നിയമസഭയുടെ മുഖം നവീകരിച്ച സ്പീക്കര്‍

Posted on: March 8, 2015 10:31 am | Last updated: March 8, 2015 at 10:31 am
SHARE

g-karthikeyan1തിരുവനന്തപുരം: പ്രതിപക്ഷം ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് നടുത്തളത്തിലേക്ക് നീങ്ങിയാല്‍ മതി, വാച്ച് ആന്‍ഡ്‌വാര്‍ഡ് സ്പീക്കറുടെ ഡയസിന് മുന്നില്‍ വേലി തീര്‍ക്കുന്നതായിരുന്നു പതിവ്. പ്രതിപക്ഷത്തേക്കാള്‍ ഉശിരായിരുന്നു വാച്ച് ആന്റ് വാര്‍ഡിന്റെ ഈ വരവിന്. ഇങ്ങിനെയൊരു വേലി കെട്ടല്‍ നിര്‍ത്തിയത് ജി കാര്‍ത്തികേയനാണ്. പ്രതിപക്ഷം പ്രതിഷേധിക്കട്ടെ, വാച്ച് ആന്റ് വാര്‍ഡ് ഇടപെടേണ്ട. പ്രതിഷേധം അതിര് വിടുന്നുവെങ്കില്‍ ജനം അത് കണ്ട് വിലയിരുത്തട്ടെ, ഇതായിരുന്നു കാര്‍ത്തികേയന്റെ തീരുമാനം. വനിതാ വാച്ച് ആന്റ് വാര്‍ഡിനെ രണ്ട് പ്രതിപക്ഷ എം എല്‍ എമാര്‍ കൈയേറ്റം ചെയ്‌തെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ജി കാര്‍ത്തികേയന്റെ ഈ തീരുമാനം. നിയമസഭയിലെ പല പതിവ് കീഴ്‌വഴക്കങ്ങളും കാലോചിതമായി പരിഷ്‌കരിക്കുന്നതിനും കാര്‍ത്തികേയന്‍ മുന്‍കൈയെടുത്തു. ലൈവ് വെബ് കാസ്റ്റിംഗാണ് ഇതില്‍ പ്രധാനം.
സഭാനടപടികള്‍ പൂര്‍ണമായും നിയമസഭയുടെ വെബ്‌സൈറ്റ് വഴി ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയതിന് പിന്നില്‍ ജി കാര്‍ത്തികേയന്റെ ശ്രമമാണ്. സഭയിലെ നടപടിക്രമങ്ങള്‍ ജനങ്ങള്‍ പൂര്‍ണമായി കാണട്ടെയെന്നായിരുന്നു അദ്ദേഹം സ്വീകരിച്ച നിലപാട്. ഇതിനായി സഭയിലെ ക്യാമറ സംവിധാനങ്ങള്‍ പൂര്‍ണമായി നവീകരിച്ചു. നിയമസഭയില്‍ ലാപ്‌ടോപ്പ് ഐ പാഡ് തുടങ്ങിയവ എം എല്‍ എമാര്‍ക്ക് കൊണ്ടുവരാമെന്ന തീരുമാനം എടുത്തതും കാര്‍ത്തികേയനായിരുന്നു. മുമ്പ് ഇതിനെല്ലാം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സഭാപ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷത്തിന് മാന്യമായ അവസരം നല്‍കുന്നതിലും ശ്രദ്ധപുലര്‍ത്തി. ചട്ടവിരുദ്ധമായ കാര്യങ്ങളില്‍ ഇരുപക്ഷത്തെയും ഒരു പോലെ ശാസിച്ചു. നിയമസഭക്ക് കീഴില്‍ പാര്‍ലിമെന്ററി പരിശീലന കേന്ദ്രം തുടങ്ങിയതും കാര്‍ത്തികേയന്റെ ശ്രമഫലമായാണ്. പൊതുജനങ്ങള്‍ക്കായി പ്രത്യേക കോഴ്‌സ് തന്നെ തുടങ്ങി. മാധ്യമപ്രവര്‍ത്തകര്‍ക്കും എം എല്‍ എമാര്‍ക്കും നിരന്തര പരിശീലനത്തിന് സംവിധാനമൊരുക്കി. പ്രത്യേകചോദ്യം, പ്രത്യേക ചര്‍ച്ചകള്‍ തുടങ്ങി സഭാചട്ടങ്ങള്‍ അനുശാസിക്കുന്നതും എന്നാല്‍ ആരും ഉപയോഗിക്കാത്തതുമായ അവസരങ്ങള്‍ സാമാജികര്‍ക്ക് നല്‍കുന്നതില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തി. ബഹളങ്ങള്‍ മൂലം ചര്‍ച്ചകള്‍ നടക്കാതെ ബില്ലുകള്‍ പാസാകുന്നതില്‍ പലപ്പോഴും അദ്ദേഹം വ്യാകുലപ്പെട്ടു. ഇക്കാര്യത്തിലുള്ള പരാതി ഇരുപക്ഷത്തെയും നിരന്തരം ഓര്‍മ്മിപ്പിച്ച് കൊണ്ടിരുന്നു.
നിയമസഭയെ ഹരിതാഭമാക്കുന്നതിനായി പ്രത്യേക പദ്ധതി നടപ്പാക്കി. വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ അപൂര്‍വയിനം തൈകള്‍ സഭാവളപ്പില്‍ കൊണ്ടുവന്നു നട്ടു. സൗരോര്‍ജ്ജത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയും മഴക്കുഴി ഉള്‍പ്പെടെയുള്ള ജലസംഭരണികള്‍ നിര്‍മിച്ചു സഭയെ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കി. പ്രമുഖരുടെ പ്രഭാഷണ പരമ്പര തുടങ്ങിയതും കാര്‍ത്തികേയന്റെ പ്രവര്‍ത്തന ഫലം തന്നെ. നിയമസഭയില്‍ പുതിയ മ്യൂസിയം തുറക്കുകയും സഭാപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പ്രത്യേക ഡോക്യുമെന്ററി തയ്യാറാക്കുകയും ചെയ്തു.