്സന്‍, പി സി ചാക്കോ, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം അറിയപ്പെടുന്ന പേരുകാരനായി. വൈകാതെ കെ എസ് യു പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവികളിലേക്കെത്തി. കെ എസ് ആര്‍ ടി സി ഉപദേശകസമിതി അംഗമെന്ന നിലയിലുള്ള സൗജന്യപാസ് ഉപയോഗിച്ച് കേരളത്തിലാകെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങി. വിദ്യാര്‍ഥികളും യുവജനങ്ങളും കൂടെ കൂടി. ഘടകകക്ഷികളെ ഒഴിവാക്കി കോണ്‍ഗ്രസ് മാത്രം ഭരിക്കണമെന്ന് വാദിക്കുന്ന ഏകകക്ഷിഭരണ സിദ്ധാന്തത്തിന് പിന്നില്‍ ജി കാര്‍ത്തികേയനെന്ന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു. തേടിയെത്തിയ പദവികള്‍ പലതും അവസാനനിമിഷം അട്ടിമറിക്കപ്പെട്ടതും രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗം. കേരളാ സര്‍വകലാശാല ചെയര്‍മാന്‍ പദവി മുതല്‍ കെ പി സി സി പ്രസിഡന്റ് പദവി വരെ ഇതിനുദാഹരണം. കേരള സര്‍വകലാശാല ചെയര്‍മാന്‍ പദവി അട്ടിമറിക്കപ്പെട്ട കഥ കാര്‍ത്തികേയന്റെ അടുപ്പക്കാര്‍ എന്നും ഓര്‍മ്മിക്കാറുണ്ട്. എം ജി യൂനിവേഴ്‌സിറ്റി വരും മുമ്പേ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള കോളജുകള്‍ കേരള സര്‍വകലാശാലക്ക് കീഴിലായിരുന്നു. കോട്ടയത്ത് ചേര്‍ന്ന കെ എസ് യു യോഗം കേരള യൂനിവേഴ്‌സിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് കാര്‍ത്തികേയന്റെ പേരാണ്. മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയുമായി. പിറ്റേദിവസം വയലാര്‍ രവി ഡല്‍ഹിയില്‍ നിന്നെത്തി നീലലോഹിതദാസന്‍ നാടാരെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ ഏവരും അമ്പരന്ന് പോയി. കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടന്നിരുന്ന കാലത്ത് എ കെ ആന്റണിക്കെതിരെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് ഐ ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥി കാര്‍ത്തികേയനെ പരിഗണിച്ചപ്പോഴും അവസാന നിമിഷം ആന്റണി പക്ഷത്ത് നിന്ന് സാക്ഷാല്‍ വയലാര്‍ രവിയെ പിടിച്ചാണ് സ്ഥാനാര്‍ഥിയാക്കിയത്. കരുണകാരന്റെ ഈ നീക്കവും കാര്‍ത്തികേയനെ അലോസരപ്പെടുത്തിയില്ല.

രാഷ്ട്രീയ ജീവിതം പോലെ തന്നെ വേറിട്ടതായിരുന്നു വിവാഹവും. കെ എസ് യു പ്രസിഡന്റായിരിക്കെയാണ് സഹധര്‍മിണിയായ സുലേഖയെ ആദ്യമായി കാണുന്നത്. പിന്നെ മെല്ലെ പ്രണയത്തിലേക്ക് വഴുതി. പഠനത്തിന് ശേഷം സുലേഖക്ക് മഞ്ചേരി എന്‍ എസ് എസ് കോളജില്‍ ജോലികിട്ടിയതോടെ വീട്ടുകാര്‍ വേറെ വിവാഹം ഉറപ്പിക്കുന്ന ഘട്ടമെത്തി. വിവരം അറിഞ്ഞതോടെ തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തെത്തി സുലേഖയെ വിളിച്ചിറക്കി കൂടെക്കൂട്ടി. എം പി ഗംഗാധരന്റെ വീട്ടില്‍ നിന്ന് ഉച്ചഭക്ഷണവും കഴിഞ്ഞ് അന്ന് മലപ്പുറം ഡി സി സി പ്രസിഡന്റായിരുന്ന ടി കെ ഹംസ കൊടുത്ത 50 രൂപയുമായി തിരുവനന്തപുരത്തേക്ക് ബസ് കയറി. കരുണാകരന്റെ ആശിര്‍വാദത്തോടെ തിരുവനന്തപുരത്ത് വിവാഹ ചടങ്ങും നടത്തി.

Latest